ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങി കേരളാബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ഒഡിഷയ്ക്കായി രണ്ടു ഗോളുകളും നേടിയത് ക്യാപ്റ്റനായ ഡിയാഗോ മൗറീഷ്യോ ആണ്. ജോർദാൻ മുറേയും ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി. മത്സരത്തിൽ ഗാരി ഹൂപ്പർ, ജോർദാൻ മുറെ സഖ്യം മികച്ച പ്രകടനം കാഴ്ചവച്ചു.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 4-4-1-1 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയപ്പോൾ ഒഡിഷ എഫ്സി 4-4-2 എന്ന ഫോർമേഷനിൽ അണിനിരന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - പ്ലേയിംഗ് ഇലവൻ

ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, ജോർദാൻ മുറെ, ജീക്സൺ സിംഗ്, രാഹുൽ കെപി, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ്, കോസ്റ്റ നമോയിൻസു (സി), ജുവാണ്ടെ, യോന്ദ്രെംബെം ദെനേചന്ദ്ര, ഗാരി ഹൂപ്പർ.

ഒഡീഷ എഫ്സി - പ്ലേയിംഗ് ഇലവൻ

അർഷദീപ് സിംഗ് (ജി കെ), മുഹമ്മദ് സാജിദ് ധോട്ട്, ഹെൻഡ്രി ആന്റോണെ, കോൾ അലക്സാണ്ടർ, ബ്രാഡൻ ഇൻമാൻ, ഡീഗോ മൗറീഷ്യോ, വിനിത് റായ്, ജെറി മാവിഹ്മിംഗ്തംഗ, ജേക്കബ് ട്രാറ്റ്, സ്റ്റീവൻ ടെയ്‌ലർ (സി), രാകേഷ് പ്രധാൻ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. മികച്ച പ്രസിംഗ് ഗെയിം ആണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗാരി ഹൂപ്പർ, ജോർദാൻ മുറെ സഖ്യത്തിന്റെ അക്രമണപരമായ മുന്നേറ്റം ഒഡിഷ എഫ്സിയെ വലച്ചു. പല ഘട്ടത്തിലും ഒഡിഷയ്ക്ക് പ്രതിരോധത്തിലേക്ക് പിൻവലിയേണ്ടി വന്നു. മത്സരം ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബ്ലാസ്റ്റേഴ്സ് താരം ജോർദാൻ മുറെയുടെ ഒരു ലോങ്ങ് റേഞ്ചർ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ കടന്നു പോയി. വലത് വിങ്ങിൽ നിരന്തരം രാഹുൽ കെപി ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്‌ക്ക് ബോൾ എത്തിച്ചു കൊണ്ടേയിരുന്നു. മത്സരത്തിന്റെ 28-ആം മിനിറ്റിൽ ഒഡിഷ താരം രാകേഷ് പ്രധാനെ ഫൗൾ ചെയ്തതിനെ തുടർന്ന് സന്ദീപ് സിംഗിന് യെല്ലോ കാർഡ് ലഭിച്ചു. മുപ്പത്തിനാലാം മിനിറ്റിൽ ഗാരി ഹൂപ്പർ ഒഡിഷ എഫ്സിയുടെ പെനാൽറ്റി ബോക്സിനുള്ളിലേക്ക് നൽകിയ ബോൾ ബ്ലാസ്റ്റേഴ്സ് താരം ജുവാണ്ടെ ലോപ്പസിന് ലഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ് ബാറിന് വെളിയിലൂടെ കടന്ന് പോയി. കേരള ബ്ലാസ്റ്റേഴ്സ് മുഴുവൻ സമയ ആക്രമണത്തിലേക്ക് കടന്നപ്പോൾ ഒഡിഷ എഫ്സി കൗണ്ടർ അറ്റാക്കിൽ മാത്രമായി ഒതുങ്ങി. എന്നാൽ നാല്പത്തിയഞ്ചാം മിനിറ്റിൽ ഇന്ത്യൻ താരം ജെറിയുടെ പാസിൽ നിന്ന് ബോൾ ലഭിച്ച ഡീയാഗോ മൗറീഷ്യോ ആൽബിനോ ഗോമസിനെ മറികടന്ന് മത്സരത്തിലെ ആദ്യ ഗോൾ നേടി. ആദ്യ പകുതി ഒഡിഷ എഫ്‌സിയുടെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കടുത്ത ആക്രമണവുമായി ബ്ലാസ്റ്റേഴ്സ് മുന്നേറി. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച മത്സരത്തിൽ സഹലിന്റെയും വിസെന്റെ ഗോമസിന്റെയും ഷോട്ടുകൾ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാൽ മത്സരത്തിന്റെ അൻപത്തിരണ്ടാം മിനിറ്റിൽ ജോർദാൻ മുറെയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. ബ്ലാസ്റ്റേഴ്‌സ് വീണ്ടും കൂടുതൽ കരുത്തോടെ ആക്രമിച്ച് മുന്നേറി. അറുപത്തിരണ്ടാം മിനിറ്റിൽ ബോൾ ലഭിച്ച രാഹുൽ കെപി ഗോൾ വല ലക്ഷ്യം വെച്ച് ബോൾ തൊടുത്തെങ്കിലും ഗോൾ നേടാനായില്ല. മികച്ച പ്രകടനം മത്സരത്തിലുടനീളം കാഴ്ച വച്ച സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിലേക്ക് നിരന്തരം പന്തെത്തിച്ചു കൊണ്ടിരുന്നു. തുടർന്ന് അറുപത്തിയെട്ടാം  മിനിറ്റിൽ സഹൽ അബ്ദുൾ സമദിന്റെ അസിസ്റ്റിൽ ഒരു മികച്ച ഷോട്ടിലൂടെ ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി. ഇതിനിടെ സമനില ഗോൾ നേടാനായി ഒറ്റപ്പെട്ട ശ്രമങ്ങൾ ഒഡിഷ എഫ്സി നടത്തി കൊണ്ടിരിന്നു. തുടർന്ന് എഴുപത്തിനാലാം മിനിറ്റിൽ ഡീയാഗോ മൗറീഷ്യോ രണ്ടാമത്തെ ഗോൾ ഒഡിഷ എഫ്സിക്കായി നേടി. മത്സരം സമനിലയായതോടെ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും നടത്തി. അവസാന മിനിറ്റിലേക്ക് കടന്നതോടെ ഇരു ടീമുകളും ഗോൾ വല ലക്ഷ്യം വെച്ചു മുന്നേറ്റങ്ങൾ നടത്തി.

എൺപത്തിയൊമ്പതാം മിനിറ്റിൽ ഒഡിഷ എഫ്സി താരം ബ്രാഡ് ഇന്മാന്റെ ഗോളെന്നുറച്ച ഷോട്ട് ആൽബിനോ ഗോമസ് രക്ഷപ്പെടുത്തി. ഇഞ്ച്വറി ടൈമിൽ ഇരു ടീമുകളും ഗോൾ നേടാനായി പോരാടിയെങ്കിലും നേടാനായില്ല. ഒടുവിൽ രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു.

സഹൽ അബ്ദുൾ സമദിന് ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡും ഡീഗോ മൗറീഷ്യോയ്ക്ക് ഹീറോ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചു. മത്സരത്തിൽ ഒരു പോയിന്റ് നേടി കേരളാബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തേക്കുയർന്നു.

ഫെബ്രുവരി പതിനാറിന് നടക്കുന്ന അടുത്ത മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും.