ഇന്ത്യൻ സൂപ്പർ ലീഗിന്റെ തിയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ആരാധക സാന്നിധ്യമില്ലാത്ത രണ്ടു സീസണുകൾക്കപ്പുറം വീണ്ടും ആരാധകരെ സ്റ്റേഡിയത്തിൽ അനുവദിച്ചുകൊണ്ടാണ്‌ ഈ ഒൻപതാം സീസൺ വരുന്നത്. ഉദഘാടന മത്സരം കൊച്ചിയിൽ, തുടർന്നുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മൂന്നു മത്സരങ്ങളും കൊച്ചിയിൽ. മറ്റെന്തു വേണം ആഘോഷിക്കാൻ ഇനി ആരാധകർക്ക്?!

2020 മുതല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഗോവയിൽ ആരാധകർക്ക് പ്രവേശനമില്ലാതെ ക്ലോസ്ഡ് സ്‌റ്റേഡിയങ്ങളില്‍ ആയിരുന്നു ഐഎസ്എല്‍ മത്സരങ്ങൾ അരങ്ങേറിയിരുന്നത്. 2020 - 2021 സീസണില്‍ പുതിയ പരിശീലകൻ കിബു വികുനയുടെ കീഴിൽ കാര്യമായ നേട്ടങ്ങളൊന്നും രേഖപ്പെടുത്താനാകാതെ വന്നപ്പോൾ അദ്ദേഹം പരിശീലക സ്ഥാനം ഒഴിഞ്ഞു. പരിശീലകൻ കിബുവിന്റെ അഭാവത്തിൽ അസിസിറ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദിന്റെ കീഴിലും സ്ഥിയിൽ മാറ്റമൊന്നുമില്ലാതെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടം അവസാനിച്ചു. 

2021 - 2022 സീസണില്‍ സെര്‍ബിയന്‍ പരിശീലകന്റെ ഇവാന്‍ വുകോമനോവിച്ചിന്റെ  നേതൃത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഫൈനലില്‍ പ്രവേശിച്ചു. ഫൈനലിൽ ഹൈദെരാബാദിനോട് തോൽവി വഴങ്ങിയെങ്കിലും ഏറെ പ്രതീക്ഷകൾ വരും സീസണിലേക്ക് ആരാധകർക്ക് നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് കളമൊഴിഞ്ഞത്.

പതിവിലും ഏറെ മുൻപ് 2022 - 2023 സീസണിലേക്കായി കൊച്ചിയിൽ പ്രീ-സീസൺ പരിശീലനം ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് തുടര്‍ന്ന് യുഎഇ യിലേക്ക് പോവുകയും ഒരു സന്നാഹ മത്സരം കളിക്കുകയും ചെയ്തു. യുഎഇ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ ജസീറ അല്‍ ഹംറ എഫ്സിയുമായുള്ള മത്സരത്തില്‍ 5 - 1 ന്റെ ഏകപക്ഷീയ ജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഈ ജയവും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. എന്തായാലും പ്രതീക്ഷകൾ വെറുതെയാകില്ല എന്ന സൂചനകൾ നൽകി മികച്ച സൈനിംഗുകളും കേരളാ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മറ്റു ചില പ്രത്യേകതകൾ കൂടി സീസണിലുണ്ട്. കഴിഞ്ഞ സീസണുകളിൽ എടികെ മോഹൻ ബഗാനും കേരളാ ബ്ലാസ്റ്റേഴ്‌സുമായിരുന്നു കന്നി മത്സരത്തിലെ സ്ഥിരം ടീമുകൾ. പതിവിൽ നിന്ന് വിപരീതമായി  ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളുമാണ് ഏറ്റുമുട്ടുന്നത്. ഹോം സ്റ്റേഡിയത്തിൽ പത്തു മത്സരങ്ങളും മറ്റു ടീമുകളുടെ സ്റ്റേഡിയങ്ങളിലായി പത്തു എവേ മത്സരങ്ങളും ലീഗ് ഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കും. ഒക്ടോബർ പതിനാറിന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ എഫ്‌സിയെ നേരിടും. ഒക്ടോബര്‍ 16ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചു തന്നെയാണ് ഈ മത്സരവും അരങ്ങേറുക.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിയുടെ 2022 - 2023 സീസണ്‍ ഐഎസ്എല്‍ ഫിക്‌സ്ചര്‍:

തീയതി, മത്സരം, വേദി, സമയം എന്ന ക്രമത്തില്‍

ഒക്ടോബര്‍ 7 : കേരള ബ്ലാസ്‌റ്റേഴ്‌സ് x ഈസ്റ്റ് ബംഗാള്‍, കൊച്ചി, 7.30 pm

ഒക്ടോബര്‍ 16 : കേരള ബ്ലാസ്‌റ്റേഴ്‌സ് x എ ടി കെ മോഹന്‍ ബഗാന്‍, കൊച്ചി, 7.30 pm

ഒക്ടോബര്‍ 23 : കേരള ബ്ലാസ്‌റ്റേഴ്‌സ് x ഒഡീഷ എഫ് സി, ഭുവനേശ്വർ, 7.30 pm

ഒക്ടോബര്‍ 28 : കേരള ബ്ലാസ്‌റ്റേഴ്‌സ് x മുംബൈ സിറ്റി, കൊച്ചി, 7.30 pm

നവംബര്‍ 05 : കേരള ബ്ലാസ്‌റ്റേഴ്‌സ് x നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഗുവാഹത്തി, 7.30 pm

നവംബര്‍ 13 : കേരള ബ്ലാസ്‌റ്റേഴ്‌സ് x എഫ് സി ഗോവ, കൊച്ചി, 7.30 pm

നവംബര്‍ 19 : കേരള ബ്ലാസ്‌റ്റേഴ്‌സ് x ഹൈരദാബാദ് എഫ് സി, ഹൈദരാബാദ്, 7.30 pm

ഡിസംബര്‍ 04 : കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പുര്‍ എഫ് സി, ജംഷഡ്പുര്‍, 7.30 pm

ഡിസംബര്‍ 11 : കേരള ബ്ലാസ്റ്റേഴ്‌സ് x ബംഗളൂരു എഫ് സി, കൊച്ചി, 7.30 pm

ഡിസംബര്‍ 19 : കേരള ബ്ലാസ്റ്റേഴ്‌സ് x ചെന്നൈയിന്‍ എഫ് സി, ചെന്നൈ, 7.30 pm

ഡിസംബര്‍ 26 : കേരള ബ്ലാസ്റ്റേഴ്‌സ് x ഒഡീഷ എഫ് സി, കൊച്ചി, 7.30 pm