ജനുവരി പതിനാറ്, വാസ്കോഡ ഗാമ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന 2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ 62ആം മത്സരത്തിൽ  മുംബൈ സിറ്റി എഫ്‌സി നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇരു ടീമുകളുടെയും എട്ടാം സീസണിലെ പന്ത്രണ്ടാം മത്സരമാണ്. പതിനൊന്നു മത്സരങ്ങളിൽനിന്നായി ഇരുപതു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. പതിനൊന്നു മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി പോയിന്റ്‌ പട്ടികയിൽ നാലാമതാണ്.

നാളെ മുംബൈ സിറ്റിക്കുമേലുള്ള വിജയം ഒന്നാം സ്ഥാനം നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കരുത്തേകും. മറുവശത്ത് അഞ്ചു മത്സരങ്ങളായി വിജയം കാണാതെ, അവസാന മത്സരത്തിലും തോൽവി വഴങ്ങിയ മുംബൈക്ക് ഇതൊരു നിർണായക മത്സരമാകും.

മത്സരത്തിന് മുന്നോടിയായി നടന്ന ഔദ്യോഗിക പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ  ഇവാൻ വുകുമാനോവിക്കും എൻഎസ് സിപോവിച്ചും പങ്കെടുത്തു.  പത്രസമ്മേളനത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ;

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കഴിഞ്ഞ മൂന്ന് ദിവസമായി പരിശീലനം നടത്തിയിട്ടില്ല. ഇതിക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

"ഇത് തീർച്ചയായും എളുപ്പമല്ല, സാഹചര്യങ്ങളനുസരിച്ച് മനസിലാകുന്നത് ഈ അവസ്ഥ ഞങ്ങളുടെ ക്ലബ്ബിന് മാത്രമല്ല എന്നും ഇതുവരെ ഒമ്പത് ക്ലബ്ബുകൾ ലോക്ക്ഡൗണിലാണ് എന്നുമാണ്. എല്ലാവർക്കും ആശങ്കയുള്ളതിനാൽ ആരും ഇപ്പോൾ ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഞങ്ങൾക്ക് ഇവിടെ കുടുംബങ്ങളുണ്ട്. അതിനാൽ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഐഎസ്എൽ മാനേജ്മെന്റിൽ എനിക്ക് വിശ്വാസമുണ്ട്. കാര്യങ്ങൾ നിയന്ത്രണത്തിലാണ്. എന്നാൽ തീർച്ചയായും ഇത് എളുപ്പമല്ല."

ആരാധകരുടെയും കളിക്കാരുടെയും പ്രതീക്ഷകൾ നിയന്ത്രിക്കുന്നത് നിങ്ങൾക്ക് വെല്ലുവിളിയാകുമോ?

"എനിക്ക് നിരവധി കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന്, ഒരു പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ എനിക്കറിയാം, നിങ്ങൾ വിശ്രമിക്കാനും ഒരു ടീമായി വലിയ വാക്കുകളും കാര്യങ്ങളും പ്രഖ്യാപിക്കാനും തുടങ്ങുന്ന നിമിഷം എല്ലാം തകരും. കാരണം ഒരു ടീമെന്ന നിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏകാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ് പ്രധാനം. പോസിറ്റീവ് ചിന്താഗതിയിൽ തുടരണം. ലീഗ് മത്സരപരമാണെന്ന് ഞങ്ങൾക്കറിയാം, ആരും ഞങ്ങൾക്ക് ഒന്നും വെറുതെ നൽകില്ല. അതിനായി ഞങ്ങൾ പോരാടേണ്ടതുണ്ട്."

മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ വിജയത്തിന് ശേഷം കളിയിൽ എന്ത് മാറ്റങ്ങളാണ് നിങ്ങൾ കണ്ടത്?

"ആ ഗെയിം കളിച്ച് മൂന്ന് പോയിന്റ് നേടിയ രീതിയിൽ ഞങ്ങൾ സംതൃപ്തരായി. അന്നുമുതൽ, സാഹചര്യത്തിനനുസരിച്ച് ഞങ്ങളുടെ സമീപനവും ശൈലിയും പരിഷ്കരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. നാളത്തെ കളിയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ഞങ്ങൾ ഗെയിമിനായി തയ്യാറെടുത്തിട്ടില്ല, മത്സരം നടക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല."

മത്സരത്തിന് മുമ്പ് പരിശീലിക്കാത്ത പരിക്കുകളുടെ അപകടസാധ്യതയെക്കുറിച്ച് നിങ്ങൾ സംസാരിച്ചു, മത്സരം മാറ്റിവയ്ക്കുന്നത് യുക്തിസഹമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

"ഞങ്ങൾ കളിക്കുന്നത് തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ സാഹചര്യം നമ്മുടെ ബബ്ബിളിനുള്ളിൽ മാത്രമല്ല, ലോകവ്യാപകമാണ്. ഐഎസ്‌എല്ലിൽ എനിക്ക് വിശ്വാസമുണ്ട്. അവർ എല്ലാം ചെയ്യേണ്ടത് പോലെ ചെയ്യും. തീർച്ചയായും, ഫുട്ബോൾ കളിക്കാർക്ക് ഇത് എളുപ്പമല്ല.  പരിശീലിക്കാത്തപ്പോൾ, പരിക്കിന്റെ സാധ്യത വർദ്ധിക്കുന്നു. ഒരു മനുഷ്യന്റെ കാഴ്ചപ്പാടിൽ, നിങ്ങൾ മറ്റുള്ളവർക്ക് രോഗം ബാധിക്കുവാൻ കാരണമാകുമെന്ന് അറിയുന്നത് മത്സരം കളിക്കാനുള്ള ആത്മവിശ്വാസം നൽകാത്ത ഒരു വികാരമാണ്. ഞങ്ങളെ പരിചരിക്കുന്ന, ശ്രദ്ധിക്കുന്ന ഫെഡറേഷനിലെ ആളുകളോട് ഞങ്ങൾ നന്ദിയുള്ളവരാണ്."

സിപോവിച്ചിന്റെ വാക്കുകൾ.

KBFC ആദ്യ ഗെയിമിൽ ATK മോഹൻ ബഗാനോട് 4-2 ന് പരാജയപ്പെട്ടു, ടീം എങ്ങനെയാണ് അതിൽ നിന്ന് കരകയറിയത്?

"ഈ വിജയങ്ങൾക്ക് പിന്നിൽ കഠിനാധ്വാനമുണ്ട്. ഏകദേശം അഞ്ച് മാസമായി ഞങ്ങൾ ഇവിടെ ഒരുമിച്ചാണ്, ആദ്യം മുതൽ ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആദ്യ ഗെയിമിന് ശേഷം ഞങ്ങൾക്ക് സ്ഥിരത ആവശ്യമായിരുന്നു, അത് നൽകാൻ ഡിഫൻഡർമാർ സഹായിച്ചു. അവിടെ നിന്ന് ഞങ്ങൾ നന്നായി കളിയ്ക്കാൻ തുടങ്ങി. വിജയങ്ങൾ എപ്പോഴും കൂടുതൽ വിജയങ്ങൾ കൊണ്ടുവരും."