ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എടികെ മോഹൻ ബഗാൻ എഫ്‌സിയെ നേരിടും. നടക്കുന്നത് ബ്ലാസ്റ്റേഴ്സിന് പതിനഞ്ചാം മത്സരവും എടികെയുടെ പതിനാലാം മത്സരവുമാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ഇതിനു മുൻപ് അവസാനമായി ഏറ്റുമുട്ടിയപ്പോൾ റോയ് കൃഷ്ണ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ മോഹൻ ബഗാൻ വിജയം സ്വന്തമാക്കിയിരുന്നു.

ഇതുവരെ 13 മത്സരങ്ങൾ പൂർത്തിയാക്കിയ എടികെ മോഹൻ ബഗാൻ 7 ജയവും, 3 സമനിലയും, 3 തോൽവിയും സ്വന്തമാക്കി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.  ജംഷെഡ്പൂർ എഫ്സി, മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളോട് മാത്രമാണ് ഏഴാം സീസണിൽ എടികെ മോഹൻ ബഗാൻ പരാജയപ്പെട്ടത്.  എന്നാൽ സീസന്റെ രണ്ടാം പകുതിയിൽ ടീമിന്റെ പ്രകടനം താരതമ്യേന മോശമാണ്. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ 1 ജയവും, 2 സമനിലയും, 2 തോൽവിയും നേടി അഞ്ചു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് രണ്ടിനെതിരെ ഒരു ഗോളിന് തോൽവി വഴങ്ങിയതിനു ശേഷമാണു ഇന്ന് എടികെ കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയാണ് എടികെ മോഹൻ ബഗാൻ ടീമിനുള്ളത്. എന്നാൽ പ്രതിരോധ ശൈലിയാണ് അവസാന മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്ന് അവരെ പിന്നോട്ട് നയിച്ചത്. നിലവിൽ പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീം കൗണ്ടർ അറ്റാക്കുകളിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നു. അവസാന മിനിറ്റുകളിൽ മാത്രമായി ഗോളിനായി ശ്രമിക്കുന്ന പ്രവണതയും കാണുന്നുണ്ട്. പക്ഷെ ഈ സാഹചര്യത്തിലും ഈ സീസണിൽ 7 മത്സരങ്ങൾ ബാക്കിയുള്ള എടികെ മോഹൻ ബഗാന് പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ സാധാരണഗതിയിൽ ഇനി പരമാവധി മൂന്നു മത്സരങ്ങൾ വിജയിച്ചാൽ മതിയാകും.

മറുവശത്ത് പൂർത്തിയാക്കിയ പതിനാലു മത്സരങ്ങളിൽ നിന്നായി അഞ്ചു തോൽവിയും ആറു സമനിലയും മൂന്നു വിജയവുമാണ് ഏഴാം സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പതിനാലു മത്സരങ്ങളിൽ നിന്നായി പതിനഞ്ചു പോയിന്റ് സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒൻപതാം സ്ഥാനത്താണ്. ലീഗിന്റെ ആദ്യ പകുതിയേ അപേക്ഷിച്ച് താരതമ്യേന മികച്ച പ്രകടനമാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ടീം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും തോൽവി വഴങ്ങാത്ത ടീം  വിജയവും മൂന്നു സമനിലയും സ്വന്തമാക്കി. ജംഷെഡ്പൂർ എഫ്‌സിയുമായി നടന്ന അവസാന മത്സരത്തിൽ ടീം ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. എന്നാൽ പ്ലേയ് ഓഫിലേക്ക് കടക്കാൻ നാളത്തെ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ  മത്സരവിജയം ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.  ഫക്കുണ്ടോ പെരേരയുടെ പരിക്ക് ടീമിന് വെല്ലുവിളിയാകും. എന്നാൽ അവസാനത്തെ മത്സരത്തിൽ കളത്തിലിറങ്ങാൻ കഴിയാതിരുന്ന രാഹുൽ കെപി, ജീക്സൺ സിംഗ് എന്നീ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിലിറങ്ങാൻ കഴിയുമെന്നത് ടീമിന് ആത്മവിശ്വാസം നൽകുന്നു.

കേരള ബ്ലാസ്റ്റേഴ്സ് vs എടികെ മോഹൻ ബഗാൻ സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്

ഫോർമേഷൻ: 4-4-1-1

ആൽബിനോ ഗോമസ്, സന്ദീപ് സിംഗ്, കോസ്റ്റ നമോയ്നേസു, ജീക്സൺ സിംഗ്, ജെസ്സെൽ കാർനെയ്റോ, രാഹുൽ കെപി, വിസെൻ്റ് ഗോമസ്, ജുവാണ്ടെ ലോപ്പസ്, സഹൽ അബ്ദുൾ സമദ്, ഗാരി ഹൂപ്പർ, ജോർദാൻ മുറേ

എടികെ മോഹൻ ബഗാൻ

ഫോർമേഷൻ: 3-4-1-2

അരിന്ദാം ഭട്ടാചാര്യ, പ്രീതം കോട്ടൽ, സന്ദേശ് ജിംഗൻ, ടിരി, പ്രബീർ ദാസ്, പ്രണോയ് ഹാൾഡർ, കാൾ മക്ഹ്യൂഗ്, സുഭാഷിഷ് ബോസ്, ജാവി ഹെർണാണ്ടസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ

മത്സരത്തിന്റെ വിവരങ്ങൾ

മത്സരം: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs എടികെ മോഹൻ ബഗാൻ

തീയതി: ജനുവരി 31, 2020

സമയം: 07:30 PM

സ്ഥലം: ഫത്തോർഡ സ്റ്റേഡിയം, ഗോവ