ഒരേ അവസ്ഥയിൽ നിൽക്കുന്ന ഇരു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ഏതെങ്കിലുമൊരു വശം വിജയം നേടുമെന്ന അവസാന പ്രതീക്ഷയും ബാക്കിയാക്കി മുംബൈ അരീന ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം സമനിലയിലവസാനിച്ചു. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ എതിരിട്ട മുംബൈ ആദ്യ പകുതിയിൽ ഒരു പടി പുറകിലായിരുന്നെങ്കിലും പിന്നീട് നില വീണ്ടെടുത്ത് തിരികെയെത്തി. ഗോൾ കീപ്പർ രേഹനേഷിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആക്രമണത്തിൽ മുൻ‌തൂക്കം നൽകുന്നതിൽ വിജയിച്ചെങ്കിലും മറുവശത്തു പ്രതിരോധത്തിൽ ടീം പലപ്പോഴും വീഴ്ചവരുത്തിയിരുന്നു. അപ്പോഴൊക്കെ രെഹനേഷിന്റെ സേവുകളാണ് ടീമിനെ രക്ഷിച്ചത്. മുപ്പത്തിയഞ്ചാം മിനിട്ടിലും അറുപത്തിരണ്ടാം മിനിട്ടിലും രേഹനേഷ് നടത്തിയ പ്രകടനം ഉജ്വലമായിരുന്നു.  നാല്പത്തിയൊന്നാം മിനിറ്റിൽ മോദു സൗഗുവിന് ലഭിച്ച അവസരം രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോട്ടിന്റെ കരുത്തില്ലായ്മയും കേരളത്തിന് തുണയായി.

ആദ്യ എഴുപത്തിയഞ്ചു മിനിറ്റുകൾ വരെ ഗോൾ രഹിതസമനിലയിൽ നിന്നിരുന്നപ്പോൾ മെസ്സി ബൗളിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ എഴുപത്തിയേഴാം മിനിറ്റിൽ ചെർമിതിയുടെ സമനില ഗോളിൽ മുംബൈ ബ്ലാസ്റ്റേഴ്സിനൊപ്പമെത്തി. 

കളിയുടെ ആദ്യാവസാനം വിലയിരുത്തുമ്പോൾ മുന്നിട്ടു നിന്നതു ബ്ലാസ്റ്റേഴ്‌സ് തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. നിരവധി അവസരങ്ങൾ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന് സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. 

അവാർഡുകൾ

മത്സരം സമനിലയിൽ അവസാനിച്ചതിനാൽ ഇരു ടീമുകളും ക്ലബ് അവാർഡ് പങ്കിട്ടു. ടി പി രെഹനേഷിന് മാരുതി സുസുക്കി ലിമിറ്റ്ലെസ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചു. മത്സരത്തിന്റെ ഡിഎച്ച്എൽ വിന്നിംഗ് പാസ് മുഹമ്മദ് ലാർബി നേടി. ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡും ഹീറോ ഓഫ് ദ മാച്ച് അവാർഡും ജീക്സൺ സിംഗ് നേടി.

മുൻപോട്ട്

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ഐ‌എസ്‌എൽ ശനിയാഴ്ച വീണ്ടുമാരംഭിക്കും. നാലാം റാങ്കിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പോയിൻറ് ടേബിളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന എ‌ടി‌കെയെ എതിരിടും. ഇന്നത്തെ മത്സരത്തിൽ നിന്ന് ഒരു പോയിന്റ് നേടി ഒരു സ്ഥാനം മെച്ചപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് പ്രവേശിച്ചു. ഒരു പോയിന്റ് നേടി എട്ടാം സ്ഥാനം കേരളാബ്ലാസ്റ്റേഴ്‌സ് നിലനിർത്തി. പതിമൂന്നാം തീയതി ജംഷെഡ്പൂർ എഫ്‌സിക്കെതിരെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിവച്ചാണ് അടുത്ത കേരളാബ്ലാസ്റ്റേഴ്സിന്റെ മത്സരം.