JRD ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 2024 മാർച്ച് 30 വൈകുന്നേരം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് ഏറ്റുമുട്ടി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ ജംഷെഡ്പൂരിനായി ഹാവിയർ സിവേറിയോയും കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റാക്കോസും ഗോളുകൾ നേടി.

ജംഷഡ്പൂർ എഫ്സി, 4-3-3

രഹനേഷ് ടിപി, മുഹമ്മദ് ഉവൈസ് മോയിക്കൽ, പച്ചാവു ലാൽഡിൻപുയ, പ്രതീക് പ്രഭാകർ ചൗധരി, നിഖിൽ ബർല, ജെറമി മൻസോറോ, എൽസൺ ജോസ് ഡയസ് ജൂനിയർ, റെയ് തച്ചിക്കാവ, മുഹമ്മദ് സനൻ കെ, ഹാവിയർ സിവേറിയോ, ഇമ്രാനിയോ

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, 4-4-2

കരൺജിത് സിംഗ്, നവോച്ച സിംഗ് ഹുയ്‌ഡ്രോം, മാർക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിൻചിച്ച്, സൊറൈഷാം സന്ദീപ് സിംഗ്, മുഹമ്മദ് ഐമെൻ, ഡാനിഷ് ഫാറൂഖ് ഭട്ട്, വിബിൻ മോഹനൻ, രാഹുൽ കുന്നോളി പ്രവീൺ, ദിമിത്രിയോസ് ഡയമന്റകോസ്, ഇമ്മാനുവൽ ജസ്റ്റിൻ

ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരമായിരുന്നുവിത്. ആവേശകരമായ ആദ്യ പകുതിയിൽ തന്നെയാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ബോക്സിനു മധ്യത്തിൽ നിന്ന് ജസ്റ്റിന്റെ പാസിൽ ദിമിത്രിയോസ് ദയമെന്റക്കൊസ് നൽകിയ ഇടം കാൽ ഷോട്ട് വലയുടെ വലതുമൂല തുളച്ചതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.

മത്സരത്തിന്റെ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഫ്രീ കിക്കിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിനു മധ്യത്തിൽ നിന്ന് ഹാവിയർ സിവേറിയോയുടെ ഷോട്ട് നെറ്റിന്റെ മധ്യഭാഗം തുളച്ചു. മത്സരം സമനിലയിലായി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മറ്റൊരു ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല. അറുപത്തിയൊന്നാം മിനിറ്റിൽ രാഹുലിന്റെ ഷോട്ടും തൊണ്ണൂറാം മിനിറ്റിൽ മറ്റൊരു ശ്രമവും പരാജയപ്പെട്ടതും തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ ദിമിത്രിയോസിന്റെ ഷോട്ട് രെഹനേഷ് തടഞ്ഞതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

അധിക സമയത്തിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ കലാശിച്ചു.

നിലവിൽ ഇന്നത്തെ മത്സരത്തിൽ നേടിയ സമനിലയിൽനിന്നുൾപ്പെടെ പത്തൊൻപത് മത്സരങ്ങളിൽ നിന്നായി മുപ്പതു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഞ്ചാം സ്ഥാനത്തും ഇരുപത് മത്സരങ്ങളിൽനിന്ന് ഇരുപത്തിയൊന്ന് പോയിന്റുമായി ജംഷെഡ്പൂർ എഫ്‌സി ഏഴാം സ്ഥാനത്തും തുടരുന്നു.

ഏപ്രിൽ മൂന്നിന് കൊച്ചിയിൽ നടക്കുന്ന ഇരുപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും. മത്സരത്തിൽ ജയമോ സമനിലയോ നേടാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാം!