നാലാം ലോക കപ്പ്, എഎഫ്സി സംയുക്ത യോഗ്യതാ മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യൻ സീനിയർ ദേശീയ ഫുട്ബോൾ ടീം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഹോം മത്സരത്തിൽ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. നിലവിൽ ഗ്രൂപ്പ് എയിൽ നാലു പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ടീം. മൂന്നു മത്സരങ്ങളിൽ നിന്ന് അവസാന മത്സരത്തിൽ നേടിയ ഒരു പോയിന്റുമായി റാങ്കിങ്ങിൽ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യ 117ആം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 158ആം സ്ഥാനത്തുമാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ 150ആം രാജ്യാന്തര മത്സരം കൂടിയാണിത്.

നാലു ദിവസങ്ങൾക്ക് മുൻപ് സൗദി അറേബിയയിൽ നടന്ന എവേ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് വിജയവും മൂന്നു പോയിന്റുകളും ഇന്ത്യക്ക് അനിവാര്യമാണ്.

സമീപകാലയളവിൽ വളരെ മോശം പ്രകടനമാണ് അഫ്ഗാനിസ്ഥാൻ കാഴ്ചവക്കുന്നതെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നയാണ്. അഫ്ഗാനിസ്ഥാൻ അവസാന പതിമൂന്നു കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ മംഗോളിയയ്‌ക്കെതിരെയായിരുന്നു ടീമിന്റെ രണ്ട് വിജയങ്ങളും. എഎഫ്‌സി ഏഷ്യൻ കപ്പിന്റെ പുതിയ സീസണിൽ യോഗ്യത നേടുന്നതിലും അവർ പരാജയപ്പെട്ടു.

സീനിയർ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇതുവരെ 12 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഈ മത്സരങ്ങളിൽ ഏഴു വിജയങ്ങളാണ് ഇന്ത്യ നേടിയത്. ഇന്ത്യക്കെതിരെ വെറും ഒരു തവണ മാത്രമാണ് ഈ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് വിജയിക്കാനായത്. നാലു ദിവസം മുമ്പ് ഇരു ടീമുകളും സൗദി അറേബിയയിൽ ഏറ്റുമുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു. പന്ത്രണ്ട് മത്സരങ്ങളിലായി ഇന്ത്യ ഇരുപത് ഗോളുകൾ നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ വെറും ഏഴു ഗോളുകളാണ് നേടിയത്.

ഹെഡ് റ്റു ഹെഡ്

കളിച്ച മത്സരങ്ങൾ: 12

ഇന്ത്യ വിജയിച്ചത്: 7

അഫ്ഗാനിസ്ഥാൻ വിജയിച്ചത്: 1

സമനില: 4

ഇന്ത്യയുടെ ഗോളുകൾ: 20

അഫ്ഗാനിസ്ഥാൻ ഗോളുകൾ: 7

സാധ്യതാ നിര

അഫ്ഗാനിസ്ഥാൻ: അസീസി; നസാരി, ഹനീഫി, അമീരി, അസ്കർ; അസെക്‌സായ്, സ്കന്ദരി, പോപൽസയ്, ആസാദ്‌സോയ്; ഷരീഫി, അരീസൗ

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു; രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, അൻവർ അലി, സുഭാഷിഷ് ബോസ്; ലാലെങ്‌മാവിയ റാൾട്ടെ, ജീക്‌സൺ സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്; ലാലിൻസുവാല ചാങ്‌തെ, സുനിൽ ഛേത്രി, നൗറെം മഹേഷ് സിംഗ്

മത്സരത്തിന്റെ വിശാദാംശങ്ങൾ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരം മാർച്ച് 26, 2024 ഇന്ത്യൻ സമയം 01:30 PM ISTന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കും. മത്സരം ഫാൻകോഡ് ആപ്പിലും സ്‌പോർട്‌സ് 18-ലും, ജിയോ സിനിമയിലും തത്സമയം സംപ്രേഷണം ചെയ്യും.