ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ആദരിക്കാൻ ഒരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ തന്റെ 150ആം സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ഒരുങ്ങുകയാണ് അദ്ദേഹം.

ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 സംയുക്ത യോഗ്യതാ റൗണ്ട് രണ്ടിൽ സൗദി അറേബ്യയിലെ ഡമാക് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ഇന്ത്യ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. നാല് ദിവസത്തിന് ശേഷം ഹോം മാച്ചിൽ ഇന്ത്യ ഒരിക്കൽ കൂടി അഫ്ഗാനിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പ്രസ്തുത മത്സരം ഛേത്രിയുടെ 150ആം മത്സരമാണ്.

ഛേത്രിയുടെ നേട്ടത്തെക്കുറിച്ച് എഐഎഫ്എഫ് പ്രസിഡന്റ് ശ്രീ. കല്യാൺ ചൗബെ പറഞ്ഞു: “2005 മുതൽ നമുക്കെല്ലാവർക്കും സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച ഒരു വിസ്മയകരവും അമ്പരപ്പിക്കുന്നതുമായ ഒരു യാത്രയാണിത്. ഛേത്രി തന്റെ 150ആം അന്താരാഷ്ട്ര മത്സരം കളിക്കുന്നത് ഒരു അസാധാരണ നേട്ടമാണ്. ഇന്ത്യൻ ഫുട്ബോൾ പതാക ഉയരത്തിൽ പാറിപറക്കുന്ന നിമിഷം. ഈ മനോഹര കായികയിനം കളിക്കാൻ ദശലക്ഷക്കണക്കിന് ആളുകളെ പ്രേരിപ്പിച്ച, അതിനായി മികച്ച സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. അന്താരാഷ്ട്ര ഫുട്‌ബോളിൽ വലിയ ഉയരത്തിൽ എത്തിയതിന് ഛേത്രിയെ ഞാൻ അഭിനന്ദിക്കുന്നു."

എഐഎഫ്എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ ശ്രീ. എം സത്യനാരായണൻ പറഞ്ഞു: “പല ഫുട്ബോൾ ആരാധകരുടെയും കണ്ണിൽ, ഛേത്രി ഇന്ത്യൻ പുരുഷ ദേശീയ ടീമിന്റെ ഏതാണ്ട് പര്യായമാണ്. അത് സത്യത്തിൽ നിന്ന് വളരെ അകലെയല്ല. അദ്ദേഹം ഒരു അസാമാന്യ ഫുട്ബോൾ കളിക്കാരനും, മികച്ച ക്യാപ്റ്റനും സ്റ്റാർ സ്ട്രൈക്കറുമാണ്. 150ആം അന്താരാഷ്ട്ര മത്സരത്തിൽ അദ്ദേഹത്തെ ആദരിക്കുന്നതിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അഭിമാനിക്കുന്നു. ഭാവിയിലും ഇതേ രീതിയിൽ ഛേത്രി ഇന്ത്യൻ ഫുട്‌ബോളിനെ സേവിക്കുന്നത് തുടരുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു."

2005 ജൂൺ 12-ന് ക്വറ്റയിൽ പാകിസ്ഥാനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഛേത്രി ദേശീയ ടീമിനൊപ്പം തന്റെ മഹത്തായ യാത്ര ആരംഭിച്ചത്. അദ്ദേഹത്തിന്റെ അരങ്ങേറ്റം അവിസ്മരണീയമായ ഒന്നായിരുന്നു. ആ മത്സരത്തിൽ അദ്ദേഹം ഗോൾ നേടുകയും മത്സരം 1-1ന് സമനിലയിൽ കലാശിക്കുകയും ചെയ്തു. അതിനുശേഷം, 19 വർഷത്തെ ശ്രദ്ധേയമായ അന്താരാഷ്ട്ര കരിയറിൽ ബ്ലൂ ടൈഗേഴ്സിനായി 149 മത്സരങ്ങൾ അദ്ദേഹം കളിച്ചു.

കാലയളവിൽ 93 ഗോളുകൾ നേടിയ ഛേത്രി സമാനതകളില്ലാത്ത കഴിവ് പ്രകടിപ്പിച്ചു. ഇതൊരു ദേശീയ റെക്കോർഡായി നിലകൊള്ളുന്നു. നിലവിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ അന്താരാഷ്ട്ര ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തും സജീവ ഗോൾ സ്‌കോറർമാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലുള്ള താരങ്ങൾക്ക് പിന്നൽ മൂന്നാം സ്ഥാനത്തുമാണ് സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്‌ബോളിൽ ഛേത്രിയുടെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്. കൂടാതെ, തന്റെ അരങ്ങേറ്റ മത്സരത്തിലും 25, 50, 75, 100, 125 മത്സരങ്ങളിലും അദ്ദേഹം സ്‌കോർ ചെയ്‌തിട്ടുണ്ട്.