ഖത്തർ ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ജനുവരി പതിമൂന്ന് ശനിയാഴ്ച എഎഫ്സി കപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി ഇന്ത്യ. ഓസ്‌ട്രേലിയക്കായി ജാക്‌സൺ ഇർവിനും ജോർദാൻ ബോസും ഗോളുകൾ നേടി. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റീമാക് പങ്കെടുത്തു.

മത്സരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവച്ച ഇഗോർ പറഞ്ഞു,  “പ്രതീക്ഷിച്ചതുപോലെ, ഓസ്‌ട്രേലിയയുടെ ശാരീരികക്ഷമത കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള മത്സരമായിരുന്നുവിത്. ഞങ്ങൾ കോർണറുകളിൽ നിന്ന് കഷ്ടപ്പെട്ടു. എന്നാൽ മൊത്തത്തിൽ പ്രകടനം പോസിറ്റീവ് ആയിരുന്നു. ഫലത്തിൽ ഞങ്ങൾക്ക് സന്തോഷമില്ല, കാരണം അവർക്ക് ലഭിച്ച രണ്ട് ഗോളുകളും ഞങ്ങളുടെ അലസമായ പ്രകടനത്തിന്റെ ഫലമായിരുന്നു."

"ആദ്യ പകുതിയിൽ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടിയതിനാൽ പരിശീലകനെന്ന നിലയിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ രണ്ടാം പകുതി മികച്ചതായിരുന്നില്ല. സെക്കൻഡ് പാസുകൾ ചെയ്യാനും ഹാഫ് ലൈനിനു മുകളിലൂടെ പോകാനും ഞങ്ങൾക്ക് കഴിഞ്ഞില്ല. ഓസ്‌ട്രേലിയൻ കളിക്കാരുടെ അനുഭവസമ്പത്ത് ഞങ്ങളെ പലപ്പോഴും പിന്തിരിപ്പിച്ചു, കാരണം അവർ മികച്ചവരാണ്. ഇപ്പോൾ ഞങ്ങൾ അടുത്ത രണ്ട് മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

“ഇന്ത്യയ്ക്ക് എല്ലാ കളിക്കാരും ലഭ്യമായിരുന്നെങ്കിൽ ഇത്ര നിരാശാജനകമായിരിന്നിരിക്കില്ല സ്ഥിതി. ഞങ്ങൾക്കെന്താണ് സംഭവിക്കുന്നതെന്ന് അറിയാമായിരുന്നു. ഞങ്ങൾ പരിശീലന സെഷനുകൾ നടത്തുകയും ഞങ്ങളുടെ ആൺകുട്ടികളെ നിരവധി ക്രോസുകൾക്കായി തയ്യാറാക്കുകയും ചെയ്തു.” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“ഞങ്ങൾ മിഡ്ഫീൽഡിൽ വിവിധ ഓപ്ഷനുകൾ പരീക്ഷിക്കുകയായിരുന്നു. സുരേഷിനും അപ്പൂയയ്ക്കും മാത്രം പ്രശ്‌നങ്ങൾ തടയാൻ കഴിയില്ലെന്ന് വ്യക്തം. ഒന്നുകിൽ പത്താം സ്ഥാനത്ത് മികച്ച ഓപ്ഷൻ ഇല്ലാതെ റിസ്ക് എടുക്കുക, അല്ലെങ്കിൽ പരിശീലന സെഷനുകളിൽ മിടുക്കനായ ദീപക്കിനൊപ്പം പോകുക. അവൻ ഞങ്ങളുടെ ഏറ്റവും ആത്മവിശ്വാസമുള്ള കളിക്കാരനാണ്. അദ്ദേഹത്തിന്റെ പാസ്, ഡിഫെൻസ് കപ്പാസിറ്റി, മനോഭാവം എന്നിവ ശ്രദ്ധേയമായിരുന്നു.” ദീപക് താംഗ്രിയുടെ പ്രകടനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

ഉസ്ബെക്കിസ്ഥാനെതിരെയുള്ള വരാനിരിക്കുന്ന മത്സരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.“ഉസ്ബെക്കിസ്ഥാനെ എതിരാളികളായി വിശകലനം ചെയ്യാൻ ഞങ്ങൾക്ക് മൂന്ന് ദിവസമുണ്ട്. അവരുടെ അവസാന അഞ്ച് മത്സരങ്ങൾ ഞാൻ നന്നായി വീക്ഷിച്ചു, അവരുടെ ശക്തിയെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അവർ എത്ര വേഗമേറിയതും ശക്തവുമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഞങ്ങൾ സ്വയം പ്രവർത്തിക്കേണ്ടതുണ്ട്.”

ഇന്ത്യയുടെ പാസിംഗ് മികച്ചതായിരിക്കേണ്ടതുണ്ടെന്നും അടുത്ത മത്സരത്തിൽ ചില മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ പാസിംഗ് മികച്ചതായിരിക്കണം. കുറച്ച് മാറ്റങ്ങൾ വരും. ഞങ്ങൾ കൂടുതൽ ആക്രമണകാരികളായ ടീമായി മാറി മത്സരത്തെ സമീപിക്കാനുള്ള വഴി കണ്ടെത്താനും വിജയിക്കാൻ ശ്രമിക്കും.” അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിൽ ഇടം നേടിയ ഇന്ത്യ റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള ടീമാണ്. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് ടീമുകളും, നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് പതിനാറാം റൗണ്ടിലേക്ക് കടക്കുക. അഞ്ച് ദിവസത്തിന് ശേഷം ജനുവരി 18-ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം ഉസ്‌ബെക്കിസ്ഥാനെയും അതെ ദിവസം ഓസ്‌ട്രേലിയ സിറിയയെയും നേരിടും.