മാർച്ച് പതിമൂന്നിന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കേരളാ ബ്ലാസ്റ്റേഴ്സിന് മുകളിലേക്ക് റാങ്കിങ് ടേബിളിലുള്ള ടീമുകളെല്ലാം പ്ലേ ഓഫിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. സീസണിൽ ഇനി ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ ഒന്നോ രണ്ടോ മത്സരങ്ങൾ വിജയിച്ചാൽ കേരളാ ബ്ലാസ്റ്റേഴ്സും പ്ലേ ഓഫിൽ പ്രവേശിക്കുമെന്നതിനാൽ നാളത്തെ മത്സര വിജയവും അതിലൂടെ മൂന്നു പോയിന്റുകളും കേരളാ ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്. മോഹൻ ബഗാനെതിരെയുള്ള മത്സരമൊഴിച്ചാൽ ബാക്കിയുള്ള മത്സരങ്ങളെല്ലാം റാങ്കിങ്ങിൽ താഴെയുള്ള ടീമുകളുമായിട്ടാണ് എന്നത് പ്ലേ ഓഫ് പ്രവേശനത്തിൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുകളാണ് മോഹൻ ബഗാന്റെ സമ്പാദ്യമെങ്കിൽ 17 കളികളിൽ 29 പോയിന്റുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ഡിസംബറിൽ പത്താം സീസണിന്റെ ആദ്യ പകുതിയവസാനിക്കുമ്പോൾ റാങ്കിങ് ടേബിളിൽ മുകളിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തു നിന്നിരുന്ന മോഹൻ ബഗാനിപ്പോൾ ഒന്നാം സ്ഥാനത്തും. വെറും രണ്ടു മാസത്തിനിടയിൽ സുപ്രധാന താരങ്ങളെ നഷ്ടമായതതാണ് ടീമിനെ പ്രതിസന്ധിയിലാഴ്ത്തിയെന്ന് വ്യക്തം.

പരിക്കുകൾ വില്ലനായ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ സീസണിന്റെ തുടക്കത്തിൽ ബെഞ്ചിൽ പോലും ഇടം നേടാത്ത താരങ്ങളാണിപ്പോൾ കഴിഞ്ഞ മത്സരങ്ങളിൽ ആരംഭനിരയിൽ ഇടം നേടിയത്. റിസേർവ് ടീമിലൂടെ ഉയർന്നുവന്ന താരങ്ങളാണിപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടിസ്ഥാനം. മികച്ച ഫോമിലുള്ള ദിമിത്രിയോസ് ഡയമെന്റക്കൊസ് പ്രകടനം ടീമിന് പ്രധാനമാണ്. സച്ചിൻ സുരേഷിന്റെ അഭാവത്തിൽ കരൺജിത്തും താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിശീലനത്തെക്കുറിച്ചും മത്സരത്തെ സമീപിക്കുന്ന രീതികളെക്കുറിച്ചും മുൻ മോഹൻ ബഗാൻ ക്യാപ്റ്റൻ കൂടിയായ പ്രീതം പത്രസമ്മേളനത്തിൽ പങ്കുവച്ച വാക്കുകളും പ്രതീക്ഷ നൽകുന്നതാണ്.

ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഒരു ഗോളിന്റെ ലീഡിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സാഹചര്യം വളരെ വ്യത്യസ്തമാണെന്നതിനാൽ മോഹൻ ബഗാനെതിരായ മത്സരം ഒരു രീതിയിലും ബ്ലാസ്റ്റേഴ്സിനെളുപ്പമാകാൻ ഇടയില്ല.  എങ്കിലും സമാന സാഹചര്യത്തിൽ കൊച്ചിയിൽ എഫ്‌സി ഗോവക്കെതിരെ നേടിയ അട്ടിമറി വിജയത്തിന്റെ ഊർജ്ജം ഇപ്പോഴും ടീമിനൊപ്പമുണ്ടെങ്കിൽ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പമായേക്കാം.

ഹെഡ് റ്റു ഹെഡ്

ഇരു ടീമുകളും കളിച്ച മത്സരങ്ങൾ: 21

കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്: 5

സമനിലകൾ: 7

മോഹൻ ബഗാൻ വിജയിച്ചത്: 9

അവസാന മത്സരം: മോഹൻ ബഗാൻ 0 - 1 കേരള ബ്ലാസ്റ്റേഴ്സ് (ഡിസംബർ 27, 2023, കൊൽക്കത്ത)

കേരള ബ്ലാസ്റ്റേഴ്‌സ് vs മോഹൻ ബഗാൻ സാധ്യതാനിര

കേരള ബ്ലാസ്റ്റേഴ്‌സ്: കരൺജിത് സിംഗ്; സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്; ഫെഡോർ സെർണിച്ച്, വിബിൻ മോഹനൻ, ഡാനിഷ് ഭട്ട്, ഡെയ്സുകെ സകായ്; ദിമിത്രി ഡയമന്റകോസ്, ഇഷാൻ പണ്ഡിത

മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്: വിശാൽ കൈത്; അൻവർ അലി, ഹെക്ടർ യൂസ്റ്റെ, സുഭാഷിഷ് ബോസ്; സഹൽ അബ്ദുൾ സമദ്, ജോണി കൗക്കോ, അഭിഷേക് സൂര്യവംശി, ലിസ്റ്റൺ കൊളാക്കോ; മൻവീർ സിംഗ്, ജേസൺ കമ്മിംഗ്സ്, ദിമിത്രി പെട്രാറ്റോസ്

മത്സരത്തിന്റെ വിശദാംശങ്ങൾ

ഐഎസ്എൽ 2023-24 പത്താം സീസണിലെ കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സരം മാർച്ച് 13 ബുധനാഴ്ച നടക്കും. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7:30ന് ആരംഭിക്കും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ മത്സരം സംപ്രേക്ഷണം ചെയ്യും. വിഎച്ച്1 ചാനലിലും മത്സരം സംപ്രേക്ഷണം ചെയ്യും. സ്പോർട്സ് 18 ഖേൽ (ഹിന്ദി കമന്ററി), സൂര്യ മൂവീസ് (മലയാള കമന്ററി), ഡിഡി ബംഗ്ലാ (ബംഗാളി കമന്ററി) എന്നിവയിലും പ്രാദേശീക ഭാഷയിൽ ആരാധകർക്ക് മത്സരം കാണാം. JioCinema ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യാം.