നവി മുംബൈ ആസ്ഥാനമായുള്ള റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് (ആർ‌എഫ്‌വൈസി) അക്കാദമിക്ക് 2-സ്റ്റാർ അക്കാദമി പദവി നൽകി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ‌എഫ്‌സി). ജൂലൈ 3 വെള്ളിയാഴ്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി (എഐ‌എഫ്‌എഫ്) നടത്തിയ ആശയവിനിമയത്തിലാണ് എ‌എഫ്‌സി ജനറൽ സെക്രട്ടറി ഡാറ്റോ വിൻഡ്‌സർ ജോൺ ഈ അംഗീകാരം സ്ഥിരീകരിച്ചത്. റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് (ആർ‌എഫ്‌വൈസി) അക്കാദമിക്ക് 2019 ജൂണിൽ എ.ഐ.എഫ്.എഫ് അക്കാദമി അക്രഡിറ്റേഷൻ പ്രോസസ്സ് 5-സ്റ്റാർ റേറ്റിംഗ് അനുവദിച്ചിരുന്നു.

ഒരു അക്കാദമിക്ക് അത്തരം അംഗീകാരം ലഭിക്കുന്നതിനായി കർശനമായ മാനദണ്ഡങ്ങളാണ് AFC മുൻപോട്ടുവക്കുന്നത്. നേതൃത്വം, ആസൂത്രണം, ഓർഗനൈസേഷൻ, സ്റ്റാഫിംഗ്, റിക്രൂട്ട്മെന്റ്, സാമ്പത്തികം, സൗകര്യങ്ങൾ, കോച്ചിംഗ്, പ്ലെയർ ഹെൽത്ത്, കോച്ചിംഗ്, ഫിറ്റ്നസ് എന്നിവക്കൊപ്പം അക്കാദമിയുടെ കാര്യക്ഷമതയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തലുകൾ നടത്തുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള അക്കാദമിക്ക് ആദ്യമായാണ് ഇത്തരത്തിലൊരു പദവി ലഭിക്കുന്നത്.

“ടു-സ്റ്റാർ അക്കാദമി പദവി ലഭിച്ചത് RFYC യിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്. ഇന്ത്യൻ ഫുട്ബോളിൽ വലിയ സാധ്യതകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. രാജ്യത്തുടനീളം നിലനിൽക്കുന്ന കഴിവുറ്റ യുവ താരനിരയെ സഹായിക്കാൻ സഹായിക്കുന്ന ഒരു ലോകോത്തര ഇക്കോ സിസ്റ്റം സൃഷ്ടിക്കേണ്ടതുണ്ട്. എ.എഫ്.സിയുടെ ഈ അംഗീകാരം ഞങ്ങളുടെ ലക്ഷ്യത്തെയും ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യൻ ഫുട്ബോളിനെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിൽ ആർ‌എഫ്‌വൈസിക്ക് പങ്കുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ ബഹുമതിക്ക് ഞാൻ AFC, AIFF എന്നിവരോട് നന്ദി പറയുന്നു.” റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശ്രീമതി നിത അംബാനി പറഞ്ഞു.

2015 മെയ് മാസത്തിൽ യാത്ര ആരംഭിച്ച ആർ‌എഫ്‌വൈസി, രാജ്യത്തിന്റെ വരും തലമുറയിലെ ഫുട്ബോൾ താരങ്ങളെ സൃഷ്ടിക്കുന്നതിൽ അതിവേഗമാണ് മുന്നേറിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, രാജ്യത്തെ ഏറ്റവും മികച്ച റെസിഡൻഷ്യൽ അക്കാദമി മാത്രമല്ല, ഇന്ത്യയിലുടനീളം വളർന്നുവരുന്ന പ്രതിഭകളുടെ വിളനിലമായും RFYC മാറി. ഈ വർഷം ആദ്യം നടന്ന പി‌എൽ-ഐ‌എസ്‌എൽ നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പിൽ RFYC അണ്ടർ 15 ടീം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ അണ്ടർ 14 ന് 1-0 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ എലൈറ്റ് യൂത്ത് സ്കീമിന്റെ പൂർണ്ണ അംഗത്വത്തിനായുള്ള എഐ‌എഫ്‌എഫിന്റെ അപേക്ഷയും എ‌എഫ്‌സി അംഗീകരിച്ചു. വളർന്നു വരുന്ന യുവ താരങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലെ ഒരു പ്രധാന പടിയാണ് ഈ പദ്ധതി.

“ടു-സ്റ്റാർ പദവി ലഭിച്ചതിന് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് അക്കാദമിയെയും ജെഎസ്ഡബ്ല്യു ബെംഗളൂരു എഫ്സി അക്കാദമിയെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ അക്കാദമികൾ വളരെ ശ്രദ്ധേയമാണ്.” എഐ‌എഫ്‌എഫ് ജനറൽ സെക്രട്ടറി ശ്രീ. കുശാൽ ദാസ് പറഞ്ഞു.

“ഫുട്ബോൾ വികസനത്തിന് കൂടുതൽ മികച്ച ഫുട്ബോൾ അക്കാദമികൾ ഉണ്ടാകേണ്ടത് നിർണായകമാണ്.” എ‌ഐ‌എഫ്‌എഫ് ടെക്നിക്കൽ ഡയറക്ടർ ശ്രീ. ഇസക് ഡോറുവും തന്റെ അഭിപ്രായം രേഖപ്പെടുത്തി.