ഇന്ന് ഗോവയിലെ ഫത്തോർഡേ സ്റ്റേഡിയത്തിൽ വച്ചുനടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ തകർത്ത് ആദ്യ കിരീട നേട്ടം സ്വന്തമാക്കി മുംബൈ സിറ്റി എഫ്സി. ഇരുപത്തിയൊമ്പതാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ താരം തിരിയുടെ സെൽഫ് ഗോളും തൊണ്ണൂറാം മിനിറ്റിൽ ബിപിൻ സിംഗ് നേടിയ ഗോളുമാണ് മുംബൈ സിറ്റിയിയെ വിജയ കിരീടത്തിലേക്ക് നയിച്ചത്. എടികെ മോഹൻ ബഗാനു വേണ്ടി ഡേവിഡ് വില്യംസും ഗോൾ നേടി. സീസണിലെ ലീഗ് ഷീൽഡ് കിരീടവും മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു. ഐഎസ്എൽ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ സിറ്റി എഫ്സി.

മികച്ച പ്രകടനമാണ് ആരംഭം മുതൽ ഇരു ടീമുകളും കാഴ്ചവച്ചത്. പക്ഷേ ഗോളവസരങ്ങൾ സൃഷ്ടിക്കുവാൻ ഇരുടീമുകൾക്കും സാധിച്ചില്ല. ആദ്യ പത്തു മിനിറ്റിനുള്ളിൽ ഒരു ഗോളവസരം പോലും നേടാൻ ഇരു ടീമിനും കഴിഞ്ഞില്ല. പതിനൊന്നാം മിനിറ്റിൽ മോഹൻ ബഗാന്റെ ഹാവി ഹെർണാണ്ടസിന്റെ ഫ്രീകിക് ആണ് ആദ്യ ഗോൾ ശ്രമം. എന്നാൽ പന്ത് മുംബൈ സിറ്റിയുടെ പോസ്റ്റിൽ തട്ടി പുറത്തേക്ക് തെറിച്ചു.

തുടർന്ന് പതിനാറാം മിനിട്ടിൽ മുംബൈ ബോക്സിലേക്ക് റോയ് കൃഷ്ണ തൊടുത്ത പന്ത് മുംബൈ ഗോൾകീപ്പർ അമരീന്ദർ സിങ് തട്ടിയകറ്റി. പിന്നീട് പതിനെട്ടാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. മുംബൈയ്ക്കെതിരേ മോഹൻ ബഗാൻ താരം ഡേവിഡ് വില്യംസാണ് ആദ്യ ഗോൾ നേടിയത്. മുംബൈ താരം അഹമ്മദ് ജാഹുവിനു സംഭവിച്ച പിഴവാണ് ഗോളിലേക്ക് നയിച്ചത്. മുംബൈ സിറ്റിയുടെ ബോക്സിനകത്തുവെച്ച് പന്ത് പാസ്സ് ചെയ്യാൻ മുംബൈ സിറ്റി എഫ്സി താരം അഹമ്മദ് ജാഹു ശ്രമിച്ചു. എന്നാൽ പന്ത് വരുതിയിലാക്കിയ റോയ് കൃഷ്ണ പന്ത് ഡേവിഡ് വില്യംസിന് കൈമാറി. ഡേവിഡ് വില്യംസ് അനായാസമായി വല തുളച്ചു.

ഇരുപത്തിയാറാം മിനിട്ടിൽ മുംബൈ സിറ്റി എഫ്സി താരം ആദം ലേ ഫോൺഡ്രേയുടെ ഒരു ലോങ്റേഞ്ചർ ഗോൾ ശ്രമത്തിൽ പന്ത് അരിന്ധം ഭട്ടാചാര്യം കൈയ്യിലൊതുക്കി. ഇരുപത്തിയെട്ടാം മിനിറ്റിൽ മോഹൻ ബഗാൻ താരം തിരിയുടെ സെൽഫ് ഗോളിലൂടെ മുംബൈ സിറ്റി എഫ്സി സമനില ഗോൾ നേടിയത്. ബിപിൻ സിങ്ങിനു വന്ന ലോങ് പാസ് ക്ലിയർ ചെയ്യാനായി ഒരു ഹെഡ്ഡറിലൂടെ തിരി ശ്രമിച്ചപ്പോൾ, ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യക്ക് തടയാനുള്ള അവസരം ബാക്കിനൽകാതെ പന്ത് ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിൽ പതിച്ചു. മത്സരം സമനിലയിലായി. നാൽപ്പതാം മിനിറ്റിൽ പക്ഷേ മുമ്പൈ സിറ്റി എഫ്സി ഹ്യൂഗോ ബൗമസിന്റെ മികച്ച ഷോട്ട് അരിന്ധം ഭട്ടാചാര്യ കഷ്ടപ്പെട്ട് തട്ടിയകറ്റി. നാല്പത്തിരണ്ടാം മിനിട്ടിൽ മോഹൻ ബഗാൻ താരം ലെനി റോഡ്രിഗസ്സിന്റെ ഗോൾ ശ്രമവും നാല്പത്തിയഞ്ചാം മിനിട്ടിൽ റോയ് കൃഷ്ണയുടെ ശ്രമവും ലക്ഷ്യം കണ്ടില്ല.

ആദ്യപകുതി അവസാനിക്കാൻ വെറും നിമിഷങ്ങൾ ബാക്കിനിൽക്കേ മുംബൈ സിറ്റി എഫ്സിയുടെ പ്രതിരോധതാരം അമേയ് റണവഡേ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ അമ്പത്തിയെട്ടാം മിനിറ്റിൽ മുംബൈ താരം ഹ്യൂഗോ ബൗമസിന് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അറുപത്തിയൊന്നാം മിനിറ്റിൽ മോഹൻ ബഗാൻ മുംബൈ ഗോൾ ശ്രമം വലതൊട്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഹാവി ഹെർണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ താരം റാക്കിബിന്റെ കാലിൽ തട്ടി സ്വന്തം വലയിലെത്തിയപ്പോൾ മോഹൻ ബഗാൻ താരങ്ങൾ സെൽഫ് ഗോളിനായി റഫറിയോട് തർക്കിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. എഴുപത്തിരണ്ടാം മിനിറ്റിൽ മുംബൈ താരം ഹാവി ഹെർണാണ്ടസിന്റെ ലോങ്റേഞ്ചർ ഗോൾകീപ്പർ അമരീന്ദർ തട്ടിയകറ്റി. പന്ത് അമരീന്ദറിന്റെ കൈയ്യിൽ തട്ടി പോസ്റ്റിൽ ഇടിച്ച് പുറത്തേക്ക് തെറിച്ചു. പിന്നീട് തൊണ്ണൂറാം മിനിട്ടിൽ മുംബൈ സിറ്റി എഫ്സിയുടെ വിജയഗോൾ പിറന്നു. ബിപിൻ സിങ്ങാണ് മുംബൈ ടീമിനായി ഗോൾ നേടിയത്. മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.

പന്തെടുക്കാനായി ബോക്സിന് പുറത്തേക്ക് എത്തിയ ഗോൾകീപ്പറിൽ നിന്നും പന്ത് വരുതിയിലാക്കിയ ബർത്തലോമി ഒഗ്ബെച്ചെ പന്തുമായി ബോക്സിനകത്തേക്ക് കുതിച്ച് നൽകിയ പാസിൽ ബിപിൻ സിങ് അനായാസമായി ഗോൾ നേടുകയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സി വിജയം സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായാണ് മുംബൈ സിറ്റി കിരീടം ചൂടുന്നത്.

വിജയഗോൾ നേടിയ മുംബൈയുടെ ബിപിൻ സിങ്ങാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് ബാർത്തലോമി ഒഗ്ബെച്ചെയും സ്വന്തമാക്കി.

സീസണിലെ വിന്നിങ് പാസ് ഓഫ് ദ സീസൺ അവാർഡ് ഗോവയുടെ ആൽബെർട്ടോ നൊഗുവേര സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ് മോഹൻ ബഗാൻ താരം അരിന്ധം ഭട്ടാചാര്യയും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് എഫ്സി ഗോവൻ ഇഗോർ അംഗൂലോയും സ്വന്തമാക്കി. വളർന്നുവരുന്ന യുവതാരത്തിനുള്ള എമേർജിങ് പ്ലെയർ ഓഫ് ദ സീസൺ അവാർഡ് നോർത്ത് ഈസ്റ്റ് താരം ലാലങ് മാവിയ അപൂയിയ നേടിയപ്പോൾ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദി ലീഗ് അവാർഡ് മോഹൻ ബഗാൻ താരം റോയ് കൃഷ്ണ സ്വന്തമാക്കി.