മുംബൈ സിറ്റി ആഥിതേയരാകുന്ന കേരളബ്ലാസ്റ്റേഴ്സിനു എതിരായ മത്സരം ഡിസംബർ പതിനാറ് ഞായറാഴ്ച വൈകിട്ട് ഏഴു മുപ്പതിന് അരങ്ങേറും. മാച്ചിന് മുൻപായി നടക്കുന്ന വാർത്താസമ്മേളനത്തിൽ കോച്ച് ഡേവിഡ് ജെയിംസ് പങ്കെടുത്തു.

കഴിഞ്ഞ ഏഴുമത്സരങ്ങളിൽ നിന്ന് തോൽവിയറിയാതെ കുതിക്കുകയാണ് മുംബൈ. ജോർജ് കോസ്റ്റയുടെ പരിശീലനത്തിൻ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.

കഴിഞ്ഞ പത്തു മത്സരങ്ങൾ വിജയം കാണാതെ നിൽക്കുകയാണ് കേരളാബ്ലാസ്റ്റേഴ്‌സ്. പക്ഷെ കോച്ച് ഡേവിഡ് ജെയിംസ് ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. പതിനൊന്നു മാച്ചുകളിൽ നിന്നായി ഒൻപതു പോയിന്റ് നേടി എട്ടാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

"വിജയിക്കാനാവാത്തതു ടീമിന് കഠിനകരമായ വസ്തുതയാണ്. പക്ഷെ കഴിഞ്ഞ പത്തു കളികളും വിജയിക്കാനായില്ല എന്നത് ടീം അർഹിക്കുന്ന ഒന്നല്ല. എന്നാലും അത് ടീമിനെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഇപ്പോളും വിശ്വസിക്കുന്നത് അവസാന നാലിൽ കടക്കുവാൻ വേണ്ടിയുള്ള ഓട്ടത്തിലാണ് ഞങ്ങളെന്ന്. ഞങ്ങൾ യോഗ്യത നേടുമെന്നാണ് എന്റെ പ്രതീക്ഷ. ഇനിയൊരു സമനിലയിലേക്കോ തോൽവിയിലേക്കോ പോകാൻ ഞങ്ങൾക്കാവില്ല. " ഡേവിഡ് പറഞ്ഞു.

ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള മഞ്ഞുകാല ഇടവേളയിലേക്കു ലീഗ് പ്രവേശിക്കുന്നതിന് മുൻപുള്ള അവസാന മത്സരമാണ് ഞായറാഴ്ച നടക്കുന്നത്. കേരളാബ്ലാസ്റ്റേഴ്സിൽ നിന്നുള്ള അഞ്ചു താരങ്ങൾ സാധ്യതാപട്ടികയിൽ ഇടം നേടിയതിന്റെ സന്തോഷം ഡേവിഡ് ജെയിംസിനുണ്ട്.

"ആദ്യവിഷയം ഞങ്ങൾ സ്കോർ ചെയ്യണം എന്നുള്ളതാണ്. ഒരു ഗോളിനാണ് കഴിഞ്ഞ കളി ഞങ്ങൾക്ക് നഷ്ടപെട്ടത്. എന്താണ് ചെയ്യണ്ടതെന്നു വ്യക്തമാണ്. അതിൽ ഞങ്ങൾക്ക് ഇനിയൊരു അവസരമില്ല. ഏഷ്യൻ കപ്പിലേക്കു ഉള്ള സാധ്യതാ ടീമിൽ ഉൾപ്പെട്ട അഞ്ചു കളിക്കാർ ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്നു. സ്റ്റീഫൻ കോൺസ്റ്റൈന് എന്റെ കളിക്കാരിൽ തീർച്ചയായും വിശ്വാസമുണ്ട്.  ഒരു മാനേജർ എന്ന നിലയിൽ ആ അഞ്ചു കളിക്കാർ എന്റെ ടീമിൽ ഉണ്ടെന്നു ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു.  എല്ലാ കളിയിലും ഞങ്ങൾ മികച്ചതായിരുന്നു എന്ന് ഞാൻ പറയുന്നില്ല. കാരണം നിഭാഗ്യവശാൽ അങ്ങനെ ആയിരുന്നില്ല ഞങ്ങൾ. പക്ഷെ പലപ്പോഴും കളിക്കാർ അവരുടെ നൂറു ശതമാനം ശ്രമിക്കുകയും അവസാന തീരുമാനങ്ങൾ അവർക്കെതിരുമാകുമ്പോൾ അത് നിരാശയുളവാക്കുന്നു. കളിക്കാർ ഫോമിലാണ്. എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു." ജെയിംസ് കൂട്ടിച്ചേർത്തു.