മുംബൈയുടെ വമ്പും കൊമ്പും തകർത്ത കൊമ്പന്മാർ...!

ഞായറാഴ്ച മുംബൈ സിറ്റിക്കെതിരായ പന്ത്രണ്ടാം മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നത് വിവേകപൂർവ്വമായ സമീപനമാണ്. തീർച്ചയായും ഒരു സെൻസിബിൾ മാച്ചായിരിക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും പ്രതീക്ഷിക്കുക. മുംബൈ സിറ്റിക്കെതിരായ ലീഗ് ഘട്ടത്തിലെ ആദ്യ പകുതിയിലെ മത്സരത്തിൽ ക്ലീൻ ഷീറ്റോടുകൂടി ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ചത്. എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും തിളക്കമേറിയ വിജയമായിരുന്നു മുംബൈ സിറ്റി എഫ്‌സിക്കെതിരെയുള്ളത്.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം വരെ, ലീഗിൽ ഏറ്റവും തലയെടുപ്പോടുകൂടി നിന്നിരുന്ന, മുൻ സീസണിലെ കിരീട ജേതാക്കളായ, ടേബിൾ ടോപ്പേഴ്‌സിനുള്ള ഷീൽഡ് നേടിയ, ഉത്സവത്തിന് തിടമ്പേറ്റിയ കൊമ്പന്റെ തലയെടുപ്പിൽ മുന്നേറിയിരുന്ന മുംബൈ സിറ്റി എഫ്‌സിക്ക് പക്ഷെ അടിതെറ്റിയത് കേരളാ ബ്ലാസ്റ്റേഴ്‌സ് കൊമ്പന്മാരുടെ മുൻപിലാണ്. സത്യത്തിൽ അതുവരെയുള്ള മുംബൈയുടെ വമ്പും കൊമ്പും ഒടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിയതിനു ശേഷം നാലു മത്സരങ്ങൾ മുംബൈ കളിച്ചിരുന്നെകിലും ഒരു മത്സരം പോലും ജയിക്കാനായില്ല. കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് കിട്ടിയ ഷോക്കിനു ശേഷമുള്ള നാലു മത്സരങ്ങളിൽ രണ്ടു സമനിലയും രണ്ടു തോൽവിയുമാണ് മുംബൈക്ക് നേടാനായത്. അതുകൊണ്ടു തന്നെ മുംബൈ സിറ്റി എഫ്‌സിയെ ആകാശത്തു നിന്ന് മണ്ണിലേക്കിറക്കിയത് തീർച്ചയായും നമ്മുടെ കൊമ്പന്മാരാണ്. അതുകൊണ്ടു തന്നെ ഞായറാഴ്ചത്തെ മത്സരത്തിൽ ഈ കണക്കുകൾക്കെല്ലാം പകരം വീട്ടാനുറച്ചാകും മുംബൈയുടെ വരവ്.

വേണ്ടത് വിവേകപൂർണമായ സമീപനം

വളരെ കഠിനമായി മുംബൈ ഒരു വിജയത്തിനായി ശ്രമിക്കുമ്പോൾ, അവരുടെ ആ ആവശ്യത്തിനെ പരമാവധി തങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കേണ്ടത്. അവർ ആദ്യാവസാനം ആക്രമണത്തിന് ശ്രമിക്കും. അപ്പോൾ ധാരാളം തുറന്ന അവസരങ്ങൾ എതിർഭാഗത്ത് ബ്ലാസ്റ്റേഴ്സിന് മുന്നിൽ തുറക്കും. ഇതെല്ലം വളരെ വിവേകപൂർവ്വമായി കൈകാര്യം ചെയ്യാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കേണ്ടത്. നാളത്തെ സമനില പോലും ബ്ലാസ്റ്റേഴ്സിന് നൽകുക ജയത്തിനു തുല്യമായ ഫലമാണ്. ഒന്നാമതായി, ബ്ലാസ്റ്റേഴ്സിന്റെ തോൽവി വഴങ്ങാത്ത യാത്ര ഒരു മത്സരത്തിലേക്ക് കൂടി നീട്ടുവാൻ സാധിക്കും. ഈ സീസണിൽ ഒരു വിജയം മുംബൈക്കെതിരെയുള്ളതുകൊണ്ടു തന്നെ, സമനില നേടിയാലും ഈ സീസണിൽ മുംബൈക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ ബ്ലാസ്റ്റേഴ്സിനാകും. അതുകൊണ്ടു തന്നെയാണ് ഞാൻ മുൻപ് പറഞ്ഞത്, ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്ന് വിവേകപൂർവ്വമായ ഒരു സമീപനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷ നൽകുന്ന ബ്ലാസ്റ്റേഴ്‌സ് ടീം..!

കഴിഞ്ഞ കളിയിൽ ഒഡിഷക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ ക്ലീൻ ഷീറ്റ് വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. തുടർച്ചയായ ക്ലീൻ ഷീറ്റ് വിജയം നേടിയെന്നതിനപ്പുറം, അവസാന മത്സരത്തിൽ പ്രതിരോധ താരങ്ങളാണ് രണ്ടു ഗോളും നേടിയത് എന്നത് മികച്ച ഒരു വസ്തുതയാണ്.  പ്രതിരോധ നിരയിലെ താരങ്ങൾ പോലും തുടർച്ചായി സ്കോർ ചെയ്യുന്നുവെന്നത് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് ശുഭകരമായ കാര്യമാണ്. ഒരു ടീമിൽ മധ്യനിര താരങ്ങൾക്കും പ്രതിരോധ നിരയിലെ താരങ്ങൾക്കും ഗോളുകൾ നേടുവാൻ സാധിക്കുന്നെങ്കിൽ അതിനർത്ഥം മുൻനിരയിലെ സ്ട്രൈക്കേഴ്സിന്റെ സമ്മർദ്ദം കുറക്കാൻ അത് സഹായിക്കുമെന്നാണ്. ടീം ഒത്തിണക്കത്തോടെ ഒറ്റക്കെട്ടായി കളിക്കുന്നു. എല്ലാവരും ഗോളുകൾ നേടുന്നു. പരമാവധി താരങ്ങൾ ഗോളുകൾ നേടുന്നു. ഇതൊക്കെ വളരെ പോസിറ്റീവായ കാര്യങ്ങളാണ്.

ജെസ്സെൽ പരിക്കേറ്റു പിൻവാങ്ങിയപ്പോൾ അദ്ദേഹത്തിന് പകരക്കാരനായി വന്നതാണ് നിഷു കുമാർ. അദ്ദേഹം ഏറെ ആത്മാർത്ഥയോടെയാണ് തന്റെ ഭാഗം കൈകാര്യം ചെയ്തത്. ബെംഗളൂരുവിൽ നിന്ന് നിഷുവിനെ ടീമിലെത്തിച്ച നാൾ മുതൽ ആരാധകരാഗ്രഹിക്കുന്നതും ഇതുതന്നെയാണ്. രണ്ടാമത്തെ ഗോൾ നേടിയത് ഖബ്രയാണ്. സത്യത്തിൽ വളരെ നിശബ്ദമായി ക്ലബ്ബിനായി ആത്മാർഥമായി പോരാടുന്ന താരമാണ് ഖബ്ര. അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗെയിം പ്ലാനുകളിലെ നിർണായക ഘടകമാണ്. ഈ സീസണുൾപ്പെടെ എട്ടു സീസണുകളിലും കളിച്ച ഖബ്രയുടെ ഇന്ത്യൻ സൂപ്പർ ലീഗ് കരിയറിലെ ആദ്യ ഗോൾ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയെന്നതും ഏറെ സന്തോഷം പകരുന്ന കാര്യമാണ്. പരിക്കേറ്റ് ഒരാൾ പുറത്തുപോകുമ്പോഴും പകരം വയ്ക്കാൻ അതേ മിടുക്കുള്ള മറ്റൊരാൾ വരുന്നുവെന്നത് വളരെ നല്ല കാര്യമാണ്.

താരങ്ങൾ ഫോമിലാണ്, പ്രതീക്ഷകൾ ഉയരത്തിലും..!

മുന്നേറ്റ നിരയിൽ അൽവാരോ ഫോമിലാണ്. ഡയസ്, സഹൽ, ജീക്സൺ, പ്യുട്ടിയ, ലൂണ തുടങ്ങിയ താരങ്ങളെല്ലാം ഫോമിലാണ്. ഗില്ലിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ ഗോൾ കീപ്പറായി മാറിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം പ്രഭ്സുഖൻ ഗിൽ. അദ്ദേഹവും വളരെ ആത്മവിശ്വാത്തോടെ കളിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അതും മറ്റൊരു ശുഭകരമായ കാര്യമാണ്. ഇതെല്ലം കൊണ്ടുതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയസാധ്യത കൂടുതലുള്ള ഒരു മത്സരമാണ് അരങ്ങേറാൻ പോകുന്നത്.

പക്ഷെ മുംബൈ സിറ്റി എഫ്‌സിയെ കുറച്ചു കാണാനാകില്ല. കണക്കു തീർക്കാനാകും മുംബൈ വരുക. അവരതിനായി അങ്ങേയറ്റം ശ്രമിക്കും. എന്നാൽ വിവേകപൂർവ്വമായി അവരെ നേരിട്ടാൽ, വിജയം ബ്ലാസ്റ്റേഴ്സനൊപ്പമാകും.

കോവിഡ് ആശങ്കകൾ!

എന്നാൽ മൂന്നു ദിവസമായി ബ്ലാസ്റ്റേഴ്സിന് പരിശീലനത്തിനിറങ്ങാൻ സാധിച്ചിട്ടില്ല. ഇത് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇന്ന് സ്ഥിരീകരിച്ചിരുന്നു.  അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. മുംബൈ പോലൊരു മികച്ച ടീമിനെതിരെ ഇറങ്ങുമ്പോൾ തയ്യാറെടുപ്പുകൾ അത്യാവശ്യമാണ്. നമ്മുടെ ഈ ആശങ്കകളെ ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിൽ എങ്ങനെ മറികടക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

എന്തായാലും ബ്ലാസ്റ്റേഴ്സിന് നല്ലൊരു വിജയം സ്വന്തമാക്കാനാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒഡീഷക്കെതിരെ നേടിയ ഇരട്ടി വിജയം മുംബൈക്കെതിരെയും ആവർത്തിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഷൈജു ദാമോദരൻ സൈനിങ്‌ ഓഫ്, വിത്ത് ലവ് ആൻഡ് റെസ്‌പെക്ട്..!