2 വർഷത്തെ കരാറിൽ രോഹിത് കുമാറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 23 വയസ്സുള്ള രോഹിത് കുമാർ ഡൽഹി സ്വദേശിയാണ്.

“എല്ലായ്പ്പോഴും ക്ലബിനായി കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. എന്റെ പുതിയ സ്ക്വാഡിന്റെ പിന്തുണയോടെ, ക്ലബ്ബിന്റെ ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുന്നതിന് എന്റെ പരിശീലകർ, ടീം അംഗങ്ങൾ, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകർ എന്നിവരുടെ സഹായത്തോടെ മികച്ച കളിക്കാരനാനാകാനായി ദൈനംദിനം സ്വയം മെച്ചപ്പെടണമെന്നു ഞാൻ ആഗ്രഹിക്കുന്നു.ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ട്രോഫികൾ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ ക്ലബ് അതർഹിക്കുന്നു. ” കരാർ ഒപ്പിട്ട ശേഷം രോഹിത് കുമാർ പ്രതികരിച്ചു.

"രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ മിഡ് ഫീൽ‌ഡിന് അദ്ദേഹം മുതൽക്കൂട്ടാകും. തന്റെ എല്ലാ കഴിവുകളും ബ്ലാസ്റ്റേഴ്സിലേക്ക് അദ്ദേഹം ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്”  രോഹിത് കുമാർ കരാർ ഒപ്പിട്ട ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പ്രതികരിച്ചു.

ഫുട്ബാളിലെ രോഹിതിന്റെ തുടക്കം

പതിനാറാം വയസ്സിലാണ് ആണ് രോഹിത് കുമാറിന്റെ തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ ഹൗസ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്താണ് തുടക്കം. പഠനത്തിലും ക്രിക്കറ്റിലും മികവ് പുലർത്തിയിരുന്ന രോഹിതിന്റെ ഫുട്ബോൾ സ്വപ്നത്തിനു കൂടുതൽ വ്യക്തതയും പിന്തുണയും നൽകിയത് സ്കൂളിലെ പിടി അധ്യാപകൻ ആണ്. ബെംഗളൂരുവിലെ മഹീന്ദ്ര ഇന്റർ സ്കൂൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന സ്കൂൾ ടീമിലേക്ക് ഒരു മിഡ്ഫീൽഡറിന്റെ അഭാവം ഉണ്ടായപ്പോൾ രോഹിത് കുമാറിനെ നിർദ്ദേശിച്ചതും അദ്ദേഹം തന്നെയായിരുന്നു. ടൂർണമെന്റിൽ ടീമിനെ ഫൈനൽ റൗണ്ടിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുവാൻ രോഹിതിനായി. എന്നാൽ സ്‌ട്രൈക്കർ ആയി കളിക്കാനായിരുന്നു രോഹിതിന് താല്പര്യം.

പ്രൊഫഷണൽ ഫുട്ബാളിലേക്ക്!

പിന്നീട് ഡൽഹി സ്റ്റേറ്റ് ടീമിനായി ഡൽഹിയിൽ നടത്തിയ ട്രയൽസുകളിൽ പലതിലും പങ്കെടുത്തെങ്കിലും സെലക്ഷൻ നേടാൻ രോഹിത് കുമാറിനായില്ല. പിന്നീട് ഭൈചൂങ് ബൂട്ടിയ അക്കാഡമിയിൽ ചേർന്ന രോഹിത് 4 മാസത്തോളം നീണ്ട വിദഗ്ദ്ധ പരിശീലനം നേടി. മടങ്ങിയെത്തിയ രോഹിത് കുമാറിൽ ഫുട്ബോൾ കരിയർ ആയി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ആത്മവിശ്വാസം വർദ്ധിച്ചു. എന്നാൽ ഇന്ത്യൻ ടീമിന്റെ ട്രയൽസിൽ പങ്കെടുത്തെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് ഡൽഹിയിൽ നടന്ന സ്റ്റേറ്റ് ടീമിന്റെ ട്രയൽസിൽ പങ്കെടുക്കുകയും രോഹിത് കുമാറിനെ ഡൽഹി സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഡൽഹി സ്റ്റേറ്റ് ടീമിനു വേണ്ടിയും ഡൽഹിയിലെ ലോക്കൽ ക്ലബുകൾക്ക് വേണ്ടിയും നിരവധി മത്സരങ്ങളിൽ കളിച്ച രോഹിത് മികച്ച പ്രകടനങ്ങൾ സ്ഥിരതയോടെ കാഴ്ചവച്ചു. 2013-ൽ നടന്ന അണ്ടർ-19 ബിസി റോയ് ടൂർണമെന്റിൽ രോഹിത് കുമാർ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു കളിക്കാനിറങ്ങുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

പൂണെയിലെ പ്രശസ്തമായ ഡിഎസ്കെ ശിവാജിയൻസ് അക്കാഡമിയിൽ നിന്നും വിദഗ്ദ്ധ പരിശീലനം നേടിയ രോഹിത് കുമാർ ഡിഎസ്കെ ശിവാജിയൻസ് റിസർവ് ടീമിനു വേണ്ടി ലോക്കൽ ലീഗ് മത്സരങ്ങളിൽ വീണ്ടും തകർപ്പൻ പ്രകടനം നടത്തി. 2016-ൽ ഡുറാന്റ് കപ്പിൽ ഡിഎസ്കെ ശിവജിയൻസ് സീനിയർ ടീമിൽ രോഹിത് കുമാറിനെ ഉൾപ്പെടുത്തി. ആദ്യ 3 മത്സരങ്ങളിൽ നിന്നായി 4 ഗോളുകൾ അടിച്ചു കൂട്ടി രോഹിത് കുമാർ  അരങ്ങേറ്റം ഗംഭീരമാക്കി.

സീസണിൽ ഡിഎസ്കെ ശിവജിയൻസിനായി ആത്മാർത്ഥമായി കളിച്ച രോഹിത് കുമാറിനെ തൊട്ടടുത്ത സീസണിൽ ഐഎസ്എൽപ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് ടീം പൂണെ സിറ്റി എഫ്സി സ്വന്തമാക്കി. 2017-ൽ നടന്ന യാണ് പൂണെ സിറ്റി എഫ്സി രോഹിതിനെ സ്വന്തമാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്

ഡൽഹി ഡയനാമോസിനെതിരെയായിരുന്നു രോഹിത് കുമാറിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം. തൊട്ടടുത്ത മത്സരത്തിൽ ചരിത്ര പ്രസിദ്ധമായ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എടികെയ്ക്ക് എതിരായ മത്സരത്തിൽ രോഹിത് കുമാർ തന്റെ ആദ്യ ഐഎസ്എൽ ഗോൾ നേടി. ആ സീസണിൽ പൂണെ സിറ്റി എഫ്സിക്കായി 14 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ രോഹിത് കുമാർ 2 ഗോളുകൾ നേടുകയും 416 പാസ്സുകൾ നൽകുകയും ചെയ്തു. 29.71 ആയിരുന്നു ഓരോ മത്സരത്തിലെയും രോഹിത് കുമാറിന്റെ പാസ്സിങ്‌ ശരാശരി. 12 ഇന്റർസെപ്ഷൻസും 12 ക്ലിയറൻസുമായി ഡിഫൻസീവ് ഡ്യൂട്ടിയും രോഹിത് കുമാർ ഭംഗിയായി നിർവ്വഹിച്ചു. ആ സീസണിൽ പൂണെ സിറ്റി എഫ്സിയെ പ്ലേഓഫിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച താരങ്ങളിൽ ഒരാളാണ് രോഹിത് കുമാർ.

2017-2018 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ടീമിന്റെ പുണെയുടെ പ്രധാനതാരമായി രോഹിത് കുമാർ മാറി.  2019-2020 സീസണിൽ ഹൈദരാബാദ് എഫ്സി എന്ന പുതിയ ടീം ഇന്ത്യൻ സൂപ്പർ ലീഗിൽ രംഗപ്രവേശം ചെയ്തപ്പോൾ രോഹിത് കുമാറിനെ ക്ലബ് കൂടെക്കൂട്ടി.  ഹൈദരാബാദ് എഫ് സിയ്ക്ക് 2019-2020 സീസൺ വലിയ തിരിച്ചടിയായി മാറിയപ്പോഴും ടീമിൽ അവസരം ലഭിച്ച മത്സരങ്ങളിലെല്ലാം ശരാശരിയ്ക്കും മുകളിൽ ഉള്ള പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യൻ താരമാണ് രോഹിത് കുമാർ. കഴിഞ്ഞ സീസണിൽ 9 മത്സരങ്ങൾ ഹൈദരാബാദ് ജേഴ്‌സിയിൽ കളിക്കാനിറങ്ങിയ രോഹിത് കുമാർ ഒരു ഗോളും ഒരു അസിസ്റ്റും നേടി. 250 പാസ്സുകൾ നൽകിയ രോഹിത് കുമാറിന്റെ ഓരോ മത്സരത്തിലേയും പാസ്സിങ്‌ ശരാശരി 27.78 ആയിരുന്നു. 8 ഇന്റർസെപ്ഷൻസും 11 ക്ലിയറൻസും നടത്തി പ്രതിരോധത്തിലും തന്റെ ചുമതല രോഹിത് കുമാർ കൃത്യമായി നിർവ്വഹിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രം 30 മത്സരങ്ങൾ കളിച്ച രോഹിത് കുമാർ 1653 മിനിറ്റുകൾ കളത്തിൽ ഉണ്ടായിരുന്നു. ദേശീയ തലത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിനു വേണ്ടി 2 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് കുമാർ ഇന്ത്യൻ അണ്ടർ-23 ടീമിന്റെയും ഭാഗമാണ്.

ബ്ലാസ്റ്റേഴ്സിലെ ഭാവി

രോഹിത് കുമാർ ഒരു ബോക്സ് ടു ബോക്സ് മിഡ്ഫീൽഡർ ആണ്. 80.1% ആണ് രോഹിത് കുമാറിന്റെ പാസ്സിങ് ആക്യുറസി. സ്വന്തം പകുതിയിൽ 88.7%വും എതിർ പകുതിയിൽ 74.3% ആണ് രോഹിത് കുമാറിന്റെ പാസ്സിങ് ആക്യുറസി. ഗെയിം റീഡിങ്ങും കൃത്യതയാർന്ന പാസ്സുകളും ബോൾ റിക്കവർ ചെയ്യാനുള്ള കഴിവും രോഹിത് കുമാറിന്റെ പ്രത്യേകതകൾ ആണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ കിബുവിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ രോഹിത് കുമാറിനു കഴിയുമെന്ന് പ്രതീക്ഷിക്കാം.