ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ അവസാന മത്സരം ഇന്നരങ്ങേറുകയാണ്. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണു മത്സരം. ഏഴാം സീസണിലുടനീളം മികച്ച പ്രകടനത്താൽ തുടക്കംമുതൽ കളംനിറഞ്ഞാടിയ മുംബൈ സിറ്റി എഫ്‌സിയും എടികെ മോഹൻ ബഗാൻ എഫ്‌സിയും തമ്മിലാണ് മത്സരം. മോഹൻ ബഗാൻ ടീമുമായി ലയിച്ച് എടികെ മോഹൻ ബഗാൻ എഫ്‌സിയായി രൂപീകൃതമായതിനു ശേഷം നടക്കുന്ന ആദ്യ സീസണിൽ തന്നെ ഫൈനലിലേക്ക് പ്രവേശിച്ചു എന്നത് ആവേശകരമായ കാര്യമാണ്. ഏഴു സീസണുകളിലായി ഇതാദ്യമായാണ് മുംബൈ സിറ്റി എഫ്‌സി ഫൈനലിൽ പ്രവേശിക്കുന്നത്.  ഇരു ടീമുകളിലുമായി ബ്ലാസ്റ്റേഴ്സിന്റെ മുൻ ക്യാപ്റ്റന്മാരായിരുന്ന ഒഗ്‌ബച്ചെയും സന്ദേശ്‌ ജിങ്കനും അണിനിരക്കുമ്പോൾ ഈ ഫൈനൽ മലയാളികൾക്കും ആവേശം പകരും.

ഈ സീസണിലെ ഇരു ടീമുകളുടെയും വിജയങ്ങളും, തോൽവികളും സമനിലകളും തുല്യമാണ് എന്നതും കൗതുകമുണർത്തുന്നു. 2 ടീമിനും 12 ജയം, 4 വീതം തോൽവിയും സമനിലയുമാണുള്ളത്. ഇരു ടീമുകളും കഴിഞ്ഞ ഇരുപതു മത്സരങ്ങളിൽ നിന്നായി നാൽപ്പതു പോയിന്റുകൾ നേടിയിട്ടുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തിൽ മുംബൈ സിറ്റി എഫ്‌സി റാങ്കിങ് പട്ടികയിൽ ഒന്നാമതും എടികെ മോഹൻ ബഗാൻ എഫ്‌സി രണ്ടാമതുമാണ്. മുംബൈ സിറ്റി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമാണ്. 22 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ ആണ് ടീം നേടിയത്. ഏറ്റവും കൂടുതൽ  ക്ലീൻ ഷീറ്റുകൾ നേടിയതും മുംബൈ തന്നെ. 10 ക്ലീൻ ഷീറ്റുകളാണ് ഇതുവരെ ടീം നേടിയിട്ടുള്ളത്. മോഹൻ ബഗാനും  പത്തു ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്.

മുംബൈ സിറ്റി എഫ്‌സി, ഗോവക്കെതിരായ തങ്ങളുടെ സെമി ഫൈനൽ മത്സരത്തിലെ ആദ്യഘട്ടത്തിൽ സമനിലയിൽ പിരിയുകയും തുടർന്ന് ആവേശകരമായ രണ്ടാം ഘട്ടത്തിൽ കളിയുടെ അനുവദിക്കപ്പെട്ട നിശ്ചിത സമയത്തിൽ സമനിലയിൽ എത്തുകയും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് വിജയിക്കുകയും ഫൈനലിലേക്ക് പ്രവേശിക്കുകയുമായിരുന്നു. മറുവശത്ത് എടികെ മോഹൻ ബഗാൻ എഫ്‌സി, നോർത്ത് യൂണൈറ്റഡുമായുള്ള സെമിഫൈനൽ മത്സരത്തിന്റെ ആദ്യ  ഘട്ടത്തിൽ സമനിലയിൽ പിരിയുകയും, രണ്ടാം ഘട്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി ഫൈനലിലേക്ക് പ്രവേശിക്കുകയുമായിരുന്നു.

ഈ സീസണിൽ ഏറ്റുമുട്ടിയ രണ്ടു തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനും രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കും കൊൽക്കത്തയെ മുംബൈ കീഴടക്കി. എന്നാൽ രണ്ടു തവണ കിരീടം കൊൽക്കത്തയ്ക്ക് നേടിക്കൊടുത്ത അന്റോണിയോ ഹബാസിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തരായി കളത്തിലിറങ്ങുന്ന കൊൽക്കത്തയയുടെ പ്രകടനം പ്രവചനങ്ങൾക്കതീതമായിരിക്കും.

മൗർതാഡ ഫാൾ, ഹെർണാൻ സന്റാന സഖ്യം‌ മുംബൈയുടെ നെടുംതൂണാകും. മന്ദർ റാവു ദേശായിയുടെ‌ സസ്‌പെൻഷൻ ടീമിന്റെ പ്രകടനത്തെ ബാധിക്കാനിടയില്ല‌. ടിരി, സന്ദേശ്‌ ജിങ്കൻ, പ്രീതം കോട്ടാൽ എന്നിവർ തീർക്കുന്ന ഉറച്ച പ്രതിരോധ മതിൽ കൊൽക്കത്തയ്ക്ക് കരുത്താകും‌. റോയ്‌ കൃഷ്ണയും ഡേവിഡ്‌ വില്യംസും എടികെയുടെ ഗോൾ വേട്ടയ്ക്ക് ചുക്കാൻപിടിക്കും‌. മുംബൈയ്ക്കായി ഗോളടിക്കാൻ ആദം ലെ ഫോണ്ടേരയും ബർത്തലോമി‌ ഒഗ്‌ബച്ചെയുമുണ്ടാകും.

ഫോം ഗൈഡ്

മുംബൈ സിറ്റി എഫ്‌സി ഫോം ഗൈഡ്: ജയം-ജയം-ജയം-സമനില-സമനില

എടികെ മോഹൻ ബഗാൻ എഫ്‌സി ഫോം ഗൈഡ്: ജയം-സമനില-തോൽവി-സമനില-ജയം

പ്രഡിക്ടഡ് XI

മുംബൈ സിറ്റി എഫ്‌സി (4-4-2)

അമ്രീന്ദർ സിംഗ് (ജികെ / സി), ആമി റനവാഡെ, മൊർതട ഫാൾ, അഹമ്മദ് ജഹോ, വിഘ്‌നേഷ് ദക്ഷിണമൂർത്തി, റെയ്‌നിയർ ഫെർണാണ്ടസ്, ഹെർണാൻ സാന്റാന, ഹ്യൂഗോ ബൂമസ്, റൗളിൻ ബോർജസ്, ബിപിൻ സിംഗ്, ആദം ലെ ഫോണ്ട്രെ

എടികെ മോഹൻ ബഗാൻ എഫ് സി (3-5-2)

അരിന്ദം ഭട്ടാചാര്യ (ജി കെ), സന്ദേഷ് ജിംഗൻ (സി), പ്രീതം കോട്ടാൽ, തിരി, കാൾ മക്ഹഗ്, പ്രണോയ് ഹാൽഡർ, ലെന്നി റോഡ്രിഗസ്, മാർസെലോ പെരേര, മൻ‌വീർ സിംഗ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.

തത്സമയ പ്രക്ഷേപണ ഷെഡ്യൂൾ:

ഹീറോ ഐ‌എസ്‌എൽ 2020-21 ഫൈനൽ: മുംബൈ സിറ്റി എഫ്‌സി vs എടികെ മോഹൻ ബഗാൻ

തീയതി: മാർച്ച് 13 (ശനിയാഴ്ച)

സമയം: വൈകുന്നേരം 7:30 മുതൽ

ചാനലുകൾ: സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്, ഏഷ്യാനെറ്റ് പ്ലസ്

സ്ട്രീമിംഗ്: ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി