Picture courtesy: AFC Media

സ്റ്റീഫൻ കോൺസ്റ്റന്റൈന്‌ പുറമെ ഇന്ത്യൻ നാഷണൽ ടീം വിട്ടൊഴിഞ്ഞു അനസ് എടത്തോടിക്കയും!  അൻപത്തിയഞ്ചു വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ എഎഫ്സി ഫുട്ബാളിൽ ജയം നേടിയത്. എന്നാൽ നോക് ഔട്ടിലേക്കുള്ള പോയിന്റ് നേടാൻ ടീമിന് ആയില്ല. ബഹറിനെതിരായി നടന്ന മാച്ചിന് ശേഷം വാർത്താസമ്മേളനത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ രാജിവക്കുന്നതായി അറിയിച്ചിരുന്നു.  മാച്ചിന്റെ ആദ്യനിമിഷങ്ങളിൽ തന്നെ കാലിന് പരിക്കേറ്റ് ശാരീരിക അസ്വസ്ഥതകൾ മൂലം  കളിയിൽനിന്ന് അനസ് വിട്ടുനിന്നിരുന്നു.  അതിനു ശേഷമാണു  വിരമിക്കൽ പ്രഖ്യാപനം ഉണ്ടായതു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താൻ അന്തരാഷ്ട്ര-ഫുട്ബോളിൽനിന്നു വിരമിക്കുന്ന കാര്യം അനസ് അറിയിച്ചത്. യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേയ്ക്ക് വഴിയൊരുക്കാൻ വേണ്ടിയാണു  ഹൃദയഭേദകമായ ഈ തീരുമാനം വേദനയോടെ എടുക്കുന്നതെന്ന് അനസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

അനസിന്റെ വാക്കുകളിലൂടെ 

“വളരെയധികം വേദനയോടെയാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാന്‍ കൈക്കൊള്ളുന്നത്. ഇനിയും ഒരുപാട് കാലം കളിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്. എന്നാൽ, ഇപ്പോള്‍ തോന്നുന്നു എന്നേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന യുവതലമുറക്കാര്‍ക്കുവേണ്ടി വഴിമാറാനുള്ള സമയമായെന്ന്. എനിക്ക് ദേശീയ ടീമില്‍ കളിക്കാന്‍ പതിനൊന്ന് വര്‍ഷമെടുത്തു. ചെറുതെങ്കിലും എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും ഇതാണ്.എല്ലായിപ്പോഴും ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോൾ എന്റെ കഴിവിന്റെ നൂറു ശതമാനം പുറത്തെടുക്കാന്‍ ഞാന്‍പരിശ്രമിക്കാറുണ്ട്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരിക്ക് പറ്റി പിന്‍വാങ്ങേണ്ടിവന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. എല്ലാക്കാലത്തും ഈ വേദന എന്നിലുണ്ടാകും. എന്നെ വിശ്വസിച്ച് എനിക്ക് അവസരം നല്‍കിയ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനോടുള്ള നന്ദി  രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ല ഭാവിയും ഞാൻ ആശംസിക്കുന്നു. ഇന്ത്യൻ ടീമില്‍ കളിച്ച കാലമത്രയും എന്നെ പിന്തുണച്ച ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഞാന്‍ നന്ദി പറയുന്നു. എനിക്ക് രാജ്യത്തെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം കളിക്കാനുള്ള അവസരം  ലഭിച്ചു.  നീല ജെഴ്‌സിയണിഞ്ഞ് ടണലിലൂടെ എന്റെ സഹോദരന്മാര്‍ക്കൊപ്പം ഗ്രൗണ്ടിലേയ്ക്ക് നടക്കുന്ന അനുഭവം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും. സെന്‍ട്രല്‍ ഡിഫന്‍സില്‍  നല്ലൊരു പങ്കാളിത്തം സന്ദേശ് ജിംഗനുമായി നിലനിന്നിരുന്നു. നിനക്കൊപ്പം കളിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. നീയാണ് എന്റെ ഏറ്റവും മികച്ച പങ്കാളി. ഈ ദിനങ്ങളെല്ലാം എനിക്ക് നഷ്ടപ്പെടും. എല്ലാവര്‍ക്കും ഞാൻ ശുഭാശംസകള്‍ നേരുന്നു. ഈ ഓര്‍മകള്‍  എന്നോടൊപ്പം എല്ലായിപ്പോഴും ഉണ്ടാകും. ഞാന്‍ തോറ്റുകൊടുക്കുകയല്ല. ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള  ഉചിതമായ സമയം ഇതാണെന്ന് ഞാന്‍ കരുതുന്നു" അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മുംബൈ എഫ്‌സി മുതൽ കേരളാബ്ലാസ്റ്റേഴ്‌സ് വരെ!

  • 2007ൽ മുംബൈ എഫ്സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കി. മികച്ച കളി കാഴ്ച്ച വച്ച അനസിനെ 2011 വരെ മുംബൈ എഫ്സി ടീം വിട്ടുനൽകിയില്ല.
  • മുംബൈ ടീമിലെ മികച്ച പ്രകടനത്തിന് ശേഷം അനസിനെ വലിയ തുകയ്ക്ക് പൂനെ എഫ്.സി വാങ്ങി. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു. 2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചു.
  • ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിരയിൽ എത്തി. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസിലൂടെ മികച്ച കളി കാഴ്ച വെച്ച് റോബർട്ടോ കാർലോസിന്റെ ഇഷ്ട താരവുമായി.
  • 2016-17 ഐഎസ്എല്ലിൽ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻ ലുക്കാ സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ഡൽഹി ഡൈനാമോസിൽ തന്നെ തുടർന്നു.
  • ഐ.എസ്.എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഏറെ പാരമ്പര്യമുള്ള മോഹൻ ബഗാൻ ക്ലബ്ബിന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. ഐ ലീഗിലും ഫെഡറേഷൻ കപ്പിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി.
  • 2017ൽ ഐഎസ്എല്ലിൽ ഏറ്റവും ഉയർന്ന തുകക്ക് (10 കോടി രൂപ) ജംഷഡ്പൂർ എഫ്സി അനസിനെ സ്വന്തമാക്കി.
  • 2018 ഇൽ കേരളബ്ലാസ്റ്റേഴ്‌സ് അനസിനെ സ്വന്തമാക്കി. നിലവിൽ ഐഎസ്എല്ലിൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടിയാണ് അനസ് കളിക്കുന്നത്.
  • അനസ് അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്. അനസും ജിങ്കനും തമ്മിലുള്ള കൂട്ടുകെട്ട് കളിക്കളത്തിൽ ഏറെ പരിചിതമാണ്.