വ്യാഴാഴ്ച ഗോവയിലെ ബാംബോളിമിലെ ഗോവ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. അതേസമയം ഈ സീസണിലെ മികച്ച ടീമുകളിലൊന്നായി വിലയിരുത്തപ്പെട്ട ശക്തരായ മുംബൈ സിറ്റി എഫ്സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സീസണിൽ നോർത്ത് ഈസ്റ്റ് ടീം അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവി അർഹിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സിന് സംഭവിച്ച ചെറിയ പിഴവിൽനിന്നുണ്ടായ അവസരം ഗോളാക്കാൻ സാധിച്ചത് കൊണ്ട് മാത്രമാണ് എടികെ മോഹൻ ബഗാൻ വിജയിച്ചത്. എന്നാൽ നോർത്ത് ഈസ്റ്റിന്റെ ആദ്യ മത്സരത്തിൽ ഭൂരിഭാഗം സമയങ്ങളിലും മത്സരം അവരുടെ നിയന്ത്രണത്തിൽ ആയിരുന്നില്ല. മറുവശത്ത് ഉദ്ഘാടന മത്സരത്തിൽ വിജയിച്ചത് എടികെ മോഹൻ ബഗാൻ ആയിരുന്നെങ്കിലും മത്സരം നിയന്ത്രിച്ചത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആയിരുന്നു. അതു പോലെ മത്സരത്തിലെ അവസാന മിനിറ്റുകളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് അവരുടെ രണ്ട് പ്രധാന വിദേശ താരങ്ങൾക്ക് അവസരം നൽകിയത്. അടുത്തിടെ നടന്ന പരിശീലന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഗോളുകൾ നേടിയ ഈ താരങ്ങൾ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയാൽ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അനുകൂലമായിരിക്കും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വളരെ കുറഞ്ഞ സമയം മാത്രമേ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള എല്ലാ ടീമുകൾക്കും പരിശീലനത്തിലും പ്രീ സീസൺ മത്സരങ്ങളിലും ഏർപ്പെടാൻ കഴിഞ്ഞിട്ടുള്ളൂ. ഐ ലീഗ് സീസണ് മുന്നോടിയായി മുപ്പതോളം മത്സരങ്ങൾ മോഹൻ ബഗാനിൽ കിബുവിന് ലഭിച്ചിരുന്നു. ഐ ലീഗിൽ മോഹൻ ബഗാനെ കിരീടനേട്ടത്തിലേക്ക് നയിച്ചാണ് കിബു വികൂന ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അതിനാൽ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷെ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. താര സമ്പന്നമായ ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് ഒത്തൊരുമയുള്ള ടീമായി കളത്തിലിറങ്ങാൻ മത്സര പരിചയം ആവശ്യമാണ്.

സാധ്യത XI

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-2-3-1): ആൽബിനോ ഗോമസ് (ഗോൾ കീപ്പർ), ബക്കാരി കോൺ, ജെസ്സൽ അലൻ കർനെയ്റോ, കോസ്റ്റ നമോയിൻസു, പ്രശാന്ത്, നോങ്ഡാംബ നൊറേം, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോഞ്ച (ക്യാപ്റ്റൻ), ഫകുണ്ടോ പെരേര, ഋത്വിക് കുമാർ ദാസ്, ഗാരി ഹൂപ്പർ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി (4-3-3): സുഭാഷിഷ് റോയ് ചൗധരി (ക്യാപ്റ്റൻ) (ഗോൾ കീപ്പർ), ഗുർജിന്ദർ കുമാർ, അശുതോഷ് മേത്ത, ഡിലൻ ഫോക്സ്, ബെഞ്ചമിൻ ലംബോട്ട്, ഖസ്സ കാമര, ലാൽറെംപുവിയ ഫനായി, ലാലെങ്മാവിയ, ഖുമാന്തെം നിന്തോയിംഗബാ മീതേയ്, വെസി അപ്പിയ, ലൂയിസ് മിഗുവൽ, വിയേര ബാബോ മച്ചാഡോ.

കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; മത്സരപ്രവചനം

ഈ സീസണിലെ മികച്ച ടീമെന്ന പ്രേത്യേകത കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. പ്രത്യേകിച്ചും പരിശീലകൻ കിബു വികുനയുടെ കീഴിലെ തന്ത്രപരമായ പരിശീലനം കൂടിയാകുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് ഇരട്ടിയാണ്. പക്ഷെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി കാഴ്ചവച്ച മികച്ച പ്രകടനം അവഗണിക്കാനാവില്ല. ഒരേ സമയം ഗെയിമിനെ വളരെ ആകർഷണീയവും ആവേശകരവും ആക്കാൻ കഴിയുന്ന മത്സരമാകും നാളത്തേത്. എന്നാൽ നിലവിലെ ടീമുകളെ നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പമാകാനാണ് സാധ്യത.

പ്രവചനം: കേരള ബ്ലാസ്റ്റേഴ്സ് 1-0 നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി.

ടെലികാസ്റ് വിവരങ്ങൾ

ഗെയിം ഇന്ത്യയിലെ സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 3 എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും ലഭ്യമാണ്.