ഞായറാഴ്ച തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ അറുപത്തിരണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഇത് ഇരു ടീമുകളുടെയും എട്ടാം സീസണിലെ പന്ത്രണ്ടാം മത്സരമാണ്. പതിനൊന്നു മത്സരങ്ങളിൽനിന്നായി ഇരുപതു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പതിനൊന്നു മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി പോയിന്റ്‌ പട്ടികയിൽ നാലാമതാണ്.

നാളെ മുംബൈ സിറ്റിക്കുമേലുള്ള വിജയം ഒന്നാം സ്ഥാനം നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കരുത്തേകും. മറുവശത്ത് അഞ്ചു മത്സരങ്ങളായി വിജയം കാണാതെ, അവസാന മത്സരത്തിലും തോൽവി വഴങ്ങിയ മുംബൈക്ക് ഇതൊരു നിർണായക മത്സരമാകും.

ഹെഡ് ടു ഹെഡ്

ഇതുവരെ പതിനഞ്ചു മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ മൂന്നു തവണയാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ആറു മത്സരങ്ങളിൽ മുംബൈ വിജയിച്ചപ്പോൾ ബാക്കിയുള്ള ആറു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ സീസണിൽ, ആദ്യ മത്സരത്തിൽ 2-0നും രണ്ടാം മത്സരത്തിൽ 2-1നും മുംബൈ സിറ്റി എഫ്‌സി വിജയിച്ചിരുന്നു. ഇരു ടീമുകളും ഏറ്റവുമൊടുവിൽ ഈ സീസണിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.

ഈ സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും. അഞ്ചു വിജയങ്ങളാണ് ഇരു ടീമുകളും ഈ സീസണിൽ നേടിയത്.

ടീം വാർത്തകൾ

മുംബൈ സിറ്റി എഫ്‌സിയിൽ ഗോവയ്‌ക്കെതിരായ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇറങ്ങിയ ലെഫ്റ്റ് ബാക്ക് വിഘ്‌നേഷ് ദക്ഷിണാമൂർത്തിയുടെ തിരിച്ചുവരവ് ഇപ്പോഴും ആശങ്കയിലാണ്. അദ്ദേഹമൊഴികെയുള്ള താരങ്ങൾ സെലക്ഷനിൽ ലഭ്യമാകും.

മറുവശത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഗോൾകീപ്പർമാരായ മുഹീത് ഷബീർ, ആൽബിനോ ഗോമസ്, റൈറ്റ് വിങ്ങർ രാഹുൽ കെപി എന്നീ താരങ്ങളൊഴികെ മറ്റെല്ലാവരും നാളെ സെലക്ഷനിൽ ലഭ്യമാകും. ഒഡീഷ എഫ്‌സിക്കെതിരായ ഹോം മാച്ചിനിടയിൽ ആൽബിനോ ഗോമസിന് കാൽമുട്ടിന് പരിക്കേറ്റിരുന്നു. എട്ടാം സീസണിലെ ഒന്നാം മത്സരത്തിലാണ് രാഹുൽ കെപിക്ക് പരിക്കേറ്റത്.

സാധ്യതാ ലൈനപ്പ്

മുംബൈ സിറ്റി (4-2-3-1): നവാസ് (ജികെ); റണവാഡെ, ഫാൾ, ഭേക്കെ, മന്ദർ റാവു ദേശായി; ലാലെങ്‌മാവിയ, ജഹൗ; റെയ്നിയർ ഫെർണാണ്ടസ്, കസീഞ്ഞോ, ബിപിൻ സിംഗ്; അംഗുലോ.

കേരള ബ്ലാസ്റ്റേഴ്സ് (3-5-2): പി.എസ്.ഗിൽ (ജി.കെ); സന്ദീപ്, ലെസ്കോവിച്ച്, സിപോവിച്ച്, നിഷു; പ്രശാന്ത്, ജീക്‌സൺ, പ്യൂട്ടിയ, സഹൽ; ലൂണ, വാസ്‌ക്വസ്

മത്സരത്തിന്റെ വിശദാംശങ്ങൾ

മത്സര സ്ഥലം: തിലക് മൈതാൻ സ്റ്റേഡിയം

മത്സര തീയതി: ജനുവരി 16 ഞായറാഴ്ച

കിക്ക് ഓഫ് സമയം: 7:30 PM IST

തത്സമയ സംപ്രേക്ഷണം: സ്റ്റാർ സ്‌പോർട്ട്സ് 2, സ്റ്റാർ സ്‌പോർട്‌സ് 2 എച്ച്ഡി

തത്സമയ സ്ട്രീമിംഗ്: ഡിസ്‌നി+ഹോട്ട്സ്റ്റാർ