എടി‌കെ മോഹൻ‌ ബഗാനിൽ‌ നിന്നും യുവതാരം സുഭ ഘോഷിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ കളിച്ച ഈ യുവതാരം ഐ-ലീഗിന്റെ രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ചേരുന്നതിന് മുമ്പ് കിബു വികുനയുടെ നേതൃത്വത്തിൽ ഐ-ലീഗ് കിരീടം നേടിയ മോഹൻ ബഗാൻ ടീമിലേക്ക് ലോണിൽ പോയ താരമാണ് ശുഭ ഘോഷ്.

കഴിഞ്ഞ സീസണിൽ ഐ-ലീഗ് കിരീട ജേതാക്കളായ മോഹൻ ബഗാൻ ടീമിന്റെ ഭാഗമായിരുന്നു സുഭ ഘോഷ്. 8 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിയിരുന്നെങ്കിലും, താരത്തിന് ഈ സീസണിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് മാറുന്നതിന് മുൻപായി ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ എടി‌കെ‌എം‌ബിക്കായി ഒരു തവണ പോലും താരം കളത്തിലിറങ്ങിയിരുന്നില്ല.

ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനെത്തുടർന്നുള്ള സന്തോഷം ശുഭ ഘോഷ് പങ്കുവച്ചു.“ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്. എനിക്ക് ഒരു പുതിയ കുടുംബം ലഭിച്ചു. ഗോളുകൾ നേടാനും മത്സരങ്ങളിൽ വിജയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ഞാൻ നന്ദിയുള്ളവനാണ്. അതിൽ ഏറ്റവും പ്രധാനമായി എനിക്ക് ഈ അവസരം നൽകിയതിന് കിബു സാറിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധക വൃന്ദത്തെ രസിപ്പിക്കാനും അവരുടെ സ്നേഹവും പിന്തുണയും നേടാനും ഞാൻ ആഗ്രഹിക്കുന്നു.” കരാർ ഒപ്പിട്ട ശേഷം ശുഭ ഘോഷ് പറഞ്ഞു.

ശുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമായതിൽ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസും സന്തോഷം പ്രകടിപ്പിച്ചു. ഐ‌എസ്‌എല്ലിന്റെ വരും മാസങ്ങളിൽ ഈ യുവതാരം മെച്ചപ്പെടുന്നത് കാണുമെന്നും അതിൽ താൻ ആവേശഭരിതനാണെന്നും സ്കിങ്കിസ് പറഞ്ഞു. "ശുഭ ഞങ്ങളുടെ ടീമിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഒരു സ്വാഭാവികമായ ഗോൾ സ്‌കോററായ സ്‌ട്രൈക്കറാണ്. കഴിഞ്ഞ സീസണിൽ കിബു അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. കിബുവിന് ശുഭയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ”കരോലിസ് സ്കിങ്കിസ് പറഞ്ഞു.