ഇന്ത്യൻ സൂപ്പർ ലീഗിലെ അറുപത്തിയെട്ടാം മത്സരത്തിൽ ഗോവയ്‌ക്കെതിരെ സമനില നേടി കേരളാബ്ലാസ്റ്റേഴ്‌സ്. ഗോവയിലെ ബംബോലിം ജിഎംസി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - പ്ലേയിംഗ് ഇലവൻ

ആൽബിനോ ഗോമസ് (ജി കെ), സന്ദീപ് സിംഗ്, ബക്കാരി കോൺ, ഫക്കുണ്ടോ പെരേര, ജീക്സൺ സിംഗ്, രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, വിസെന്റെ ഗോമസ് (സി), ജുവാണ്ടെ, യോന്ദ്രെംബെം ദെനേചന്ദ്ര, ഗാരി ഹൂപ്പർ.

എഫ്സി ഗോവ - പ്ലേയിംഗ് ഇലവൻ

നവീൻ കുമാർ (ജി കെ), ഇവാൻ ഗോൺസാലസ്, ആൽബർട്ടോ നൊഗുവേര, ജെയിംസ് ഡൊനാച്ചി, ജോർജ്ജ് മെൻഡോസ, പ്രിൻസ്റ്റൺ റെബെല്ലോ, അലക്സാണ്ടർ ജെസുരാജ്, സെറിറ്റൺ ഫെർണാണ്ടസ്, സേവിയർ ഗാമ, എഡ്യൂ ബെഡിയ (സി), ദേവേന്ദ്ര മുർഗോക്കർ.

ഗോവയ്ക്കായി മെൻസോഡയും ബ്ലാസ്റ്റേഴ്സിനായി രാഹുലും ഗോൾ നേടി. മത്സരം ആരംഭിച്ച് ആദ്യപകുതിയിൽ 25 ആം മിനിറ്റിൽ ഗോവയുടെ ആദ്യ ഗോൾ പിറന്നപ്പോൾ രണ്ടാം പകുതിയിൽ 57ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ പിറന്നത്. മറെയുടെ അഭാവം മത്സരത്തിലുടനീളം പ്രകടമായിരുന്നു. ഹൂപ്പറിന് വേണ്ടത്ര മികവ് തെളിയിക്കാനും സാധിച്ചില്ല.  പാസിങ്ങിലെ പിഴവുകൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പ്രകടമായിരുന്നു. ഇതുമൂലം പലപ്പോഴും എതിർ ടീമിന്റെ ബോക്സിലേക്ക് പന്തെത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.

മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോളവസരം സൃഷ്ടിച്ചു. ഗോവൻ ഗോൾകീപ്പർ നവീൻ കുമാറും പ്രതിരോധതാരം ഡൊണാച്ചിയും തമ്മിലുണ്ടായ ചെറിയൊരു പിഴവിൽ നിന്നും ബ്ലാസ്റ്റേഴ്സ് താരം ഹൂപ്പറിന് ഒരു ഓപ്പൺ ചാൻസ് ലഭിച്ചുവെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.

21ആം മിനിട്ടിൽ ഗോവൻ സെന്റർ ബാക്ക് ജെയിംസ് ഡോണച്ചിക്ക് പരിക്കേറ്റു. തുടർന്ന് തുടരാനാകാതെ താരത്തിന് പുറത്തുപോകേണ്ടി വന്നു. എന്നാൽ വെറും നാലു മിനിട്ടുകൾക്ക് ശേഷം 25ആം മിനിറ്റിൽ ഒരു ഫ്രീകിക്കിലൂടെ ഗോവയുടെ ആദ്യ ഗോൾ പിറന്നു. സൂപ്പർ താരം ഓർഗെ ഓർട്ടിസാണ് ഗോൾ നേടിയത്. കേരളാ ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിങ് ഗോവൻ താരം ഓർട്ടിസിനെ ഫൗൾ ചെയ്തു. തുടർന്ന് ലഭിച്ച ഫ്രീകിക്ക് അവസരത്തിൽ ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുനിന്നും ഓർട്ടിസ് തന്നെ കിക്കെടുത്തു. ആൽബിനോ ഗോമസിനു ഒന്നും ചെയ്യാൻ അവസരം നൽകാതെ മനോഹരമായൊരു ഗോളായതു പരിണമിച്ചു. ഓർട്ടിസ് ഈ സീസണിൽ ഗോവക്കായി നേടുന്ന അഞ്ചാം ഗോളാണിത്. 

40ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് താരം ബക്കാരി കോനെയുടെ കിക്കിൽ പന്ത് വലതൊട്ടെങ്കിലും റഫറി ഹാൻഡ് ബോൾ വിളിച്ച് അത് അസാധുവാക്കി. ആദ്യ പകുതി ഗോവയുടെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ കുറച്ചുകൂടി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. തുടർന്ന് 57ആം മിനിട്ടിൽ രാഹുൽ കെപി ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുൽ ഗോൾ നേടുന്നത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ഫക്കുണ്ടോ പെരേരയുടെ മനോഹരമായ കോർണർ കിക്ക് ഗോവൻ ബോക്സിനകത്തേക്ക് ഉയർന്നുപൊങ്ങി. പന്ത് ലക്ഷ്യമാക്കി പാഞ്ഞ ഗോവൻ പ്രതിരോധ താരങ്ങളെ മറികടന്ന് വായുവിൽ ഉയർന്നുപൊങ്ങി ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ രാഹുൽ ഗോവൻ വല തുളച്ചു.

65ആം മിനിട്ടിൽ ഗോവയുടെ പ്രതിരോധതാരം ഐവാൻ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് ഗോവൻ ടീം പത്തുപേരായി ചുരുങ്ങി. 85ആം മിനിട്ടിൽ ഓപ്പൺ ബോക്സിലേക്ക് വീണ്ടും ഒരവസരം ഹൂപ്പറിന് ലഭിചെങ്കിലും അദ്ദേഹം അത് പാസിലൊതുക്കി. പിന്നീട് ഇരു ടീമുകളും ലീഡിനായി പോരാടിയെങ്കിലും ഗോൾ നേടാനായില്ല. മത്സരം സമനിലയിൽ അവസാനിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം സന്ദീപ് സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. ഡിഎച്ച്എൽ വിന്നിങ് പാസ് ഓഫ് ദി മാച്ച് അവാർഡ് ഫക്കുണ്ടോ പെരേര സ്വന്തമാക്കി. ഈ മത്സരത്തോടു കൂടി ഒരു പോയിന്റ് നേടി കേരളാബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥത്തേക്കുയർന്നു. ഗോവ മൂന്നാം സ്ഥാനത്തു തുടരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളിലായി തോൽവിയറിയാത്ത പ്രയാണത്തിൽ ഗോവ മുന്നേറുമ്പോൾ കഴിഞ്ഞ നാലു മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്സും തോൽവി വഴങ്ങിയിട്ടില്ല. ജനുവരി 27നു നടക്കുന്ന അടുത്ത മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് ജാംഷെഡ്പൂരിനെ നേരിടും.