ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ ഞായറാഴ്ചത്തെ രണ്ടാം മൽസരത്തിൽ,  കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീഡാരംഗൻ സ്റ്റേഡിയത്തിൽ ആതിഥേയരായ എടികെ-യെ 2-1 ഗോളിൽ സന്ദർശകരായെത്തിയ മുംബൈ സിറ്റി എഫ്സി കീഴ്‌പ്പെടുത്തി. 32-ാം മിനിറ്റിൽ മാർസിയോ റൊസാറിയോയും 53-ാം മിനിറ്റിൽ റാഫാ ജോർദയുമാണ് മുംബൈയ്ക്ക് വേണ്ടി ഗോൾ നേടിയത്. 47-ാം മിനിറ്റിൽ എടികെ-യ്ക്കായി ആശ്വാസ ഗോൾ നേടിയത് ബിപിൻ സിങ്ങും. നിലവിലുളള ചാമ്പ്യൻമാരുടെ വിജയമറിയാത്ത യാത്രയിൽ ഇത് ആറാമത്തെ മൽസരമായിരുന്നു. അതേ സമയം മുംബൈ ആകട്ടെ, പ്ലേഓഫ് ബെർത്തിന് വേണ്ടിയുളള തങ്ങളുടെ സ്വപ്നങ്ങൾ കൊഴിഞ്ഞ പോകാതെ സൂക്ഷിച്ചു.

മൽസരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും പന്ത് മിഡ് ഫീൽഡിൽ തന്നെ പരസ്പരം കൈമാറുന്നതാണ് കണ്ടത്. 16-ാം മിനിറ്റിൽ അതിർത്തിയിൽ നിന്ന് നൽകിയ ഒന്നാന്തരം പാസിൽ രാജു ഗെയ്ക്വാഡ് തൊടുത്ത ഉഗ്രൻ ഷോട്ട് ക്രോസ് ബാറിന് തൊട്ടുരുമ്മിക്കൊണ്ടാണ് പുറത്തേക്ക് പറന്നകന്നു. 18-ാം മിനിറ്റിൽ, അചിലെ എമാന തൊടുത്ത പന്ത് കൊൽക്കത്തയുടെ ഗോൾ വലയം കാക്കുന്ന സോറം പൊയ്റി കൈ കൊണ്ട് കുത്തിക്കളഞ്ഞ് അത് രക്ഷപ്പെടുത്തി.

രണ്ട് മിനിറ്റുകൾ  പിന്നിട്ട് കഴിഞ്ഞ്, സുന്ദരാവസരം എടികെ-യുടെ പക്കൽ.  ജയേഷ് റാണെയുടെ ഒരു ത്രൂപാസ് പിടിച്ചെടുത്ത് കോണർ തോമസ് തൊടുത്ത ഷോട്ട്, മുംബൈ ഗോളി അമരീന്ദർ സിങ്ങിന്റെ നെഞ്ചിൽ തട്ടി പുറത്തേക്ക് പാഞ്ഞു. 32-ാം മിനിറ്റിൽ മുംബൈയുടെ ആദ്യ ഗോൾ പിറന്നു. പ്രതിരോധ ഭടൻ ബ്രസീലിയൻ താരം മാർസിയോ റൊസാറിയോ ഒരു ഫ്രീകിക്കിൽ നിന്നാണ് അവരെ മുന്നിലെത്തിച്ചത്. റൊസേറിയോയുടെ ഹീറോ ഐഎസ്എല്ലിലെ ആദ്യ ഗോൾ കൂടിയാണിത് (1-0).

 രണ്ടാം പകുതി ആരംഭിച്ച് രണ്ടും മിനിറ്റുകൾക്കുളളിൽ ആതിഥേയ ടീമിന് ഗോൾ മടക്കാൻ കഴിഞ്ഞു.  മുംബൈ പ്രതിരോധത്തിനിടയിലൂടെ കോണർ തോമസ് നൽകിയ പാസ് പിടിച്ചെടുത്ത് ഓടിയ ബിപിൻ സിംഗ്, അമരീന്ദർ സിംഗിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു (1-1).

പക്ഷെ ഈ ആഹ്ലാദം അധികനേരം ആയുസ് ഉണ്ടായിരുന്നില്ല. ആറ് മിനിറ്റുകൾക്ക് ശേഷം, മുംബൈ രണ്ടാം ഗോൾ നേടി. അവരുടെ സ്പെയിൻ താരം റാഫാ ജോർദായുടെ വകയായിരുന്നു ഇപ്രാവശ്യത്തെ ഗോൾ. സഞ്ജു പ്രധാൻ നൽകിയ ക്രോസിൽ റാഫാ തലവെക്കുകയായിരുന്നു (2-1).

അവസാന മിനിറ്റുകളിൽ എടികെ, സമനില ഗോളിനായി തുടരെത്തുടരെ ആക്രമണത്തിന്റെ കെട്ടഴിച്ചു വിട്ടെങ്കിലും അവർക്ക്  അവസരങ്ങൾ തുറക്കാൻ കഴിഞ്ഞില്ല. ഇൻജുറി ടൈമിൽ, അവസാന നിമിഷങ്ങളിൽ റയാൻ ടെയ്ലറുടെ ഫ്രീ-കിക്ക് ക്രോസ്ബാറിൽ കൊണ്ട് തെറിക്കുമ്പോൾ മുംബൈ ആശ്വാസം കൊണ്ടു. അവസാന വിസിൽ മുഴങ്ങിയതോടെ മൂന്ന് നിർണ്ണായക പോയീന്റുകളും, പ്ലേഓഫിനായുളള അണയാത്ത യോഗ്യതാ പ്രതീക്ഷകളും മുംബൈയ്ക്ക് സ്വന്തമായി.

ഇതോടെ 15 മത്സരങ്ങളിൽ നിന്ന് മുംബൈ സിറ്റിയ്ക്ക് 20 പോയിന്റായി. മൂന്നു മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ ഇപ്പോൾ അവർ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്: മുംബൈ സിറ്റി എഫ്സി

സ്വിഫ്റ്റ് മൊമന്റ് ഓഫ് ദ് മാച്ച്: റയാൻ ടെയ്ലർ

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്:  സജ്ഞു പ്രധാൻ

അമുൽ ഫിറ്റസ്റ്റ് പ്ലെയർ:   അചിലെ എമാന

എമേർജിംഗ് പ്ലെയർ: ബിപിൻ സിംഗ്

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: മാർസിയോ റൊസാറിയോ

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: