യുവമലയാളി താരം പ്രശാന്തുമായുള്ള കരാർ ഒരു വർഷത്തേക്ക് പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കോഴിക്കോട് സ്വദേശിയായ പ്രശാന്തിന്‌ 23 വയസ്സാണ് പ്രായം. ഇടതു – വലതു വിങ് മിഡ്ഫീൽഡർ അല്ലെങ്കിൽ ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള പ്രശാന്ത്, വിങ്ബാക്ക് പൊസിഷനിലും കളിച്ചിട്ടുണ്ട്. കേരളം ബ്ലാസ്റ്റേഴ്സിനൊപ്പം നാലു സീസണുകളിലായി ഇന്ത്യൻ സൂപ്പർ ലീഗിൽ 33 മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള പ്രശാന്ത് ഡാൻസിലും അത്ലറ്റിക്സിലും മൗണ്ടൻ സൈക്ലിങ്ങിലും ക്രിക്കറ്റിലും തിളങ്ങിയിട്ടുണ്ട്.

കരാര്പുതുക്കിയതിനെക്കുറിച്ചുള്ള പ്രശാന്തിന്റെ പ്രതികരണം : "എന്റെ ഫുട്‌ബോള്‍ യാത്രയില്‍ നിര്‍ണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരുവാൻ സാധിച്ചതിൽ ഞാന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്റെ കഴിവില്‍ പരിശീലകരും മാനേജ്‌മെന്റും അര്‍പ്പിച്ച വിശ്വാസം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. വരുന്ന സീസണില്‍ ടീമിനായി എന്റെ 100% നൽകി, എന്നിലുള്ള അവരുടെ വിശ്വാസത്തിന് പ്രതിഫലം നല്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. കേരളബ്ലാസ്റ്റേഴ്‌സിനൊപ്പം എന്റെ നാടായ കേരളത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ ഭാഗമാകാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു."

കരാര്പുതുക്കിയതിനെക്കുറിച്ചുള്ള ഇഷ്ഫാക്ക് അഹമ്മദിന്റെ പ്രതികരണം: ”ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരില്‍ ഒരാളാണ് പ്രശാന്ത്. അദ്ദേഹം സ്വന്തം കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, സ്വന്തം പോരായ്മകള്‍ പരിഹരിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാ പരിശീലന സെഷനുകളിലും പങ്കെടുക്കുന്ന അദ്ദേഹം പരിശീലന സമയത്ത് എല്ലായ്‌പ്പോഴും 100% ആത്മാർത്ഥമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാര്‍ പുതുക്കിയത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനും പ്രതിബദ്ധതയ്കുമുള്ള പ്രതിഫലം മാത്രമല്ല, ആരാധകർക്കും നാടിനുമുള്ള സമ്മാനം കൂടിയാണ്. അദ്ദേഹം ഒരു മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ്. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു."

പ്രശാന്തിന്റെ ഫുട്ബോൾ കരിയർ

2008-ൽ സഹോദരൻ പ്രമോദിന്റെ ഉപദേശപ്രകാരം ഫുട്ബോളിൽ എത്തപ്പെട്ട പ്രശാന്ത് 2010-ൽ കേരള-സംസ്ഥാന അണ്ടർ -14 ടീമിന്റെ ഭാഗമായിരുന്നു. സൗത്ത് സോൺ അണ്ടർ -16 ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രശാന്ത് 2012ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ അക്കാഡമി ട്രയൽസിലൂടെ റീജിയണൽ അക്കാദമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത്തവണ റീജിയണൽ അക്കാദമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളി താരം ആയിരുന്നു പ്രശാന്ത്. 4 വർഷത്തോളം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ റീജിയണൽ – എലൈറ്റ് അക്കാഡമികളിൽ പ്രശാന്ത് പരിശീലനം നേടി. പിന്നീട്  പ്രശസ്തമായ പൂണെയിലെ ലിവർപൂൾ – ഡിഎസ്കെ ശിവാജിയൻസ് അക്കാഡമിയിൽ നിന്ന് 4 മാസത്തോളം പ്രശാന്ത് വിദഗ്ദ്ധ പരിശീലനം നേടി.

ഡിഎസ്കെ ശിവാജിയൻസിനു വേണ്ടി അണ്ടർ-19 ഐ ലീഗിൽ കളിച്ചതിന് ശേഷമാണു, 2016-ൽ ആണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കേരളബ്ലാസ്റ്റേഴ്സിനൊപ്പം ഡൽഹി ഡയനാമോസിനെതിരെയായിരുന്നു പ്രശാന്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം. 2017 ജനുവരിയിൽ പ്രശാന്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് ലോൺ അടിസ്ഥാനത്തിൽ ഐ ലീഗ് ടീം ആയ ചെന്നൈ സിറ്റി എഫ്സിയ്ക്ക് കൈമാറി. ഐ ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്കായി 10 മത്സരങ്ങളിൽ ആണ് പ്രശാന്ത് കളിക്കാനിറങ്ങിയത്.

2017-2018 സീസണിൽ പ്രശാന്തുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്‌സ് 3 വർഷത്തേക്ക് കൂടി പുതുക്കി. 2017-2018 സീസണിൽ 10 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ 518 മിനിറ്റുകൾ കളത്തിൽ നിറഞ്ഞു നിന്ന പ്രശാന്ത് 169 പാസ്സുകളും 8 ഇന്റർസെപ്ഷ്ൻസും 7 ക്ലിയറൻസും ആ സീസണിൽ നൽകി.  പ്രതിരോധത്തിലും ശ്രദ്ധേയമായ പ്രകടനം പ്രശാന്ത് കാഴ്ചവച്ചു. ഹീറോ സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച പ്രശാന്ത് നെറോക്ക എഫ് സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേർസിയിലെ ആദ്യ ഗോളും നേടി. 2017-2018 സീസൺ അവസാനിച്ച ശേഷം ഫിന്നിഷ് ടോപ് ഡിവിഷൻ ക്ലബ്‌ ആയ എസ്ജെകെ സെയ്നാജോകി എഫ്സിയിൽ ഒരു മാസത്തെ വിദഗ്ദ്ധ പരിശീലനം പ്രശാന്ത് നേടി.

2018-2019 സീസണിൽ 11 മത്സരങ്ങളിൽ 533 മിനിറ്റുകൾ പ്രശാന്ത് കളത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 12 മത്സരങ്ങളിൽ നിന്നായി 772 മിനിറ്റുകൾ കളിക്കാനിറങ്ങിയ പ്രശാന്ത്  293 പാസ്സുകളും 373 ടച്ചുകളും10 ഇന്റർസെപ്ഷ്ൻസും 8 ക്ലിയറൻസും നേടിക്കൊടുത്തു. ഒരു ഗോളിനു വഴിയൊരുക്കാനും പ്രശാന്തിനായി.

പ്രശാന്തിനെ വ്യത്യസ്തക്കുന്നത്

പരിശീലകരുടെ പ്രിയങ്കരനാണ് പ്രശാന്ത്. കഠിനാദ്ധ്വാനവും അർപ്പണബോധവും പരിശീലനവേളയിൽ പോലും കാണിക്കുന്ന ആത്മാർത്ഥതയുമെല്ലാം പ്രശാന്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പരിശീലകൻ ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള  പ്രശാന്ത്, മുന്നേറ്റത്തിൽ മാത്രമല്ല ഡിഫെൻസിലും പങ്കാളിയാകാറുണ്ട്. ഫ്ലാങ്കുകളിലൂടെ മിന്നൽ വേഗത്തിൽ കുതിക്കാനും എതിർ ഹാഫിൽ അപകടം സൃഷ്ടിക്കാനും പ്രശാന്തിനു കഴിയും.

എന്തായാലും കിബു എന്ന പരിശീലകന് കീഴിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പ്രശാന്തിന് കഴിയട്ടെ എന്ന് ആശംസിക്കാം.