കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം സന്ദീപ് സിങ്ങുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടു. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 വർഷം കൂടി കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് കരാർ. ഐ ലീഗ് ക്ലബ് ആയ ട്രാവു എഫ്സിയിൽ നിന്നുള്ള പ്രതിരോധനിര താരമായ, 25 വയസുള്ള സന്ദീപ് സിങ്, മണിപ്പൂരിലെ ഇംഫാൽ സ്വദേശിയാണ്. 

"ഈ അഭിമാനകരമായ ക്ലബിന്റെ ഭാഗമാകാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ പുതിയ ടീമിനെ കണ്ടുമുട്ടാനും വരാനിരിക്കുന്ന സീസണിൽ ഒരുമിച്ച് പ്രവർത്തിക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എല്ലായ്പ്പോഴും ടീമിന് വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഈ പിന്തുണ തുടർന്ന് ലഭിക്കുമെന്നും അവർക്ക് അഭിമാനം നൽകുന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. " ബ്ലാസ്റ്റേഴ്‌സുമായി പുതിയ പങ്കാളിത്തത്തെക്കുറിച്ച് സന്ദീപ് സിംഗ് പ്രതികരിച്ചു.

തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കത്തിൽ ലോക്കൽ ടൂർണ്ണമെന്റുകളിൽ കളിക്കാനിറങ്ങുകയും തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സന്ദീപ് സിങിനെ 2010-2011ൽ ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഇന്റർസ്കൂൾ ചാംപ്യൻഷിപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കുകയായിരുന്നു. സുബ്രതോ കപ്പിൽ മികച്ച പ്രകടനം നടത്തിയ സന്ദീപ് സിങ്ങിനെ ഗോവയിൽ നടക്കുന്ന ഇന്ത്യൻ അണ്ടർ-19 ടീമിന്റെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.  ആ ക്യാമ്പ് സന്ദീപ് സിങിന്റെ ഫുട്ബോൾ കരിയറിനു വഴിത്തിരിവായി.

പിന്നീട് രാജ്യത്തെ പ്രശസ്ത അക്കാഡമിയായ ഷില്ലോങ് ലജോങ് എഫ്സി അക്കാഡമിയിയുടെ ഭാഗമായ സന്ദീപ് സിങ് അക്കാഡമിയിലെ വിദഗ്ദ്ധ പരിശീലനത്തോടൊപ്പം 2012 മുതൽ ജൂനിയർ ടീമുകൾക്കായികളിക്കാൻ തുടങ്ങി. സന്ദീപ് സിങ്ങിന്റെ സീനിയർ ടീമിലെ അരങ്ങേറ്റം 2015 സീസൺ ഐ ലീഗിൽ ഷില്ലോങ് ലജോങ് ടീമിനൊപ്പം പൂണെ എഫ് സിക്കെതിരെ ആയിരുന്നു. പൂണെയിലെ ബലേവാഡി സ്പോർട്സ് കോംപ്ലക്സിൽ ആയിരുന്നു മത്സരം. 2013 മുതൽ 4 വർഷത്തോളം സന്ദീപ് ഷില്ലോങ് ലജോങ്ങിൽ തുടർന്നു. സന്ദീപ് സിങ് തന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലകൻ ആയ എഎഫ്സിയുടെ പ്രോ ലൈസൻസ് നേടിയിട്ടുള്ള മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനും റിസർവ് ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടറുമായിരുന്ന താങ്‌ബോയ് സിങ്‌ടോയെ കണ്ടുമുട്ടിയതും ഷില്ലോങ് ലജോങ്ങിൽ വച്ചായിരുന്നു. 2017-ൽ ഷില്ലോങ് ലജോങ്ങിൽ നിന്നും മണിപ്പൂരി സ്റ്റേറ്റ് ലീഗ് ക്ലബ്‌ ആയ സാഗോൾബാൻഡ് യുണൈറ്റഡ് എഫ്സിയിൽ എത്തിയ സന്ദീപ് സിങ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പിന്നീട് ഡിവിഷൻ ലീഗ് ക്ലബ്‌ ആയ ട്രാവു എഫ്സിയിൽ എത്തിയ സന്ദീപ് സിങ് അവർക്കായി 8 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും ഒരു ഗോൾ നേടുകയും ചെയ്തു. ട്രാവു എഫ് സിയിൽ കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 4 മാസത്തെ ലോണിൽ സന്ദീപ് സിങ്ങിനെ ഇന്ത്യൻ സൂപ്പർ ലീഗ് ടീം ആയ എടികെ തങ്ങളുടെ ടീമിൽ എത്തിച്ചു. എന്നാൽ എ ടി കെയിൽ എത്തിയ സന്ദീപ് സിങ്ങിനു ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ലോൺ കാലാവധി പൂർത്തിയാക്കി വീണ്ടും ട്രാവു എഫ്സിയിൽ തിരിച്ചെത്തിയ സന്ദീപ് സിങ്, ട്രാവു എഫ്സിയുടെ പ്രതിരോധനിരയിലെ വന്മതിലായി മാറി. 2019-2020 സീസണിൽ ചരിത്രത്തിൽ ആദ്യമായി ഐ ലീഗിൽ ട്രാവു എഫ്സി മത്സരിക്കാനിറങ്ങി. ട്രാവു എഫ്സിയുടെ കന്നി ഐ ലീഗ് സീസണിലെ മികച്ച പ്രകടനത്തിൽ നിർണ്ണായക വഹിച്ച താരങ്ങളിൽ ഒരാൾ സന്ദീപ് സിങ് ആയിരുന്നു. ട്രാവു എഫ്സിയിലെ തുടർച്ചയായ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ സന്ദീപ് സിങ്ങിനെ ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബുകൾ മുന്നിട്ടിറങ്ങി. എന്നാൽ ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സന്ദീപ് സിങ്ങുമായി കരാറിൽ എത്തുകയായിരുന്നു.

മികച്ച ശാരീരിക ക്ഷമതയുള്ള പ്രതിഭാശാലിയായ സെന്റർ ബാക്ക് ആണ് സന്ദീപ് സിങ്. ടൈറ്റ് മാൻ മാർക്കിങ്ങിലും മിടുക്കൻ ആണ് സന്ദീപ്. വൺ ടു വൺ ബോളുകളും ഏരിയൽ ബോളുകളും വിൻ ചെയ്യാൻ വിദഗ്ദ്ധൻ ആയ സന്ദീപ് ടാക്കിളുകളിലും മികച്ചു നിൽക്കുന്ന താരമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുന്നതിനും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ആരാധകരായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു മുമ്പിൽ കളിക്കുന്നതിനായി കാത്തിരിക്കുകയാണ് സന്ദീപ് സിങ്.