ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം സ്വന്തമാക്കി കേരളാബ്ലാസ്റ്റേഴ്‌സ്. ഇഞ്ചുറി ടൈമിൽ രാഹുൽ നേടിയ ഗോളിലാണ് അത്യഗ്രൻ വിജയം ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഇത് ബെംഗളൂരുവിന്റെ വിജയം കാണാത്ത ആറാം മത്സരമാണ്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നാളിലും തോൽവിയായിരുന്നു ഫലം. അതെ സമയം ഇന്നത്തേതുൾപ്പെടെ കഴിഞ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിട്ടില്ല.

കേരളാബ്ലാസ്റ്റേഴ്‌സ് എഫ്.സി (പ്ലേയിംഗ് ഇലവൻ)

ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, കോസ്റ്റ നമോയിൻസു (സി), ജീക്സൺ സിംഗ്, രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, ജുവാണ്ടെ, യോന്ദ്രെംബെം ദെനേചന്ദ്ര, ഗാരി ഹൂപ്പർ, ജോർദാൻ മുറെ.

ബെംഗളൂരു എഫ്‌സി (പ്ലേയിംഗ് ഇലവൻ)

ഗുർ‌പ്രീത് സിംഗ് സന്ധു (ജി), രാഹുൽ ഭെകെ, ജുവാൻ, പരാഗ് ശ്രീവാസ്, ഫ്രാൻസിസ്കോ ഗോൺസാലസ്, അമയ് മൊറാജ്കർ, സുരേഷ് വാങ്‌ജാം, ക്ലീറ്റൺ സിൽവ, എറിക് പാർത്ഥാലു, സുനിൽ ഛേത്രി (സി), ഉദന്ത സിംഗ്.

മത്സരം ആരംഭിച്ചപ്പോൾ ബെംഗളൂരു എഫ്സിയാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ആക്രമണത്തിന്റെ പാതയിലേക്ക് കേരള ബ്ലാസ്റ്റേഴ്സും എത്തിയതോടെ മത്സരം ആവേശകരമായി മുന്നേറി. പതിനൊന്നാം മിനിറ്റിൽ ബെംഗളൂരു താരം ഉദാന്ത സിംഗിന്റെ ശ്രമം ലക്‌ഷ്യം കണ്ടില്ല. ഇരു ടീമുകളും ആക്രമണവും, പ്രത്യാക്രമണവും നടത്തിക്കൊണ്ടിരിക്കെ മത്സരത്തിന്റെ ആദ്യ പകുതിയിൽ 24ആം മിനിറ്റിൽ ബെംഗളൂരു താരം ക്ലെയ്റ്റൻ സിൽവയിലൂടെയാണ് മത്സരത്തിന്റെ ആദ്യ ഗോൾ പിറന്നത്. ബോക്‌സിലേക്ക് വന്ന രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ ഗോള്‍. പന്ത് ക്ലിയര്‍ ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോൾ ബോക്‌സില്‍ കുത്തി ഉയര്‍ന്ന പന്ത് ക്ലെയ്റ്റന്‍ സില്‍വയുടെ മുന്നിലെക്കെത്തി. നിമിഷങ്ങൾക്കകം പന്ത് സിൽവ വലയിലെത്തിച്ചു. 34ആം മിനിറ്റിൽ വീണ്ടും ഉദാന്ത സിംഗിന്റെ മറ്റൊരു ശ്രമം വീണ്ടും ലക്‌ഷ്യം കാണാതെ പാഴായി. 45ആം മിനിറ്റിൽ ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്ക് മുൻപ് സുനിൽ ഛേത്രിയുടെ ഫ്രീ കിക്കിലൂടെയുടെ ഗോൾ ശ്രമം ആൽബിനോ ഗോമസ് രക്ഷപെടുത്തി.

രണ്ടാം പകുതിയിൽ ജോർദാൻ മുറേയെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ് പൂട്ടിയയെ ഇറക്കി. ഒരു ഗോൾ ലീഡ് ഉണ്ടായിരുന്ന ബെംഗളൂരു എഫ്സി രണ്ടാം പകുതിയുടെ തുടക്കത്തിൽ ആക്രമിച്ചു കളിച്ചെങ്കിലും പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണം കൂടുതൽ ശക്തമാക്കി. രണ്ടാം പകുതിയിൽ 73ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ പിറന്നത്. ബെംഗളൂരു എഫ്സിയുടെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ബ്ലാസ്റ്റേഴ്സ് താരം ഗാരി ഹൂപ്പറിന് ബോൾ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗോൾ വല ലക്ഷ്യമാക്കിയുള്ള പവർഫുൾ ഷോട്ട് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു രക്ഷപ്പെടുത്തി. തുടർന്ന് ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് വീണുകിടക്കുമ്പോൾ പന്ത് ക്രോസ്സ് ചെയ്ത് ലാല്‍തംഗ ഖ്വാല്‍റിങ്ങിന്റെ മുന്നിലെത്തി. അവസരം മുതലാക്കിയ താരം പന്ത് വലയിലെത്തിച്ചു. മത്സരം സമനിലയിൽ.  ഗോളെന്നുറപ്പിച്ച ഒന്നിലധികം അവസരങ്ങൾ നഷ്ടപ്പെട്ടതിനു ശേഷം ഇഞ്ചുറി ടൈമിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പിറന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി. ബെംഗളൂരു ഗോൾ കീപ്പർ ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ രാഹുൽ പന്ത് വലയിലെത്തിച്ചു.

മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടി വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ജയത്തോടെ മൂന്നു പോയിന്റുകൾ നേടി പോയിന്റു പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്.

രണ്ടു അസിസ്റ്റുകൾ നേടിയ ഗാരി ഹൂപ്പർ വിന്നിങ് പാസ് ഓഫ് ദി മാച്ച് നേടിയപ്പോൾ ഹീറോ ഓഫ് ദി മാച്ച് ആയി രാഹുൽ തിളങ്ങി. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം 68ആം മത്സരത്തിൽ ജനുവരി 23ന് ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും.