ഇന്ന് നടക്കുന്ന മത്‌സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തിൽ ജയം നേടിയ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആത്മവിശ്വാസത്തിലാകും കളത്തിലിറങ്ങുന്നത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ ഒരു ക്ലീൻ ഷീറ്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഈ സീസണിൽ മറ്റേതൊരു ടീമിനേക്കാളും കൂടുതൽ ഗോളുകൾ വഴങ്ങിയിട്ടുള്ളതും ബ്ലാസ്റ്റേഴ്‌സ് ആണ്, 19 ഗോളുകൾ! മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന ഈ വിഷയത്തെപ്പറ്റിയാണ് സംസാരിച്ചു തുടങ്ങിത്.

"ഞങ്ങൾ ബാലൻസ് മെച്ചപ്പെടുത്താനും ആക്രമണാത്മകമായി അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ഗോളുകൾ വഴങ്ങാതിരിക്കാനും ശ്രമിക്കുകയാണ്. ഏറ്റവും പ്രധാനം ഗോളുകൾ വഴങ്ങാതിരിക്കലും എതിരാളിക്കെതിരെ സ്കോർ ചെയ്യുക എന്നതുമാണ്. നിങ്ങൾ ഗോൾ വഴങ്ങുകയും വഴങ്ങിയതിലുമേറെ സ്കോർ ചെയ്യുകയുമാണെങ്കിൽ നിങ്ങളുടെ മനോവീര്യം ഉയർന്നതാണ്” അദ്ദേഹം അഭിപ്രായപ്പെട്ടു.

"എല്ലാ ഗെയിമുകളും വ്യത്യസ്തമാണ്. അതിനാൽ ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ കളിക്കാരെയും കൂടുതൽ ആത്മവിശ്വാസമുള്ള ഘടനയെയും നോക്കിക്കാണുകയും സാധ്യമായ ഏറ്റവും മികച്ച ടീമിനെ ഉൾപ്പെടുത്താൻ ശ്രമിക്കുകയുമാണ്. അവസാന മത്സരത്തിൽ ഗാരിയും ജോർദാനും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു എന്നത് സത്യമാണ്"

"കാര്യങ്ങൾ ശരിയാക്കേണ്ടിവരുമ്പോൾ, മികച്ച ഫോർമേഷനായി ശ്രമിക്കേണ്ടതുണ്ട്. സീസണിൽ എല്ലാവർക്കും ശാരീരിക പ്രശ്‌നങ്ങളും പരിക്കുകളും ഉണ്ട്. അതിനാൽ എല്ലാ ഗെയിമിനും ഏറ്റവും മികച്ച രൂഫോർമേഷനായി ഞങ്ങൾ എല്ലായ്പ്പോഴും തിരയുന്നു. മൂന്ന് പോയിന്റുകൾ നേടുകയെന്നത് ഞങ്ങളുടെ ആത്യന്തീക ലക്ഷ്യമായതിനാൽ, കൂടുതൽ മത്സരാത്മകമായി കളിയ്ക്കാൻ ഞങ്ങൾ പരിശ്രമിക്കേണ്ടതുണ്ട്"

"അദ്ദേഹത്തിന് (ജുവാണ്ടെ) വ്യത്യസ്ത പൊസിഷനുകളിൽ ഞങ്ങളെ സഹായിക്കാൻ കഴിയും. അദ്ദേഹം ഒരു മികച്ച പ്രതിരോധ മിഡ്ഫീൽഡറാണ്. പക്ഷേ ഒരു സെൻട്രൽ മിഡ്ഫീൽഡറായും കളിക്കാൻ കഴിയും. ഈ സാധ്യത ഞങ്ങൾക്ക് ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതിനാൽ എന്താണ് ചെയ്യാൻ പോകുകന്നതെന്ന് വരും മാച്ചുകളിലൂടെ ഞങ്ങൾ തീരുമാനിക്കും.” അദ്ദേഹം പറഞ്ഞു.

കിബുവിനൊപ്പം ഈയടുത്ത് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമായ ജുവാണ്ടയും പത്രസമ്മേനത്തിൽ പങ്കെടുത്തു.

"ക്വറന്റൈൻ സമയത്ത് ഞാൻ വളരെയധികം മാച്ചുകൾ കണ്ടു. ചെറിയ തെറ്റുകൾ മാത്രമേ ഞങ്ങൾ പരിഹരിക്കേണ്ടതുള്ളൂ എന്ന് ഞാൻ കരുതുന്നു. സഹായിക്കാൻ മാത്രമാണ് ഞാൻ ഇവിടെയെത്തുന്നത്. അതിനാൽ ഇത് എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ സമ്മർദ്ദമല്ല, എന്റെ ജീവിതത്തിലുടനീളം ഞാൻ ഫുട്ബോൾ കളിച്ചതാണ്. എനിക്ക് നല്ല ആത്മവിശ്വാസമുണ്ട് ഈ ടീമിൽ.”അദ്ദേഹം പറഞ്ഞു.