ഹോങ്കോങ്ങിനെ തകർത്ത് രാജകീയമായി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യൻ ഫുട്ബോൾ ടീം. ചൊവ്വാഴ്ച വൈകിട്ട് കൊൽക്കത്തയിലെ സാൾട് ലേക് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 29 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത്.

മത്സരം ആരംഭിക്കുന്നതിനു മുൻപുതന്നെ ഇന്ത്യയുടെ ഏഷ്യന്‍ കപ്പിലേക്കുള്ള പ്രവേശനം ഉറപ്പായിരുന്നു. പലസ്തീൻ ഫിലിപ്പൈൻസിനെ 4–0നു കീഴടക്കിയതോടെയാണു ഹോങ്കോങിനെതിരായ കളിക്ക് മുന്നേ ഇന്ത്യ ഏഷ്യൻ കപ്പിൽ സ്ഥാനം ഉറപ്പിച്ചത്. ഇന്ന് ഹോങ്കോങിനെതിരായ ജയത്തോടെ ഒൻപതു പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഏഷ്യന്‍ കപ്പിലേക്കുള്ള പ്രവേശിക്കുന്നത്.

മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ ചേർത്താണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഹോങ്കോംഗിനെതിരായ ഇന്ത്യൻ ടീമിനെ ഇറക്കിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഇന്ത്യക്കായി. ആഷിക്ക് കുരുണിയന് ലഭിച്ച ഷോട്ട് ലക്‌ഷ്യം കാണാതെ മടങ്ങിയപ്പോൾ പന്ത് വരുതിയിലാക്കിയ അൻവർ അലിയുടെ ഷോട്ട് ലക്‌ഷ്യം കാണുകയായിരുന്നു. ഏഷ്യ കപ്പിലെ  വേഗതയേറിയ ഗോളുകളിലൊന്നാണ് ഇന്ന് അന്‍വര്‍ അലി നേടിയത്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് രണ്ടാം ഗോൾ പിറന്നത്. ഇന്ത്യക്കു ലഭിച്ച ഫ്രീകിക് എടുത്ത ജിക്സൺ സിംഗിന്റെ പാസ് വരുതിയിലാക്കിയ സുനിൽ ഛേത്രിയുടെ ഷോട്ട് നാലിലധികം ഹോങ്കോങ് പ്രധിരോധ താരങ്ങളെ മറികടന്ന് അത്ഭുതപരമായി വല തുളക്കുകയായിരുന്നു. ഈ ടൂർണമെന്റിലെ സുനിൽ ഛേത്രിയുടെ നാലാം ഗോളായിരുന്നുവത്. ഇതോടുകൂടി സുനിൽ ഛേത്രി നേടുന്ന അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം എണ്പത്തിനാലായി. രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി. ഇന്ത്യ നേടിയ രണ്ടു ഗോളുകളുടെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ കളിയിലുടനീളം ആധിപത്യം പുലര്ത്താൻ ഇന്ത്യക്കായി. കളിയുടെ എൺപത്തിയഞ്ചാം മിനിറ്റിൽ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസിൽ മൻവീർസിംഗ് അനായാസം പന്ത് വലയിലെത്തിച്ചു. 60ആം മിനിറ്റില്‍ മലയാളി താരകം സഹല്‍ അബ്ദുള്‍ സമദിന് പകരമാണ് മന്‍വീര്‍ ഇറങ്ങിയത്.

മത്സരമവസാനിക്കാന്‍ വെറും നിമിഷങ്ങൾ മാത്രം ബാക്കിനില്‍ക്കേ മന്‍വീര്‍ സിങ്ങിന്റെ ക്രോസില്‍ ഇഷാന്‍ പണ്ഡിത ഇന്ത്യയ്ക്ക് വേണ്ടി നാലാം ഗോള്‍ നേടി. 82ആം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയ ഇന്ത്യ ഗ്രോപ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി ഏഷ്യൻ കപ്പിലേക്ക് പ്രവേശനം നേടി.

13 ടീമുകൾ ഏഷ്യൻ കപ്പിൽ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ആകെ 24 ടീമുകളാണു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ കളിക്കുക. ഇത് 5ആം തവണയാണ് ഇന്ത്യ ഷ്യൻ കപ്പിൽ യോഗ്യത നേടുന്നത്.