Image credit: IndianFootball@Twitter

ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതക്കായി ഖത്തറിനെ നേരിട്ട ഇന്ത്യയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി. മുപ്പത്തിമൂന്നാം മിനിറ്റിൽ അബ്ദുൽ അസീസാണ് ഖത്തറിനായി വിജയഗോൾ നേടിയത്. രാഹുൽ ഭേകെ പുറത്തു പോയതിനെത്തുടർന്ന് വെറും പത്തു കളിക്കാരിലേക്ക് ടീമിനൊതുങ്ങേണ്ടി വന്നെങ്കിലും വെറും ഒരു ഗോളിൽ തോൽവി തടഞ്ഞുനിർത്താൻ ഇന്ത്യക്കായി. മത്സരത്തിൽ വെറും പത്തുമിനിട്ടിനുള്ളിൽ രണ്ടു മഞ്ഞക്കാർഡ് വഴങ്ങി ചുവപ്പുകാർഡ് കിട്ടി, പതിനേഴാം മിനിറ്റിലാണ് രാഹുൽ ഭേകെ പുറത്തായത്.

ഇന്ത്യക്കെതിരെ ശക്തമായ ആക്രമണമാണ് ഖത്തർ അഴിച്ചുവിട്ടതെങ്കിലും മികച്ച രീതിയിലതിനെ പ്രതിരോധിക്കാൻ ഇന്ത്യക്കായി. ഗോളെന്നുറപ്പിച്ച ആറോളം അവസരങ്ങൾ സമയോചിതമായി തടഞ്ഞ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കളിയിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സന്ദേശ് ജിങ്കൻറെ നേതൃത്വത്തിൽ പ്രധിരോധനിരയും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഗോളെന്നുറപ്പിച്ച അവസരങ്ങൾ മൺവീർസിംഗ് പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. മലയാളി താരങ്ങളായ ആഷിക് കുരുണിയനും പകരക്കാരനായി സഹൽ അബ്ദുൽ സമദും ടീമിലിടം നേടി. ചുരുങ്ങിയ സമയത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹലിനായി.

ഗ്രൂപ്പ് ഇയിൽ ആറു മത്സരങ്ങളിൽ നിന്നായി മൂന്നു സമനിലകലൂടെ മൂന്നു പോയിന്റുകൾ നേടി സ്ഥാനത്താണ് ഇന്ത്യ. ഈ വിജയത്തോടു കൂടി ഏഴു കളികളിൽ നിന്നായി പത്തൊൻപതു പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്താണ് ഖത്തർ. അഞ്ചു കളികളിൽ നിന്ന് പന്ത്രണ്ടു പോയിന്റുകൾ നേടി ഒമാൻ രണ്ടാം സ്ഥാനത്തും ആറു കളികളിൽ നിന്നായി അഞ്ചു പോയിന്റുകൾ നേടി അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനത്തും ആര് കളികളിൽ നിന്ന് രണ്ടു പോയിന്റുകൾ നേടി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുമാണ്. ജൂൺ ഏഴിന് നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.