മണിപ്പൂരിൽ നിന്നും മറ്റൊരു യുവ പ്രതിഭ കൂടി കേരള ബ്ലാസ്റ്റേഴ്സിൽ. പ്രതിഭാശാലിയായ യുവ താരത്തെ ടീമിൽ എത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്. മണിപ്പൂർ സ്വദേശിയായ 18 വയസ്സ് മാത്രം പ്രായമുള്ള ഡബിൾ ഫൂട്ടഡ് പ്ലയെർ ഗിവ്സൺ സിങ് മൊയ്റാങ്‌തത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-19, അണ്ടർ-20 ദേശീയ യൂത്ത് ടീമുകളുടെ ഭാഗമാണ് ഗിവ്‌സൺ. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസ് നിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഗിവ്സൺ സിങ് 3 വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. സെൻട്രൽ മിഡ്ഫീൽഡർ ആണെങ്കിലും വിങ്ങർ ആയും സ്‌ട്രൈക്കർ ആയും ഫുൾബാക്ക് ആയും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് ഗിവ്സൺ സിങ്. കേരളബ്ലാസ്റ്റേഴ്‌സ് മുൻ ഗോൾകീപ്പർ ധീരജ് സിങ്ങും ഗിവ്സൺ സിങും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

മണിപ്പൂരിലെ മൊയ്റാങ് എന്ന സ്ഥലത്താണ് ആണ് ഗിവ്സൺ സിങിന്റെ ജനനം. ഗിവ്സൺ സിങിനെ ഫുട്ബോൾ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് സഹോദരൻ ബിദ്ധ്യാനന്ദ സിങ് ആയിരുന്നു. നെരോക്ക എഫ്സി, മൊഹമ്മദൻസ് എഫ്സി തുടങ്ങിയ ക്ലബുകൾക്കായി കളിച്ച താരമായിരുന്നു ബിദ്ധ്യാനന്ദ സിങ്. അടുത്ത ഗ്രാമത്തിലെ അക്കാഡമിയിൽ നിന്ന് ഫുട്ബാളിന്റെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഗിവ്‌സൺ സിങ്ങിനെ അക്കാഡമിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മിനർവാ പഞ്ചാബ് എഫ്സിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവിടെ നിന്നാണ് താരത്തിന് ഐ ലീഗ് അണ്ടർ-16 ടീമിലേക്ക് പ്രവേശനം ലഭിച്ചത്. തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ 2016-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കഴിവുകളുടെ കേന്ദ്രം ആയ എഐഎഫ്എഫ് എലൈറ്റ് അക്കാഡമിയിൽ ഇടം നേടാൻ ഗിവ്സൺ സിങ്ങിനു കഴിഞ്ഞു. പിന്നീട് ഇന്ത്യയുടെ അണ്ടർ-16 ടീമിലേക്കു യോഗ്യത നേടിയ ഗിവ്സൺ സിങ് പിന്നീട് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാൾ ആയി മാറി. 2018-ൽ മലേഷ്യയിൽ നടന്ന എഎഫ്സി അണ്ടർ-16 ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽസിനു യോഗ്യത നേടാൻ ഇന്ത്യൻ അണ്ടർ-16 ടീമിനു ഗിവ്സൺ സിങിന്റെ മിന്നും ഫോം തുണയായി.

എലൈറ്റ് അക്കാഡമിയിലെ 3 വർഷത്തെ വിദഗ്ദ്ധ പരിശീലനത്തിനു ശേഷം ഗിവ്സൺ സിങ് 2019-ൽ ഇന്ത്യൻ ആരോസിൽ എത്തി. കഴിഞ്ഞ സീസണിൽ ഗോകുലം എഫ്സിക്കെതിരെയായിരുന്നു ഗിവ്സൺ സിങിന്റെ ഐ ലീഗ് അരങ്ങേറ്റം. 2 ഗോളുകളും 2 അസിസ്റ്റുകളും ആണ് സീസണിൽ ഗിവ്സൺ സിങ് നേടിയത്. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദെയ്‌സിനെതിരെ സമനില ഗോൾ നേടി ഇന്ത്യൻ ആരോസിന്റെ വിജയത്തിൽ പങ്കാളിയാകാനും പഞ്ചാബ് എഫ്സിക്കെതിരെ ഇഞ്ചുറി ടൈം പെനാൽറ്റി ഗോൾ വലയിൽ എത്തിച്ചു ടീമിനു സമനില നേടിക്കൊടുക്കാനും ഗിവ്സൺ സിങ്ങിനു കഴിഞ്ഞു. 2019-2020 ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിന്റെ 16 മത്സരങ്ങളിലും കളിച്ച താരമാണ് ഗിവ്സൺ സിങ്. 1340 മിനിറ്റുകൾ ഗിവ്സൺ സിങ് കളത്തിൽ ഉണ്ടായിരുന്നു. 863 പാസ്സുകളും 52 ഇന്റർസെപ്ഷ്ൻസും 42 ഡ്രിബിളുകളും ലിസ്റ്റിൽ ഉൾപ്പെടുന്നു. 78% ആയിരുന്നു ഗിവ്സൺ സിങിന്റെ പാസ്സിങ്‌ ആക്യുറസി. വിക്രം പ്രതാപ് സിങ് – ആയുഷ് അധികാരി- ഗിവ്‌സൺ സിങ് ത്രയം ആയിരുന്നു കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന്റെ നട്ടെല്ല്.

ഒന്നിലധികം പൊസിഷനുകൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഗിവ്സൺ സിങ് എന്ന യുവ താരം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ കിബു വികുനയ്ക്കു തീർച്ചയായും പ്രതീക്ഷ നൽകുന്നു.18 വയസ്സ് മാത്രം പ്രായം ഉള്ള ഈ യുവ പ്രതിഭയ്ക്ക് മുന്നിൽ ധാരാളം സമയം ഉണ്ട്. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കുള്ള പ്രതിഭാശാലിയായ ഗിവ്സൺ സിങ്ങിന്റെ ട്രാൻസ്ഫർ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ട്രാൻസ്ഫെറുകളിൽ ഒന്നായി വിലയിരുത്താം.