കേരളബ്ലാസ്റ്റേഴ്‌സ് സിഇഓ വീരൻ ഡിസിൽവ ക്ലബുമായി വഴിപിരിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒന്നുമുതൽ ടീമിന്റെ ഭാഗമായിരുന്ന വീരൻ ഏറ്റവും കൂടുതൽ കാലം ക്ലബ്ബിന്റെ സിഇഓ ആയിരുന്നു. രണ്ടാം വരവിൽ നിഖിൽ ഭരദ്വാജിന് പകരക്കാരനായി 2019 മാർച്ചിലാണ്‌ വീണ്ടും വീരൻ ടീമിന്റെ ഭാഗമായത്. ടീമിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ടീമിനൊപ്പം നിന്നിട്ടുള്ള വീരൻ ആരധകർക്കും പ്രിയങ്കരനായിരുന്നു.

"ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബിന്റെ ഭാഗമാകാൻ അവസരം തന്നതിന് ഞാൻ ടീം മാനേജ്മെന്റിനോട് നന്ദി പറയുന്നു. കളിക്കളത്തിന് അകത്തും പുറത്തും ഉയരങ്ങൾ കീഴടക്കാൻ ഞാൻ ടീമിന് ആശംസകൾ നേരുന്നു." പിരിയുന്ന വേളയിൽ വീരൻ കുറിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരംഭം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കരുത്തായി നിന്ന വിരേന്റെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഭാവിയിൽ അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ആശംസകൾ നേരുന്നു" കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയും മുൻ സിഇഒയുമായ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

രണ്ടു തവണ ഫൈനലിൽ എത്തിയ, മികച്ച ആരാധകപിന്തുണയുള്ള, ആ പിന്തുണയുടെ പേരിൽ ലോകം മുഴുവൻ പ്രശസ്തിനേടിക്കൊണ്ടിരിക്കുന്ന കേരളബ്ലാസ്റ്റേഴ്സിനു പക്ഷെ ഒരു തവണ പോലും കിരീടം നേടാനായില്ല എന്നത് മാനേജ്മെന്റിനെ പ്രധിരോധത്തിലാക്കിയിരുന്നു. തുടർന്നാണ് കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനമേൽക്കുന്നത്.

 കരോലിസ് സ്കിങ്കിസ് സ്ഥാനമേറ്റതുമുതൽ അപ്രതീക്ഷിത മാറ്റങ്ങളാണ് ടീമിൽ സംഭവിക്കുന്നത്. ടീമിൽ മൊത്തത്തിൽ പൊളിച്ചു വാർക്കുകയാണ് അദ്ദേഹം. ടീമിന്റെ നായകമുഖമായിരുന്ന സന്ദേശ് ജിങ്കൻ, മുൻ പരിശീലകനായ എൽക്കോ ഷെറ്റോരി എന്നിവർ ടീം വിട്ടിരുന്നു.