ജനുവരി പതിമൂന്ന് ശനിയാഴ്ച ഖത്തർ ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി കപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി ഇന്ത്യ. ഓസ്‌ട്രേലിയക്കായി ജാക്‌സൺ ഇർവിനും ജോർദാൻ ബോസും ഗോളുകൾ നേടി.

ആരംഭനിര

ഇന്ത്യ: ഗുർപ്രീത് (ജികെ), ഭേക്കെ, ബോസ്, ജിംഗൻ, സുരേഷ്, മൻവീർ, ഛേത്രി (സി), ചാങ്‌തെ, റാൾട്ടെ, പൂജാരി, താങ്‌രി

ഓസ്‌ട്രേലിയ: റയാൻ (സി) (ജികെ), റൗൾസ്, ബോയിൽ, മെറ്റ്കാൾഫ്, ഡ്യൂക്ക്, ബെഹിച്ച്, ബാക്കസ്, സൗത്താർ, ഇർവിൻ, ഗുഡ്വിൻ, ജോൺസ്

ശക്തമായ താരനിരയോടെ 4-2-3-1 ഫോര്‍മേഷനിലിൽ ഇന്ത്യ കളത്തിലിറങ്ങിയപ്പോൾ അതേ ഫോര്‍മേഷനാണ് ഓസ്‌ട്രേലിയയും സ്വീകരിച്ചത്. ആദ്യ പകുതിയിൽ ഇരു വശത്തിനും ഒന്നിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 16ആം മിനിറ്റിൽ പൂജാരിയുടെ ക്രോസിൽ സുനിൽ ഛേത്രിയുടെ മികച്ച ഒരു ഹെഡ്ഡർ നിർഭാഗ്യവശാൽ വലയിലെത്തിയില്ല.

37ആം മിനുട്ടില്‍ ഓസ്‌ട്രേലിയക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഇന്ത്യന്‍ പ്രതിരോധനിര കൃത്യമായി തടഞ്ഞു. മത്സരത്തിലുടനീളം പന്തിന്റെ നിയന്ത്രണം ഭൂരിഭാഗവും ഓസ്‌ട്രേലിയക്കൊപ്പമായിരുന്ന്നെങ്കിലും ആദ്യ പകുതിയിൽ ഓസ്‌ട്രേലിയയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ ഇന്ത്യക്കായിയെന്നുവേണം പറയാൻ. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയ മത്സരത്തിലേക്ക് കൂടുതൽ കരുത്തോടെ മടങ്ങിയെത്തി. തുടർന്ന് 50ആം മിനിറ്റിൽ ഓസ്‌ട്രേലിയൻ താരം ജാക്‌സൺ ഇർവിൻ ടീമിനായി ആദ്യ ഗോൾ നേടി. ഇടത് വശത്ത് നിന്ന് പോസ്റ്റിലേക്ക് ഉയര്‍ന്നെത്തിയ പന്തിനെ ഇന്ത്യന്‍ ഗോളില്‍ ഗുര്‍പ്രീത് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് വീണ്ടും ഇര്‍വൈന്റെ കാലിലെത്തി. ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്ന രണ്ട് പ്രതിരോധ താരങ്ങൾക്ക് അവസരം നൽകാതെ ഇര്‍വൈന്റെ ഷോട്ട് വലതുളച്ചു.

തുടർന്ന് 73ആം മിനിറ്റിൽ ജോർദാൻ ബോസ് ലീഡ് നില 2-0ലേക്കുയർത്തി. 80ആം മിനുട്ടില്‍ ഓസ്‌ട്രേലിയക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗുർപ്രീത് തടഞ്ഞത് ലീഡ് നില ഉയര്തിരിക്കാൻ കാരണമായി. ശേഷം മറ്റൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടു ഗോളുകൾക്ക് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കി.

ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിൽ ഇടം നേടിയ റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള ടീമാണ് ഇന്ത്യ. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് പതിനാറാം റൗണ്ടിലേക്ക് കടക്കുക. അഞ്ച് ദിവസത്തിന് ശേഷം ജനുവരി 18-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം ഉസ്‌ബെക്കിസ്ഥാനെയും അതെ ദിവസം ഓസ്‌ട്രേലിയ സിറിയയെയും നേരിടും