ഗോവയിലെ ബംബോലിം ജിഎംസി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ അറുപത്തിയെട്ടാം മത്സരത്തിൽ ഗോവയ്‌ക്കെതിരെ 1-1നു സമനില നേടി കേരളാബ്ലാസ്റ്റേഴ്‌സ്.  മത്സരത്തിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന ഇന്ത്യൻ സൂപ്പർ ലീഗ് മാധ്യമ പ്രതിനിധികളോട് സംസാരിച്ചു.

“ഇന്ന് എഫ്സി ഗോവ ആദ്യ പകുതിയിൽ നന്നായി കളിച്ചു. പിന്നിൽ പ്രതിരോധിക്കാനല്ലായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പക്ഷെ അവർക്ക് പന്ത് ഉണ്ടായിരുന്നു, അവർ നന്നായി കളിച്ചു. കൂടുതൽ ആക്രമണകാരികളായിരുന്നു. രണ്ടാം പകുതി തികച്ചും വ്യത്യസ്തമായിരുന്നു എന്നത് ശരിയാണ്. ഡ്രസ്സിംഗ് റൂമിൽ ഞങ്ങൾ ചില സംഭാഷണങ്ങൾ നടത്തി. രണ്ടാം പകുതിയിൽ ഞങ്ങൾ ഒരു മികച്ച ടീമായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഈ ഞങ്ങൾക്ക് മത്സരത്തിൽ വിജയിക്കാമായിരുന്നു എന്ന് തോന്നുന്നു."

"ഞങ്ങൾ വിജയിക്കാൻ അർഹരാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ചില അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അവസാന പാസുകളിൽ ഞങ്ങൾ പരാജയപ്പെട്ടു. സന്ദീപ് സിങ്ങിന് ഒരു പെനാൽറ്റി ലഭിക്കേണ്ടതുണ്ടായിരുന്നു എന്ന് തോന്നുന്നു. ഇത് ഗോൾകീപ്പർ നവീൻ കുമാറിൽ നിന്ന് സംഭവിച്ച ഫൗളിൽ ആയിരുന്നു. എന്തായാലും റഫറിയെക്കുറിച്ച് പരാതികളൊന്നുമില്ല. ഞങ്ങൾക്ക് ഒരു പോയിന്റ് ലഭിച്ചു, എന്നാൽ ഞങ്ങൾക്ക് മൂന്ന് പോയിന്റ് വേണമായിരുന്നു. ഇത് വളരെ വിചിത്രമായ കളിയാണെന്നത് ശരിയാണ്. ആദ്യ പകുതിയിൽ, അവർ മികച്ചതായിരുന്നു, രണ്ടാം പകുതിയിൽ, അവർ കൂടുതൽ മെച്ചമായിരുന്നു. അവസാനം ഞങ്ങൾ അവരെക്കാൾ മികച്ചവരായിരുന്നു ”വികുന അഭിപ്രായപ്പെട്ടു.

"തീർച്ചയായും, ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ വേണമായിരുന്നു. പക്ഷേ എഫ്‌സി ഗോവ ഒരു മികച്ച ടീമാണ്. എന്റെ ശൈലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ വ്യത്യസ്തമായ ശൈലിയിലാണ് കളിക്കുന്നത്. കൂടാതെ, എടി‌കെ മോഹൻ ബഗാൻ നന്നായി കളിക്കുകയും മികച്ച ഫലങ്ങൾ നേടുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഗോവ മെച്ചപ്പെട്ടു. ഞങ്ങൾ മൂന്ന് പോയിന്റിലേക്ക് കൂടുതൽ അടുത്തിരുന്നു. പക്ഷേ ഞങ്ങൾ ലഭിച്ച പോയിന്റിനെ ബഹുമാനിക്കേണ്ടതുണ്ട്. കാരണം ഇത് 90 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഗെയിമാണ്. അതിൽ ആദ്യ 45 മിനിറ്റിൽ ഗോവയും രണ്ടാം പകുതിയിൽ ഞങ്ങളും മികച്ചതായിരുന്നു. അതിനാൽ കുറഞ്ഞത് ഒരു സമനിലയ്ക്കെങ്കിലും ഞങ്ങൾക്ക് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു."വികുന പറഞ്ഞു.

"ഇത് വളരെ ശ്രമകരമായിരുന്നു, കാരണം അവർക്ക് മുൻ നിരയിൽ ആൽബർട്ടോ നൊഗുവേര, ഇഗോർ അംഗുലോ, ജോർജ്ജ് ഓർട്ടിസ് എന്നിങ്ങനെ വളരെ നല്ല മൂന്ന് കളിക്കാർ ഉണ്ട്. അതിനാൽ ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. അത് ഞങ്ങൾ ചെയ്തു. പക്ഷേ അവർ വേഗതയുള്ളവരാണെന്നും അവർ പ്രത്യാക്രമണത്തിൽ മികച്ചവരാണെന്നും എനിക്കറിയാം.  ഞങ്ങൾക്ക് രണ്ടാമത്തെ ഗോൾ നേടാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ പ്രതിരോധിക്കാനും ഞങ്ങൾ ആഗ്രഹിച്ചു ”അദ്ദേഹം വിശദീകരിച്ചു.

ജംഷദ്‌പൂർ എഫ്‌സിക്കെതിരായ കേരളത്തിന്റെ അടുത്ത മത്സരഅതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "ഞങ്ങൾ 11 കളിക്കാരുമായി കളിക്കും. അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നത് സത്യമാണ്. രാഹുൽ കെപി മികച്ച ഗോൾ നേടി. അദ്ദേഹം വളരെ അപകടകാരിയായ കളിക്കാരനാണ്. കൂടാതെ, ജെയ്ക്സൺ സിംഗ് ഒരു സെൻട്രൽ ഡിഫെൻഡർ എന്ന നിലയിലും  സെൻ‌ട്രൽ‌ മിഡ്‌ഫീൽ‌ഡർ‌ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന. അതിനാൽ‌ നമുക്ക് കാണാം. ഇന്ന്‌ കളിക്കാത്ത ചില കളിക്കാരെ ഞങ്ങൾ‌ ഇറക്കും. കൂടാതെ കളിക്കാൻ‌ അവസരം കാത്തിരിക്കുന്ന ബെഞ്ചിൽ‌ ഇരിക്കുന്ന കളിക്കാരെയും ഞങ്ങൾ പരിഗണിക്കും”.

ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം സന്ദീപ് സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. ഡിഎച്ച്എൽ വിന്നിങ് പാസ് ഓഫ് ദി മാച്ച് അവാർഡ് ഫക്കുണ്ടോ പെരേര സ്വന്തമാക്കി. ഈ മത്സരത്തോടു കൂടി ഒരു പോയിന്റ് നേടി കേരളാബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥത്തേക്കുയർന്നു. ഗോവ മൂന്നാം സ്ഥാനത്തു തുടരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളിലായി തോൽവിയറിയാത്ത പ്രയാണത്തിൽ ഗോവ മുന്നേറുമ്പോൾ കഴിഞ്ഞ നാലു മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്സും തോൽവി വഴങ്ങിയിട്ടില്ല. ജനുവരി 27നു നടക്കുന്ന അടുത്ത മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂരിനെ നേരിടും.