ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അറുപത്തിയെട്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എഫ്‌സി ഗോവയെ നേരിടും. ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിൽ വച്ച് വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലവിൽ പത്തൊൻപത് പോയിന്റുമായി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് എഫ്‌സി ഗോവ. പതിമൂന്നു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മൂന്നു ത്സരങ്ങളിലായി സ്ഥിരതയാർന്ന മുന്നേറ്റം കാഴ്ചവയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 2-1-നു വിജയിച്ചിരുന്നു. മറുവശത്ത് എടികെ മോഹൻബഗാൻ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ 1-1നു സമനില നേടിയ ഗോവ, കഴിഞ്ഞ നാലു മത്സരങ്ങളിലായി തോൽവിയറിയാതെ മുന്നേറുകയാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പങ്കെടുത്തു.

“ഇന്ന് വ്യത്യസ്ത വികാരങ്ങളാണ്. ഈസ്റ്റ് ബംഗാളിനെതിരെ അവസാന നിമിഷം പോയിന്റുകൾ നഷ്ടപ്പെട്ടു. ഇപ്പോൾ ബെംഗളൂരു എഫ്‌സിക്കെതിരെ കളിയുടെ അവസാന നിമിഷത്തിൽ ഞങ്ങൾ വിജയിച്ചു. ഞങ്ങൾ നന്നായി മത്സരിക്കുന്നുവെന്ന ആത്മവിശ്വാസമുണ്ട്. എല്ലാ കളികളിലും ഞങ്ങൾ നന്നായി മത്സരിക്കുകയും അവസാന മൂന്ന് കളികളിൽ നന്നായി കളിക്കുകയും ചെയ്തു. ഗെയിമുകൾ എല്ലാ സമയത്തും ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. നിങ്ങളിൽ ചിലർ രണ്ടാം പകുതിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ആദ്യ പകുതിയിലും ഞങ്ങൾ നന്നായി മത്സരിച്ചു, ഞങ്ങൾക്ക് കൂടുതൽ പന്തടക്കമുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ മൂന്ന് പോയിന്റായിരുന്നു ടീമിന്റെ ലക്ഷ്യം. എന്നാൽ മികച്ച ഫുട്ബോൾ കളിക്കുന്ന ഒരു നല്ല ടീമിനെതിരെ കഠിനമായ ഗെയിമാണ് നാളെ നടക്കാൻ പോകുന്നത്” വികുന പറഞ്ഞു.

“വ്യക്തികളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കളിക്കാർ നന്നായി കളിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്, അവർ മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ നന്നായി കളിക്കാനും കളിക്കാരുമായി പ്രവർത്തിക്കാനും ശ്രമിക്കുകയാണ്”വികുന പറഞ്ഞു.

“അവസാന മത്സരത്തിന് ശേഷം ഞങ്ങൾ ആദ്യ നാല് സ്ഥാനങ്ങളോട് അടുത്തിരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പക്ഷേ ഞങ്ങൾ അടുത്ത ഗെയിമിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.” അദ്ദേഹം പറഞ്ഞു നിർത്തി.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഇതുവരെ 13 തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും എഫ്‌സി ഗോവയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ വെറും 3 മത്സരങ്ങളിൽ മാത്രമേ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടൊള്ളു. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഈ സീസണിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ 3-1 ജയമുൾപ്പെടെ 9 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനെതിരെ ഗോവ ജയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയം ഗോവയുടെ റാങ്കിങ്ങിൽ വ്യത്യാസമൊന്നും വരുത്തില്ല. എന്നാൽ ഈ മത്സരത്തിൽ വിജയിക്കാനായാൽ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്കുയരാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.