ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോർദാൻ മറെയെ എഎഫ്സി പ്ലയെർ ക്വാട്ടയിലേയ്ക്ക് ടീമിലെത്തിച്ച് കേരളാബ്ലാസ്‌റ്റേഴ്‌സ്. ഓസ്‌ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിൽ നിന്നാണ് താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്. വെറും 25 വയസുപ്രായമുള്ള മറെ 2018 ഓസ്ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി, ലീഗിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ താരമാണ്.

പ്രൊഫഷണൽ ഫുട്ബോൾ കരിയർ

ഓസ്ട്രേലിയൻ തീരദേശ നഗരമായ വൊല്ലോങ്‌ഗോങ്ങിൽ ജനിച്ച മറെയുടെ പിതാവും ഫുട്ബോൾ താരമായിരുന്നു. ഓസ്‌ട്രേലിയൻ ടോപ് ഡിവിഷൻ ലീഗിൽ എപിഐഎ ലെയ്ചാർഡ്റ്റിനും വൊല്ലോങ്‌ഗോങ്‌ വോൾവ്‌സിനും വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള താരമായിരുന്നു അദ്ദേഹം. വളരെ ചെറുപത്തിൽ തന്നെ മറെ ഫുട്ബാളിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് ഒരു ഫുട്ബോൾ താരമാകണം എന്ന ആഗ്രഹവും മറെയ്ക്കുണ്ടായിരുന്നു. ന്യൂ സൗത്ത് വെയ്ൽസിലെ വൊല്ലോങ്‌ഗോങ്ങിലെ റൗണ്ട് ബോൾ ഫുട്ബോൾ നഴ്സറിയിൽ ആദ്യകാല പരിശീലനം നേടിയ മറെ പിന്നീട് ലെയ്ചാർഡ്റ്റ് ഫുട്ബോൾ അക്കാഡമിയുടെ ഭാഗമായി.

ജോർദാൻ തന്റെ കരിയറിലെ ആദ്യ പ്രൊഫഷണൽ കരാറിൽ ഏർപ്പെടുന്നതിനു മുമ്പുതന്നെ കാലിനു ഗുരുതര പരിക്കേറ്റു. എങ്കിലും കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് പ്രതിസന്ധികളെ മറികടന്നു ജോർദാൻ മടങ്ങിയെത്തി. ലെയ്ചാർഡ്റ്റ് അക്കാഡമിയിലെ പരിശീലനത്തിനു ശേഷം 2014-ൽ ഓസ്‌ട്രേലിയൻ നാഷണൽ പ്രീമിയർ ലീഗ് ടീമായ സൗത്ത് കോസ്റ്റ് വോൾവ്സുമായി ജോർദാൻ കരാറിൽ എത്തി. ടീമിനായി 2014-2015 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ നേടിയ ജോർദാൻ  പ്രസ്തുത സീസണിൽ ക്ലബിന്റെ ടോപ് സ്കോററായി മാറി. വീണ്ടും സൗത്ത് കോസ്റ്റ് വോൾവ്‌സിനായി 2016 സീസണിൽ 7 ഗോളുകൾ നേടിയ ജോർദാൻ മികച്ച ഫോമിലേക്കുയർന്നു. തുടർന്നു തൊട്ടടുത്ത സീസണിൽ നാഷണൽ പ്രീമിയർ ലീഗ് ടീമായ എപിഐഎ ലെയ്ചാർഡ്റ്റിൽ എത്തിയ ജോർദാൻ സൗത്ത് കോസ്റ്റ് വോൾവ്‌സിനായി 2017 സീസണിൽ 24 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടി ക്ലബിനു 30 വർഷത്തിനു ശേഷം നാഷണൽ പ്രീമിയർഷിപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

2018 സീസണിൽ എപിഐഎ ടീമിൽ മികച്ച പ്രകടനമാണ് ജോർദാൻ കാഴ്ചവച്ചത്. 19 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടി നാഷണൽ പ്രീമിയർഷിപ്പ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് നേട്ടവും ആ സീസണിലെ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും ജോർദാന്റേതായി മാറി. ആ സീസണിൽ അദ്ദേഹത്തിന്റെ പ്രകടന മികവിൽ തുടർച്ചയായ രണ്ടാം നാഷണൽ പ്രീമിയർഷിപ്പ് കിരീടം നേടാനും എപിഐഎക്കു കഴിഞ്ഞു. 2018 ഓഗസ്റ്റിൽ ഓസ്‌ട്രേലിയൻ എ-ലീഗ് ക്ലബ്ബ് ആയ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സുമായി ഒരു വർഷത്തേക്ക് ജോർദാൻ കരാറിൽ എത്തി. 2018-2019 സീസണിൽ നാഷണൽ പ്രീമിയർഷിപ്പിൽ നിന്നും എ-ലീഗിൽ എത്തിയ ജോർദാൻ തുടക്കത്തിൽ എ-ലീഗിലെ മത്സരസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ചു ബുദ്ധിമുട്ടി.

2018-2019 എ-ലീഗ് സീസണിൽ 23 മത്സരങ്ങൾ കളിച്ച ജോർദാൻ ടീമിനായി 3 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി. 2019 ഏപ്രിലിൽ ജോർദാനുമായുള്ള കരാർ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് 2 വർഷത്തേക്കു കൂടി പുതുക്കി. 2019-2020 സീസണിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിനായി എ-ലീഗിൽ 18 മത്സരങ്ങളിൽ ആണ് ജോർദാൻ കളിക്കാനിറങ്ങിയത്. സീസണിൽ എ-ലീഗിൽ മോശം പ്രകടനമാണ് സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനു കാഴ്ചവയ്ക്കാനായത്. എന്നാലും 4 ഗോളുകളും 2 അസിസ്റ്റുകളും സീസണിൽ ജോർദാൻ സ്വന്തമാക്കി. ഭൂരിഭാഗം മത്സരങ്ങളിലും ജോർദാൻ സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനിറങ്ങി. മോശം പ്രകടനം 2019-2020 സീസണിലും തുടർന്ന സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ് തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും എല്ലായിപ്പോഴും ടീമിനൊപ്പം സാമാന്യ നിലവാരമുള്ള പ്രകടനമാണ് ജോർദാൻ കാഴ്ചവച്ചത്.

ബ്ലാസ്റ്റേഴ്സനൊപ്പം ജോർദാന്റെ ഭാവി?

മികച്ച സ്കിൽസും ടെക്‌നിക്കൽ എബിലിറ്റിയുമുള്ള ജോർദാൻ ഒരു ഒരു ക്ലിനിക്കൽ ഫിനിഷർ ആണ്. കൃത്യമായ പൊസിഷനുകളിൽ കൃത്യ സമയത്തു എത്താൻ കഴിവുള്ള സ്‌ട്രൈക്കർ. വേഗതയും ഡ്രിബ്ലിങ് സ്കിൽസും മികച്ച ഹെഡ്ഡിംഗ് എബിലിറ്റിയുമുള്ള ജോർദാൻ എതിരാളികൾ ഭയപ്പെടുന്ന സ്‌ട്രൈക്കറാണ്. ജോർദാന്റെ ബുള്ളറ്റ് ഷോട്ടുകളിലൂടെയുള്ള ഗോൾ വേട്ട പ്രസിദ്ധമാണ്. ആത്മവിശ്വാസം കൈമുതലായുള്ള ജോർദാൻ കഠിനാദ്ധ്വാനിയായ ഫുട്ബോൾ താരം കൂടിയാണ്. ഭാവിയിൽ എഎഫ്സി കപ്പ് മത്സരങ്ങൾക്കു ബ്ലാസ്റ്റേഴ്‌സിന് യോഗ്യത ലഭിച്ചാൽ ടീമിലെ എഎഫ്സി പ്ലയെറിന്റെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്താനാകും. പ്രായവും അദ്ദേഹത്തിന്റെ മറ്റൊരു അഡ്വാൻറ്റേജ് ആണ്.

തികച്ചും വ്യത്യസ്തമായ കാലാവസ്ഥയിൽ നിന്നുവരുന്ന ജോർദാന് ഇന്ത്യയിലെ മത്സരസാഹചര്യങ്ങളോടും കാലാവസ്ഥയോടും പൊരുത്തപ്പെടുന്നതാണ് ആദ്യ വെല്ലുവിളി. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സനൊപ്പം വരുന്ന സീസണുകളിലെ ജോർദാന്റെ പ്രകടനം മികച്ചതാകുമെന്ന കാര്യത്തിൽ സംശയമില്ല.