അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ആദ്യ പോരാട്ടം ശനിയാഴ്ച ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിക്കെതിരെയാണ്. പരിക്കുകളാൽ വലഞ്ഞിട്ടും മോശം പ്രീസീസൺ ആയിരുന്നിട്ടും, കൊച്ചി ആസ്ഥാനമായുള്ള ക്ലബിന് ഇതുവരെ നാലു മത്സരങ്ങളിൽ നിന്നായി നാല് പോയിന്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത പോരാട്ടം ബെംഗളൂരുവിനെതിരെയാകുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചാകില്ല ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. 

“ഒന്നാമതായി, ഒരു ക്ലബ് എന്ന നിലയിലും കളിക്കാരെന്ന നിലയിലും ഞങ്ങൾ പരമാവധി ശ്രമിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനം.” കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് എൽകോ ഷട്ടോറി മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. 

“നിർഭാഗ്യവശാൽ, രണ്ട് തലങ്ങളിൽ, ഞങ്ങൾ വളരെയധികം കഷ്ടപ്പെടുന്നു. പ്രതിരോധത്തിൽ, എന്റെ പ്രധാന സെന്റർ ബാക്കുകൾക്ക് പരിക്കേറ്റു. മിഡ്‌ഫീൽഡിൽ, ഞങ്ങൾക്ക് വേണ്ടി ഗെയിം നിയന്ത്രിക്കേണ്ട മരിയോ ആർക്വസിനും പരിക്കേറ്റു. അതിനാൽ ഇത് വളരെ വിഷമകരമാണ്. പക്ഷെ ഞാൻ വളരെ റിയലിസ്റ്റിക് വ്യക്തിയാണ്. അതിനർ‌ത്ഥം, ഞങ്ങളുടെ പക്കലുള്ളതെന്തും, ഞങ്ങൾ‌ക്കൊപ്പം പ്രവർത്തിക്കുകയും അത് എല്ലാവർക്കുമായി നൽകുകയും ചെയ്യും.”

അദ്ദേഹം കേരളത്തിന്റെ താരങ്ങളുടെ പരിക്കുകളെ സംബന്ധിച്ച ആശങ്കകൾ പങ്കുവച്ചു. 

പത്ര സമ്മേളത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദിനെ പരാമർശിച്ചും ഡച്ചുകാരൻ സംസാരിച്ചു. “സഹലിന്റെ കളിയെപ്പറ്റിയുള്ള ബോധവും സാങ്കേതികവും ക്രിയാത്മകവുമായ ഗുണങ്ങലുമുള്ള മറ്റൊരു മിഡ്ഫീൽഡറെ ഇന്ത്യയിൽ ഞാൻ കണ്ടിട്ടുണ്ടെന്ന് കരുതുന്നില്ല. സഹലിന്റെ ഗുണനിലവാരം അംഗീകരിക്കുന്ന ആദ്യത്തെയാളാണ് ഞാൻ. എന്നാൽ 'ചില മേഖലകളിൽ വളരാൻ കുറച്ച് സമയം ആവശ്യമാണ്’ എന്ന് പറയുന്ന ആദ്യത്തെയാളും ഞാനാണ്. എല്ലായ്‌പ്പോഴും, ഞാൻ അദ്ദേഹത്തെ പിന്തുണയ്‌ക്കും, എന്നെ സംബന്ധിച്ചിടത്തോളം, സഹലിനെ സാധ്യമായ ഏറ്റവും ഉയർന്ന തലത്തിലെത്തിക്കാൻ അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു നിന്ന് ഞാൻ പ്രവർത്തിക്കും. ഞാൻ സഹലിനെ കണ്ട ആദ്യ ദിവസം തന്നെ ഞാൻ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറാക്കുമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നതുപോലെ ഇത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നുമെന്നോ, അദ്ദേഹത്തിന് അവസരം നൽകുകയാണെന്നോ അർത്ഥമാക്കുന്നില്ല.” 

“ഞങ്ങളുടെ കൈയിലുള്ള കളിക്കാർ, അവരുടെ പരമാവധി 100% ശ്രമിക്കുമെന്ന് എനിക്ക്  ഉറപ്പുണ്ട്. അവസാന ഗെയിം, ഞങ്ങൾ ഒഡീഷയ്‌ക്കെതിരെ കളിച്ചു, അവിടെ ഞങ്ങൾക്ക് (പരിക്ക്) പ്രശ്‌നങ്ങളുണ്ടായിരുന്നു.പക്ഷെ ഞങ്ങൾക്ക് പോയിന്റ് ലഭിച്ചു. ബെംഗളൂരുവിനെതിരെ, ഞങ്ങളുടെ കയ്യിൽ നിലവിലുള്ള കളിക്കാരുമായും ഞങ്ങൾ ഇത് വീണ്ടും ചെയ്യാൻ പോകുന്നു. പരിക്കുകൾ ഉണ്ടാകുമ്പോൾ പകച്ചു നിൽക്കാതെ മുൻപോട്ടു പോകേണ്ടതുണ്ട്. ” 

ജെയ്‌റോ റോഡ്രിഗസിന്റെ പരുക്കിന്റെ വ്യാപ്തിയെക്കുറിച്ചും അദ്ദേഹത്തെ പകരക്കാരനായി ബ്ലാസ്റ്റേഴ്സ് നോക്കുമോയെന്നും ഈയിടെ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. ആ വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷട്ടോറി പറഞ്ഞു, “ഇത് വളരെ ലളിതമാണ്. പരിക്കോടെയാണ് ജെയ്‌റോ എത്തിയത്. അവൻ വന്ന ആദ്യ ദിവസം അത് പ്രശ്നമായില്ല. അദ്ദേഹം തന്റെ ആദ്യ ഗെയിം ദുബായിൽ കളിച്ചു, അവിടെ ഞങ്ങൾക്ക് ഒരു പരിശീലന ക്യാമ്പ് ഉണ്ടായിരുന്നു. പ്രീ-സീസൺ മുതൽ ഇന്നുവരെ അദ്ദേഹം മുന്നേറിയ രീതിയിൽ അദ്ദേഹത്തിനെ ഞാൻ പ്രശംസിക്കുന്നു. അദ്ദേഹം ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. കൈത്തണ്ടക്കേറ്റ പരിക്ക് പരിഹരിക്കാമെങ്കിലും അതൊരു പ്രശ്‌നംതന്നെയാണ്. ഞങ്ങളത് പരിഹരിക്കാൻ ശ്രമിക്കുകയാണ്. പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ”അദ്ദേഹം പറഞ്ഞു. 

അതേസമയം, പ്രധാന പരിശീലകനെ പ്രശംസിച്ചുകൊണ്ട് സഹൽ പറഞ്ഞു, “അദ്ദേഹം ഒരു മികച്ച പരിശീലകനാണ്. എല്ലാവർക്കും അത് അറിയാം. അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. പ്രീ-സീസണിന്റെ ഭൂരിഭാഗവും ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല, അതിനാൽ അദ്ദേഹത്തിന് ധാരാളം ഓപ്ഷനുകൾ ഉള്ളതിനാൽ എനിക്ക് പുറത്തു നിൽക്കേണ്ടി വന്നു. അതെപ്പോഴും അങ്ങനെത്തന്നെയാണ്. ഓരോ കളിക്കാരനും അവരുടേതായ ഉത്തരവാദിത്തമുണ്ട്. അയാൾ അത് പിച്ചിൽ നിറവേറ്റണം. ”