ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഉസ്‌ബെക്കിസ്ഥാനെ നേരിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് നിരാശാജനകമായ തോൽവിയാണ് ഇന്ത്യൻ ടീം വഴങ്ങിയത്.

ഇഗോർ സെർഗീവ്, ഷെര്‍സോദ് നസ്റുല്ലോവ് എന്നിവരാണ് ഉസ്‌ബെക്കിസ്ഥാൻ ടീമിനായി ഗോൾ നേടിയത്. ഇത് ഇന്ത്യൻ ടീമിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണ്. എഎഫ്‌സി ഏഷ്യൻ കപ്പ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയോട് രണ്ടു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ആരംഭനിര

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കൻ, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, സുരേഷ് സിംഗ്, മൻവീർ സിംഗ്, സുനിൽ ഛേത്രി, അപുയ, നിഖിൽ പൂജാരി, മഹേഷ് സിംഗ് നൗറെം.

ഉസ്‌ബെക്കിസ്ഥാൻ: യൂസുപോവ്, സെയ്ഫീവ്, ഷുകുറോവ്, സാംറോബെക്കോവ്, മഷാരിപോവ്, ഉറുനോവ്, നസ്രുല്ലേവ്, എഷ്മുറോഡോവ്, സെർജീവ്, ഫൈസുല്ലേവ്, ഖുസനോവ്

ആരംഭ നിരയിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീമിറങ്ങിയത്. ഗോൾകീപ്പിങ്ങിൽ ഗുര്‍പ്രീത് സിംഗ് സന്ധുവും മുന്നേറ്റത്തിൽ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം മന്‍വീര്‍ സിംഗും മഹേഷ് സിംങ്ങുമിറങ്ങി. നിഖില്‍ പൂജാരി, സന്ദേശ് ജിങ്കന്‍, രാഹുല്‍ ഭേക്കേ, ആകാശ് മിശ്ര എന്നിവർ പ്രതിരോധത്തിലും സുരേഷ് സിംഗ് വാങ്ജം, അനിരുത്ഥ് ഥാപ്പ, ലാലങ്‌മാവിയ എന്നിവർ മധ്യനിരയിലും ഇടം നേടി. മലയാളി താരം രാഹുല്‍ കെ പി പകരക്കാരുടെ നിരയിലിടം പിടിച്ചു.

കഴിഞ്ഞ മത്സരത്തിൽ നിന്ന് വിപരീതമായി ആദ്യ പകുതിയിലാണ് ഇന്ത്യൻ ടീം മൂന്നു ഗോളുകളും വഴങ്ങിയത്. നാലാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഉസ്‌ബെക്കിസ്ഥാൻ താരം ഫൈസുല്ലാവിന്റെ ഷോട്ടാണ് വലതുളച്ചത്. പതിനെട്ടാം മിനിറ്റിൽ രണ്ടാം ഗോളും ഉസ്‌ബെക്കിസ്ഥാൻ നേടി. ഇന്ത്യൻ പ്രതിരോധ നിരയെ മറികടന്ന്, ഉസ്‌ബെക്കിസ്ഥാൻ താരം സെർജീവ് നൽകിയ ഷോട്ടാണ് ഗോളായത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മൂന്നാം ഗോൾ ഇന്ത്യ വഴങ്ങിയത്. ഷെര്‍സോദ് നാസ്‌റുല്ലോയാണ് ഉസ്‌ബെക്കിസ്ഥാനായി വീണ്ടും ലീഡുയർത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അൻപതാം മിനിറ്റിൽ മലയാളി താരം രാഹുൽ കെപിയുടെ ഹെഡ്ഡെർ നിർഭാഗ്യവശാൽ പോസ്റ്റിൽ തട്ടിത്തെറിച്ചത് ഇന്ത്യൻ ടീമിന് വിനയായി. എഴുപത്തിയൊന്നാം മിനിറ്റിൽ രാഹുലിന്റെ മറ്റൊരു ഹെഡ്ഡെർ ഉസ്‌ബെക്കിത്താൻ ഗോൾകീപ്പർ തടഞ്ഞു. എഴുപത്തിരണ്ടാം മിനുറ്റില്‍ രാഹുല്‍ ഭേക്കേയുടെ ഹെഡറും വലയിലെത്തിയില്ല. ഇഞ്ചുറി ടൈമിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ടീം തോൽവി വഴങ്ങി.

ജനുവരി 23 ചൊവ്വാഴ്ച സിറിയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.