കയ്യിൽ വന്ന വിജയം കൈവിട്ടുപ്പോയ ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് ഏറെ നിരാശനായാണ്‌ സ്റ്റേഡിയം വിട്ടത്. മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളത്തിൽ മുഖ്യ പരിശീലകൻ എൽക്കോ ഷറ്റോറി പങ്കെടുക്കാതിരുന്നത് തന്നെ അദ്ദേഹത്തിന്റെ നിരാശയെ വ്യക്തമാക്കുന്നതാണ്. പത്രസമ്മേളനത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്രധിനിതീകരിച്ച് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹമ്മദ് പങ്കെടുത്തു.

ഈ സീസണിൽ കേരളാബ്ലാസ്റ്റേഴ്‌സ് വൈകി ഗോളുകൾ വഴങ്ങുന്ന പ്രവണതയെക്കുറിച്ചും ഇന്ന് അത്തരത്തിൽ വിജയം കൈവിട്ടു പോയതിനെക്കുറിച്ചും ഇഷ്ഫാഖ് സംസാരിച്ചു.

"ശ്രദ്ധക്കുറവും അവസാന നിമിഷങ്ങളിൽ മാനസികമായും ശാരീരികമായും തളരുന്നതും മറ്റു പല കാരണങ്ങളും കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളുകൾ വഴങ്ങുന്നതിനു കാരണമാകാം.  പക്ഷെ അതിലാരെയും കുറ്റപ്പെടുത്താനാകില്ല. അതാണ് ഫുട്ബോൾ."

കളിയിൽ മുൻ‌തൂക്കം നേടാനായിട്ടും കൂടുതൽ അവസരങ്ങൾ നേടിയെടുത്തിട്ടും കളി നഷ്പ്പെട്ടതിലുള്ള നിരാശ ഇഷ്ഫാഖ് മറച്ചു വച്ചില്ല.

"ഞങ്ങൾ വളരെ നിരാശരാണ്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോവക്ക് അവസരങ്ങൾ കുറവായിരുന്നു. പക്ഷെ അവർ സമനില നേടിയെടുത്തു. ടീമിന്റെ ശ്രദ്ധക്കുറവായിരിക്കാം കാരണം. ബെംഗളൂരുവിനെതിരെയും അത് തന്നെയാണ് സംഭവിച്ചത്. കളിയിൽ നമ്മൾ ലീഡ് ചെയ്തു. എന്നാൽ ചെറിയൊരു പിഴവ് കളി നഷ്ടപ്പെടാൻ കാരണമായി. നമുക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി വിനയോഗിച്ചു ഗോവയുടെ തിരിച്ചു വരവ് തടയേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ അത് നമുക്ക് സാധിച്ചില്ല." 

 സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ തോൽവി വഴങ്ങിയെത്തിയ ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു. ഏറെ ആവേശകരമായ മത്സരത്തിൽ തൊണ്ണൂറു മിനിട്ടുവരെ  ഒരു ഗോളിന്റെ ലീഡിൽ നിന്നിരുന്ന ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം സമനില ഗോൾ വഴങ്ങുകയായിരുന്നു. എന്നാൽ കളിയുടെ ആദ്യാവസാനം മികച്ച പ്രകടനം കാഴ്ചവച്ചു മുന്നിട്ടു നിന്നതു ബ്ലാസ്റ്റേഴ്‌സ് ആണെന്ന് നിസംശയം പറയാനാകും.

നിലവിൽ ആറു മത്സരങ്ങളിൽ നിന്നായി അഞ്ചു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും ആറുമത്സരങ്ങളിൽ നിന്നായി ഒൻപതു പോയിന്റുകൾ നേടി ഗോവ നാലാം സ്ഥാനത്തുമാണ്. ഡിസംബർ അഞ്ചിന് മുംബൈ സിറ്റി എഫ്‌സിക്കെതിരായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.