യുവതാരം പ്യുട്ടിയയുമായി (ലാൽത്തത്താങ്ങാ കാൾറിങ്) പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ പുതുക്കുവാൻ കഴിയുന്ന 2 വർഷത്തെ കരാർ ഒപ്പിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളായിരുന്നു പ്യുട്ടിയ. മിസോറാം സ്വദേശിയായ പ്യുട്ടിയയുടെ പ്രായം 22 വയസ്സാണ്. ലെഫ്റ്റ് ഫൂട്ടഡ് ഫുട്ബോളറായ പ്യുട്ടിയ സെൻട്രൽ മിഡ്ഫീൽഡറായും വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ്.

കരാറിനെക്കുറിച്ച് പ്യുട്ടിയയുടെയും സഹപരിശീലകൻ ഇഷ്ഫാക്കിന്റെയും പ്രതികരണങ്ങൾ!

‘കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാന് കഴിഞ്ഞതില് ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകവൃന്ദങ്ങളുള്ള ടീമില് കളിക്കുക എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. അതും ഈ ടീമില് ചേരുന്നതിലേക്ക് നയിച്ച ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി ആഗ്രഹിക്കുന്നു . ഞങ്ങളുടെ ടീം വര്ക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവാനുഗ്രഹം എന്നിവയാല് ഐഎസ്എല് ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാന് കഴിയുമെന്ന് ഞാന് വിശ്വസിക്കുന്നു. അതിനായാണ് ഞാന് ഇവിടെ എത്തിയത് ! എന്റെ പുതിയ ടീമംഗങ്ങള്, പരിശീലകര്, സപ്പോര്ട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസണ് തുടങ്ങുന്നതിനും വിജയം നേടാനും ഞാൻ അക്ഷമനായി കാത്തിരിക്കുന്നു. ഇന്നി എന്നും യെല്ലോ, ഇന്നി എന്നും ബ്ലാസ്റ്റേഴ്സ്! ‘ കരാറിനെക്കുറിച്ച് പ്യൂട്ടിയ പ്രതികരിച്ചു.

‘പ്യൂട്ടിയ ഇന്നത്തെ തലമുറയുടെ ഫുട്ബോള് താരമാണ്. അവര്ക്ക് കാലുകളില് ഫുട്ബോളേന്തി അനായാസമായി മുന്നോട്ട് പായാനാകും. ഇടത് കാല് കൊണ്ട് കളിക്കുന്ന പ്യൂട്ടിയക്ക് മിഡ്ഫീല്ഡില് വിവിധ പൊസിഷനുകളില്, സെന്ററിലും ഔട്ട്വൈഡിലും തന്റെ കഴിവ് തെളിയിക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തില് വലിയ കാഴ്ചപ്പാടും സാങ്കേതിക ഗുണങ്ങളും ഉളള ആളാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതല്ക്കൂട്ടാണെന്ന് മാത്രമല്ല ക്ലബിനൊപ്പം അദ്ദേഹത്തിനും മികച്ച ഭാവിയുണ്ടെന്ന് ഞാന് വിശ്വസിക്കുന്നു”. കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

തുടക്കം!

സ്കൂൾ കാലഘട്ടത്തിൽ മിസോറാം പോലീസ് ടീമിനു വേണ്ടി കളിക്കളത്തിലിറങ്ങിയ പ്യൂട്ടിയ പതിനാറാം വയസിൽ മിസോറാം പ്രീമിയർ ലീഗിലെ ബെത്ലഹേം വെങ്ത്ലാങ് ക്ലബിലേക്കെത്തി. ക്ലബ്ബിനൊപ്പം 2014 -ലെ മിസോറാം പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്യൂട്ടിയ 14 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടുകയും നിരവധി ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. പ്രസ്തുതത സീസണിൽ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർക്കുള്ള അവാർഡും പ്യൂട്ടിയ സ്വന്തമാക്കി.

തുടർന്ന് പൂണെയിലെ ഡി എസ് കെ ശിവാജിയൻസ് – ലിവർപൂൾ ഇന്റർനാഷണൽ അക്കാഡമിയിലേക്ക് പ്രവേശനം ലഭിച്ച പ്യൂട്ടിയക്ക് അണ്ടർ-18 ടീമിൽ ഇടം ലഭിച്ചു. 2016-2017 സീസണിൽ ഡിഎസ്കെ ശിവാജിയൻസ് എഫ്സിക്കായി ഐ ലീഗിൽ പ്യുട്ടിയ അരങ്ങേറ്റം കുറിക്കുകയും സീസണിൽ 4 മത്സരങ്ങൾ ടീമിനായി കളിക്കുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിനൊപ്പം!

കഴിവിന്റേയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ 2017-2018 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 3 വർഷത്തേക്ക് പ്യുട്ടിയയെ ടീമിൽ എത്തിച്ചു. തുടർന്ന് മത്സര പരിചയം നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തിൽ ഒരു വർഷത്തേക്ക് ഹോം സ്റ്റേറ്റ് ക്ലബ് ആയ ഐസ്വാൾ എഫ് സിയ്ക്ക് പ്യുട്ടിയയെ ലോണിൽ നൽകുകയും 17 മത്സരങ്ങൾ പ്യൂട്ടിയ ഐസ്വാൾ എഫ്സിക്കായി കളിക്കുകയും ചെയ്തു. ഐസ്വാൾ എഫ്സിക്കായി ഒരു എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിലും എഎഫ്സി കപ്പ് മത്സരങ്ങളിലും സൂപ്പർ കപ്പ് മത്സരങ്ങളിലും പ്യൂട്ടിയ കളിച്ചു. ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ തിരികെയെത്തിയ പ്യൂട്ടിയ 2018-2019 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഷറ്റോറിയുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ 20 മത്സരങ്ങളിലും കളിച്ച പ്യൂട്ടിയ തന്റെ കഴിവ് തെളിയിച്ചു. 2018-2019 സീസണിൽ ഷട്ടോരിയുടെ നേതൃത്വത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ എല്ലാ മത്സരങ്ങളിലും കളിക്കാനിറങ്ങിയ പ്യൂട്ടിയ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ഫുട്ബാളിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ആ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചരിത്രത്തിൽ ആദ്യമായി പ്ലേഓഫിൽ എത്തിക്കുന്നതിൽ പ്യൂട്ടിയ എന്ന യുവ താരം നിർണ്ണായക പങ്കുവഹിച്ചു. 2019-2020 സീസണിൽ പരിക്കു മൂലം സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും പ്യൂട്ടിയക്കു കളിക്കാൻ കഴിഞ്ഞില്ല. സീസണിൽ 9 മത്സരങ്ങളിൽ മാത്രമാണ് പ്യൂട്ടിയ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനായി കളിക്കാനിറങ്ങിയത്.

ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ഭാവി!

ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ ആയി കളിക്കാൻ ഏറെയിഷ്ടപ്പെടുന്ന, മികച്ച പാസ്സിങ് റേഞ്ച് ഉള്ള, ഡ്രിബിൾ ചെയ്തു വേഗത്തിൽ മുന്നേറാനും കീ പാസ്സുകൾ നൽകാനും കഴിവുള്ള താരമാണ് പ്യൂട്ടിയ. വിങ്ങുകളിലും കളിപ്പിക്കാൻ കഴിയുമെന്നതും ബുദ്ധിപരമായ പാസ്സുകളും സ്പേസ് ക്രിയേറ്റ് ചെയ്യാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ നേടാനും കഴിയുമെന്നത് പ്യൂട്ടിയയുടെ പ്രത്യേകതയാണ്. പരിശീലകർ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള ചുരുക്കം യുവതാരങ്ങളിൽ ഒരാൾ ആണ് പ്യൂട്ടിയ.

വരുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്സിനൊപ്പം പ്യൂട്ടിയയുടെ ഭാവി കാത്തിരുന്ന് കാണാം.