നാളെ വൈകിട്ട് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് റാങ്കിങ്ങിൽ പത്താം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിയും ഒൻപതാം സ്ഥാനക്കാരായ കേരളബ്ലാസ്റ്റേഴ്‌സ്എഫ്‌സിയും ഏറ്റുമുട്ടുകയാണ്. പ്ലേയ് ഓഫ് സാധ്യതകളിൽ നിന്ന് പുറത്തായെങ്കിലും മികച്ച വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അവസാന സ്ഥാനക്കാരായ ടീമുകൾ കാഴ്ചവെക്കുന്നത്.

ബെംഗളൂരുവിനെതിരായ കളിയിൽ പരിക്കേറ്റു രക്തമൊഴുകുന്ന നെറ്റിയെ വകവെക്കാതെ, ടീമിനെ നയിച്ച നായകൻ കേരളഫുട്ബോൾ പ്രേമികളുടെ ഹരമായി മാറിയപ്പോൾ സികെ വിനീതെന്ന മലയാളിയെ തമിഴ് ജനത നെഞ്ചേറ്റി. ഈ സീസൺ അവസാനിക്കും വരെയാണ് വിനീതിനെ ചെന്നൈയിൻ എഫ്‌സി കടമെടുത്തിരിക്കുന്നത്. മികച്ച ഫോമിൽ നിൽക്കുന്ന വിനീത് നാളെ ഏറ്റുമുട്ടുന്നത് സ്വന്തം ടീമിനോടാണെന്നുള്ളത് ആകാംക്ഷയുളവാക്കുന്നു.

ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ സമനിലയിൽ തളച്ച ബ്ലാസ്റ്റേഴ്സും അവസാനസ്ഥാനത്തു നിന്ന് ബെംഗളൂരുവിനെ തകർത്തെറിഞ്ഞ ചെന്നൈയിൻ എഫ്‌സിയും ഫുട്ബോൾ പ്രേമികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.S

മികച്ച ഫോമിലാണെങ്കിലും കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ ജയം കാണാതെ ഉഴലുകയാണ് കേരളാബ്ലാസ്റ്റേഴ്‌സ്. അവസാന നിമിഷം വിജയം കൈവിട്ടു കളഞ്ഞു സമനിലയിലേക്കൊതുങ്ങുന്ന ടീമിന്റെ പതിവ് അവസ്ഥയിൽ നിന്ന് രക്ഷപെടാൻ ഇതുവരെ ടീമിന് ആയിട്ടില്ല.

എന്നാൽ രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ നിൽക്കുന്ന ഇരു ടീമുകളും അവസാനസ്ഥാനം ഒഴിവാക്കാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവക്കുമെന്നുറപ്പാണ്. ഈ കളി ജയിക്കാനായാൽ പതിനൊന്നു പോയിന്റ് നേടി ഒൻപതാം സ്ഥാനത്തേക്ക് കരകയറുവാൻ മുൻ ചാമ്പ്യന്മാർക്കു കഴിയും. ഈ കളി ജയിക്കാനായാൽ ഡൽഹിയെ മറികടന്നു എട്ടാം സ്ഥാനം നേടാൻ ബ്ലാസ്റ്റേഴ്സിന് ആകും.

എന്നാൽ ആരാധകരിൽ നിന്ന് മാച്ച് ബഹിഷ്ക്കരിക്കൽ വരെ നേരിടേണ്ടി വന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ ഹോം മാച്ച് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. സസ്പെൻഷന് ശേഷം ലാൽരുത്താറ കളത്തിലിറങ്ങുമെന്നതും പ്രതീക്ഷകളുടെ മാറ്റുകൂട്ടുന്നു.

എട്ടാം സ്ഥാനത്തേക്കുള്ള മുന്നേറ്റം, ഹോം ഗ്രൗണ്ടിലെ ആദ്യ ജയത്തോടൊപ്പം പതിനാലു മത്സരങ്ങൾക്ക് ശേഷമുള്ള ജയം, ഇതിനെല്ലാം പുറമെ ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായ മഞ്ഞപ്പടയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ സന്തോഷം എന്നീ മൂന്നുകാര്യങ്ങളാണ് നാളത്തെ വിജയം കേരളബ്ലാസ്റ്റേഴ്സിനു സമ്മാനിക്കുക.

നെലോ വിൻഗാഡക്ക് കീഴിലുള്ള പരിശീലനത്തിന് കീഴിൽ ഈ നേട്ടങ്ങൾ ബ്ലാസ്റ്റേഴ്‌സ് എത്തിപ്പിടിക്കുന്നതു കാത്തിരിക്കുകയാണ് ആരാധകവൃന്ദം.