ഗോവയിൽ നടക്കുന്ന റിലൈന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം.  മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 23 ടീം മറുപടി ഇല്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ് സിയെ കീഴടക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നാല്പത്തിയഞ്ചാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ ആയുഷ് അധികാരി നേടിയ ഗോളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ 1 - 0-ന്റെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുംബൈ സിറ്റിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ സമയോചിതമായി പ്രധിരോധിച്ചാണ് മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് മുന്നേറിയത്.  മത്സരത്തിൽ മുംബൈ സിറ്റി താരം അമന്‍ സയ്യീദിന്റെ ഗോള്‍ എന്നുറപ്പിച്ച ഷോട്ട് സച്ചിന്‍ സുരേഷ് അവസരോചിതമായി രക്ഷപ്പെടുത്തിയിരുന്നു.

റിലൈന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സി തോൽപ്പിച്ചിരുന്നു. അന്ന് 17ആം മിനിറ്റില്‍ വിന്‍സി ബാരെറ്റോയും 36ആം മിനിറ്റിലെ മുംബൈ താരം പൗഗോമസ് സിംഗ്‌സന്റെ സെൽഫ് ഗോളുമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന് 2 - 0ന്റെ വിജയം സമ്മാനിച്ചത്. ആയുഷ് അധികാരി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

റിലൈന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ് ഫുട്‌ബോളില്‍ ഏപ്രിൽ 23ആം തീയതി ചെന്നൈയിന്‍ എഫ്സിക്ക് എതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മൂന്നാം മത്സരം. ഏപ്രില്‍ 15ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് മേയ് 12 നീളും. ഏഴ് ഐഎസ്എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും രണ്ട് റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സ് ടീമുകളും ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഒപ്പം ഹൈദാരാബാദ് എഫ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ്സി, ചെന്നൈയിന്‍ എഫ്സി, ജംഷഡ്പുര്‍ എഫ്സി  എന്നീ ടീമുകളാണ് ചാമ്പ്യൻഷിപ്പിലെ മറ്റ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ.