കൊൽക്കത്തയുടെ മണ്ണിൽ കേരളാബ്ലാസ്റ്റേഴ്‌സ് ഇന്ന് നിറഞ്ഞാടി. രണ്ടാം ഏറ്റുമുട്ടലിൽ ബ്ലാസ്റ്റേഴ്സിനെ തകർക്കാനിറങ്ങിയ എടികെക്ക് ബ്ലാസ്‌റ്റേഴ്‌സിനെ ഒരു ഘട്ടത്തിലും പിടിച്ചുകെട്ടാനായില്ല.  ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ നേടിയ ജയത്തിനു ശേഷം  9 മത്സരങ്ങൾക്കപ്പുറമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. പതിനൊന്നാം മത്സരത്തിൽ ഹൈദ്രാബാദിനെതിരെ നേടിയ ജയം തുടരാകുമോ എന്ന സംശയത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും. എന്നാൽ ആ ചിന്തകളെയെല്ലാം ആസ്ഥാനത്താക്കി ഒരു ഗോളിന്റെ ലീഡിൽ ബ്ലാസ്റ്റേഴ്‌സ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

 മത്സരത്തിന്റെ രണ്ടാം പകുതിയിൽ നിയന്ത്രണപരിധി വിട്ടു പ്രതികരിച്ച എടികെ കോച്ചിന് റെഡ് കാർഡ് വിധിച്ചതും നിലത്തു വീണു കിടന്ന മെസ്സിയുടെ ദേഹത്തേക്ക് വീണ്ടും പന്ത് തട്ടിതെറിപ്പിച്ചതും പലപ്പോഴും മത്‌സരത്തിന്റെ ഘട്ടങ്ങളിൽ താരങ്ങൾ കയ്യാങ്കളിക്കുവരെ മുതിർന്നതുമെല്ലാം ഈ സീസണിൽ ആദ്യമായിരുന്നു. വളരെ അക്രമണാത്മകമായി പലപ്പോഴും സഭ്യതയുടെ പരിധികൾ ലംഘിച്ച എടികെ താരങ്ങൾക്കെതിരെ സംയമനപരമായാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പെരുമാറിയത്.

ഈ സീസണിൽ എടികെ എഫ്‌സി സ്വന്തം മണ്ണിൽ തോൽവിയറിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിൽ ആതിഥേയർ കൂടുതൽ തീവ്രതയോടെ കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയാണ് കളിയിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ചത്

ATK FC - ആദ്യ XI

അരിന്ദം ഭട്ടാചാർജ (ജി കെ), സുമിത് രതി, അഗസ്റ്റിൻ ഇനിഗ്യൂസ്, വിക്ടർ മോംഗിൽ, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, അർമാണ്ടോ സോസ പെന, ജാവിയർ ഹെർണാണ്ടസ്, ബൽവന്ത് സിംഗ്, മൈക്കൽ സൂസരാജ്, റോയ് കൃഷ്ണ (സി).

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - ആദ്യ XI

ടി പി രെഹനേഷ് (ജി കെ), മുഹമ്മദ് റാകിപ്, ജെസ്സൽ കാർനെറോ, അബ്ദുൽ ഹക്കു, വ്‌ലാറ്റ്കോ ഡ്രോബറോവ്, മരിയോ ആർക്കസ്, സീതാസെൻ സിംഗ്, ഹാലിചരൻ നർസാരി, മൊഹമദോ ജിംഗ്, മെസ്സി ബൗളി, ബാർത്തലോമി ഒഗ്‌ബെചെ (സി).

പ്രധാന നിമിഷങ്ങൾ

ആദ്യപകുതിയിൽ സൃഷ്ടിക്കപ്പെട്ട അവസരങ്ങൾ താരതമ്യേന കുറവായിരുന്നെകിലും മുൻത്തൂക്കം ബ്ലാസ്റ്റേഴ്സിനായിരുന്നു. ആറാം മിനിറ്റിൽ ജെസ്സലിന്റെ കോർണർ കിക്ക്‌ എടികെ പ്രധിരോധനിര അനായാസമായി തട്ടിയകറ്റി.  28-ാം മിനിറ്റിൽ മെസ്സി ബൗളിയുടെ ഷോട്ട് ലക്‌ഷ്യം കാണാനായില്ല. മുപ്പത്തിനാലാം മിനിറ്റിൽ എടികെയുടെ പ്രബീർ ദാസിനെ നിലത്തുവീഴിച്ചതിനെ തുടർന്ന് മാരിയോ ആർക്കസിനു മഞ്ഞക്കാർഡ് വിധിച്ചു. മുപ്പത്തിയൊമ്പതാം മിനിറ്റിൽ എടികെക്ക് ഫ്രീ കിക്ക്‌ നൽകാത്തതിൽ റഫറിയോടു കയർത്തതിന് ജാവിയർ ഹെർണാണ്ടസിന് മഞ്ഞക്കാർഡ് വിധിച്ചു. 42-ാം മിനിറ്റിൽ അർമാണ്ടോ സോസയുടെ ഫ്രീകിക്ക് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു പുറത്തേക്കു തെറിച്ചു. ആദ്യ പകുതി ഗോൾ രഹിതസമനിലയിൽ   അവസാനിച്ചു.

63-ാം മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ ഷോട്ട് ലക്‌ഷ്യം കണ്ടില്ല. അറുപത്തിനാലാം മിനിറ്റിൽ എടികെയുടെ അഗസ്റ്റിൻ ഇനിഗ്യൂസിനു പകരം   ജെ റെന്നും അറുപത്തിയഞ്ചാം മിനിറ്റിൽ ബൽവന്തിന് പകരം ജോബിയും കളത്തിലിറങ്ങി  കളത്തിലിറങ്ങി.  69 ആം മിനുട്ടിൽ എടി‌കെ എഫ്‌സിയുടെ ഗോളിനായുള്ള ശ്രമം ലക്‌ഷ്യം കണ്ടില്ല. 70-ാം മിനിറ്റിൽ ഹാലിചരൻ നർസാരിയുടെ അത്യുഗ്രൻ ഗോളിൽ കേരളാബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മുൻപിലെത്തി. ഗോളിന് 10 മിനിറ്റിനുശേഷം റോയ് കൃഷ്ണയുടെ ഗോളിനായുള്ള ശ്രമം ടിപി റെഹനേഷ് തടഞ്ഞു. എണ്പത്തിമൂന്നാം മിനിറ്റിൽ ഹാലിച്ചരൻ നർസാരിക്കു പകര പകരം പ്രശാന്ത് കളത്തിലിറങ്ങി. എണ്പത്തിയൊമ്പതാം മിനിറ്റിൽ എടികെയുടെ മാൻഡി സോസക്കു മഞ്ഞക്കാർഡ് ലഭിച്ചു. തൊണ്ണൂറാം മിനിറ്റിൽ പ്രശാന്തിനും ഡ്രോബ്രൊവിനും മഞ്ഞക്കാർഡ് വിധിച്ചു. തൊണ്ണൂറാം മിനിറ്റിൽ സെത്യാസെന്നിന് പകരം സഹൽ കളത്തിലിറങ്ങി.

അധിക സമയമായ അഞ്ചു നിമിഷത്തിനും ശേഷം കളിയവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ ബ്ലാസ്റ്റേഴ്‌സ് വിജയികളായി.

അവാർഡുകൾ 

കളി ജയിച്ചതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ക്ലബ് അവാർഡ് സ്വന്തമാക്കി. മൊഹമദു ജിന്നിംഗിന് മാരുതി സുസുക്കി ലിമിറ്റ്ലെസ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നൽകി. ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് മുഹമ്മദ് റാകിപ് നേടി. ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് അബ്ദുൽ ഹക്കു നേടിയപ്പോൾ ഹാലിചരൻ നർസാരി ഹീറോ ഓഫ് ദ മാച്ച് അവാർഡ് നേടി

ഈ വിജയത്തോടുകൂടി പതിനാലു പോയിന്റുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി. മൂന്നു പോയിന്റുകൾ നഷ്ടപ്പെട്ടതിനാൽ എടികെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജനുവരി പത്തൊമ്പതിനു നടക്കുന്ന അടുത്ത മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂരിനെ നേരിടും.