സൗദി അറേബ്യയിലെ അഭയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് നിരാശാജനകമായ സമനില. ഫിഫ ലോകകപ്പ് റൗണ്ട്‌ 2 യോഗ്യതാ മത്സരങ്ങളിലെ ഗ്രൂപ്പ് എയിലെ എവേ മത്സരത്തിലാണ് ഇന്ത്യ സമനില വഴങ്ങിയത്. ലഭിച്ച അവസരങ്ങൾ കൃത്യമായി വിനയോഗിക്കാൻ സാധിക്കാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 
 
ആദ്യ പകുതിയിൽ മൻവീർ സിങ് രണ്ടു തവണ ഗോൾ സ്കോറിങ്ങിന് വളരെ അടുത്തെത്തിയെങ്കിലും ഫലവത്തായില്ല. ചാങ്‌തെ, മൻവീർ സിങ്, നിഖിൽ പൂജാരി എന്നിവരുടെ കൂട്ടായ പരിശ്രമം വിജയകരമായിരുന്നെകിലും അവസാന നിമിഷങ്ങളിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. നാല്പത്തിയൊന്നാം മിനിറ്റിൽ പൂജാരിയുടെ ക്രോസിൽ മൻവീർ സിംഗിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ജബാർ ഷാർസയിലൂടെ ലീഡ് നേടാൻ അഫഗാനിസ്ഥാൻ ടീമിന് നല്ലൊരവസരം ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു സമയോചിതമായി ആ പന്ത് പഞ്ച് ചെയ്തകറ്റി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 
 
രണ്ടാം പകുതിയിൽ തുടക്കം മുതൽതന്നെ പോസെഷൻ നിലനിർത്തിക്കൊണ്ടു തന്നെ ഇന്ത്യ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു.  രണ്ടാം പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും അവസാന മൂന്നിലെ കൃത്യതയില്ലായ്‌മ വിനയായതിനാൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. അറുപത്തിരണം മിനിറ്റിൽ സുബാഷിഷ് ബോസിൽ നിന്ന് റഹ്മത് അക്ബാരി പിടിച്ചെടുത്ത ത്രൂബോൾ ഒമിദ്‌ പോപ്പൽസെയിലേക്ക് പാസ് ചെയ്‌തെങ്കിലും ഇന്ത്യൻ പ്രതിരോധം ആ നീക്കം കൃത്യമായി തടുത്തു.  
 
എഴുപത്തിയെട്ടാം മിനിറ്റിൽ ഇന്ത്യക്ക് മത്സരത്തിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഒരവസരം ലഭിച്ചെങ്കിലും ബോക്സിനുള്ളിൽ ക്ലോസ് റേഞ്ചിൽ തൊടുത്ത ഹെഡ്ഡെറിന് വലതുളക്കാനാനാകാത്തതിനാൽ ഇന്ത്യക്ക് സ്കോർ ചെയ്യാനായില്ല.  ലിസ്റ്റൻ കൊളാക്കോ, ബ്രാൻഡൻ ഫെർണാണ്ടസ്, നവോരേം മഹേഷ് സിങ് എന്നിവരെയിറക്കി മാറ്റം കൊണ്ടുവരാൻ സ്ടീമാക് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 
 
ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. 
 
2024 മാർച്ച് 26ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഹോം മത്സരം.