ഇന്ന് വൈകിട്ട് നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കു മുന്നോടിയായുള്ള രണ്ടാം അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടും.  ഒമാനിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ ദേശീയ ടീം 1-1-നു സമനില നേടിയിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മുപ്പതിന് ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം പരിശീലകനായ ഈഗോർ സ്റ്റിമാക്ക് മാധ്യമങ്ങളോട് സംസാരിച്ചു.

"ഒമാൻ എതിരായ മത്സരത്തിൽ സമനില നേടാൻ കഴിഞ്ഞത് ഞങ്ങളെ സംബന്ധിച്ച് മികച്ച റിസൾട്ട് തന്നെയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 പുതുമുഖ താരങ്ങളാണ് ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. തികച്ചും ഒരു പുതിയ ടീം തന്നെയാണ് ഇത്. ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ച ശേഷം വളരെ കുറച്ചു സമയം മാത്രമേ ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളൂ. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒമാനാണ് ആധിപത്യം പുലർത്തിയത്. പക്ഷേ രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വരാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു. സമനില എന്നത് മികച്ച റിസൾട്ട് തന്നെയാണ്."

"2019-ലെ ഏഷ്യൻ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ യുഎഇയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. പക്ഷേ ആ മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മത്സരത്തിൽ ഗോൾ എന്നുറച്ച ഇന്ത്യയുടെ രണ്ട് ഷോട്ടുകൾ ഗോൾ പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. ഒമാനേക്കാൾ മെച്ചപ്പെട്ട ടീമാണ് യുഎഇ. അവർ അതിവേഗ ഫുട്ബോളാണ് കാഴ്ച വെക്കുന്നത്. മികച്ച ആക്രമണ നിരയാണ് അവരുടെ കരുത്ത്. ഇന്ത്യയ്ക്ക് വൻ വെല്ലു വിളി ഉയർത്താൻ അവർക്ക് കഴിയും. ഈ വെല്ലു വിളികൾ തന്നെയാണ് ഞങ്ങൾക്ക് വേണ്ടത്. അതിനു വേണ്ടിയാണ് ഇന്ത്യൻ ദേശീയ ടീം ഇവിടെ എത്തിയിരിക്കുന്നത്."

"മികച്ച ടീമുകളോട് ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ദേശീയ ടീമിന് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും. അടുത്ത മത്സരത്തിലും യുവ താരങ്ങൾക്ക് അവസരം ലഭിക്കും. എന്നാൽ സന്ദേശ് ജിംഗൻ യുഎഇയ്ക്ക് എതിരെ ആദ്യ ഇലവനിൽ കളത്തിലിറങ്ങില്ല. അമരീന്ദർ സിംഗിന് പകരം ഗുർപ്രീത് സിംഗ് സന്ധു ആയിരിക്കും ഗോൾ വല കാക്കുക. ഒമാന് എതിരെ കളത്തിലിറങ്ങാൻ കഴിയാതിരുന്ന പല താരങ്ങൾക്കും രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ അവസരം നൽകും. ഈ സൗഹൃദ മത്സരത്തിലൂടെ മികച്ച താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. അതു വഴി ദേശീയ ടീമിനായി ഒരു സ്റ്റാർട്ടിങ് ഇലവൻ രൂപീകരിക്കാനും സാധിക്കും. അടുത്ത മത്സരത്തിനായി ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വേണ്ടി മികച്ച പ്രകടനം തന്നെ ഞങ്ങൾ നടത്തും" അദ്ദേഹം പറഞ്ഞു.

ഇതുവരെ ഇന്ത്യ 14 തവണയാണ് യുഎഇയെ നേരിട്ടുള്ളത്. അതിൽ ഒൻപതു മത്സരങ്ങളിൽ ഇന്ത്യ തോൽക്കുകയും രണ്ട് തവണ വിജയിക്കുകയും മൂന്ന് തവണ സമനില നേടുകയും ചെയ്തു. അവസാന ആറ് മത്സരങ്ങളിൽ യുഎഇയെ പരാജയപ്പെടുത്തുവാൻ ഇന്ത്യക്കായിട്ടില്ല. നിലവിൽ ഫിഫ റാങ്കിംഗിൽ 74ആം സ്ഥാനത്താണ് യു‌എഇ. ഇരു ടീമുകളും 2019ൽ എ‌എഫ്‌സി ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് യു‌എഇ വിജയിച്ചിരുന്നു.