കായീകലോകത്തിനു മുൻപിൽ മലയാളികളുടെ പ്രതീകമായ അനേകം വ്യക്തിത്വങ്ങളുണ്ട്. പിടി ഉഷയും,ജോപോൾ അഞ്ചേരിയും, ഷൈനി വിൽസണും, അഞ്ചു ബോബി ജോർജും, വി ആർ ശ്രീജേഷും, പ്രീജ ശ്രീധരനും, ശ്രീശാന്തും, ബോബി അലോഷ്യസും, അനസ് എടത്തൊടിക്കയുമെല്ലാം അവരിൽ ചിലർ മാത്രമാണ്. കേരളത്തിൽ നിന്നുള്ള കായീകതാരങ്ങളിൽ ഫുട്ബോൾ മേഖലയിൽ ഏറെ അഭിമാനിക്കാനുള്ള വക മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് ഐഎം വിജയൻ. ചാനലുകളോ, സമൂഹമാധ്യമങ്ങളോ ഒന്നും സജീവമല്ലാതിരുന്ന ഒരു കാലത്ത്, കാൽപ്പന്തുകളിയുടെ ആവേശം ഒരു ജനതക്ക് പകർന്നുനൽകുന്നതിൽ വിജയിച്ച, കാല്പന്തുകളിയെ നെഞ്ചോടു ചേർത്ത കേരളത്തിന് എല്ലാക്കാലത്തും അഭിമാനമായിരുന്ന ഇതിഹാസതാരമായിരുന്നു അദ്ദേഹം. സാമ്പത്തീകപരമായി താഴെക്കിടയിൽ നിന്ന്, ഒരു കായീക പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്ന് അദ്ദേഹം അതിശയമുളവാക്കുന്ന രീതിയിലാണ്  ഉയർന്നുവന്നത്. ഔദ്യോഗീക ഫുട്ബോളിൽ നിന്ന് വിരമിച്ചിട്ട് ഏറെ നാളായെങ്കിലും ഫുട്ബോൾ അനുബന്ധപരിപാടികളിൽ വ്യാപൃതനാണ് അദ്ദേഹം. 

മെയ് പത്തിന് ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീം ക്യാപ്റ്റനും ബെംഗളൂരു എഫ്‌സി ടീം ക്യാപ്റ്റനുമായ സുനിൽ ഛെത്രിക്കൊപ്പം ഇൻസ്റ്റാഗ്രാം ലൈവിൽ അദ്ദേഹം പങ്കുചേർന്നു. അവരിരുവരുടേയും വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം കാഴ്ചക്കാർക്കെല്ലാം ഹൃദ്യമായൊരനുഭവമായി മാറി.

"ഞാൻ അദ്ദേഹത്തെ പത്തോ പതിനഞ്ചോ പ്രാവശ്യം കണ്ടിട്ടുണ്ടാകും. അപ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ എത്രയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരാധകനാണെന്നും പറയാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. എന്റെ മനസ് ഞാൻ തുറക്കുമ്പോഴെല്ലാം ആ പുകഴ്ത്തലുകളെല്ലാം കണക്കിലെടുക്കാതെ ഏറ്റവും വിനീതനായി അദ്ദേഹം നടന്നകലുകയായിരുന്നു പതിവ്. അദ്ദേഹത്തോട് പോയി സംസാരിക്കാനും എനിക്കേറെ ധൈര്യം ആവശ്യമായിരുന്നു. പക്ഷെ  ഇപ്പോൾ അതിന് ഏറ്റവും അനുയോജ്യമായ അവസരം വന്നുചേർന്നിരിക്കുന്നു." ലൈവ് സെഷൻ ആരംഭിക്കും മുൻപ് സുനിൽ ഛേത്രി പറഞ്ഞു തുടങ്ങി.

"സമൂഹമാധ്യമങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഒരു കാലത്താണ് നിങ്ങൾ കളിച്ചിരുന്നത്. താങ്കളുടെ പ്രകടനങ്ങൾ ഭൂരിഭാഗവും ആർക്കുമിപ്പോൾ കാണാൻ സാധിക്കുന്നില്ല. ഭായിയെപ്പറ്റി അറിഞ്ഞു വളരുന്ന പുതിയ തലമുറക്ക് അതൊന്നും കണ്ടറിയാൻ സാധിക്കാത്തത് വളരെ നിരാശജനകമാണ്. ഇതൊന്നും ഭായി ചിന്തിക്കാറില്ലേ?" സുനിൽ ഏറെ നിർണായമായൊരു ചോദ്യവും കൊണ്ടാണ് സംസാരം ആരംഭിച്ചത്.

"കുട്ടികൾ ചോദിക്കുമ്പോൾ ചിന്തിക്കാറുണ്ട്. അന്ന് സമൂഹമാധ്യമങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പാക്ഷേ പത്രങ്ങളിൽ നന്നായി എഴുതുമായിരുന്നു. ആകെ ദൂരദർശൻ ചാനൽ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്കും മുൻപുള്ള കാലത്ത് അതുപോലും ഉണ്ടായിരുന്നില്ല.  ഇപ്പൊ എല്ലാം ലഭ്യമാണ്. എല്ലാവർക്കും ഫുട്ബോൾ കാണാൻ സാധിക്കുന്നുണ്ട്. അത് നല്ലതാണ്." ഐഎം വിജയൻ മറുപടി പറഞ്ഞു.

മുൻനിര താരമെന്ന നിലയിൽ അവസരങ്ങൾ മികച്ച അവസരങ്ങൾ വന്നിട്ടും എന്തുകൊണ്ട്‌ സ്വീകരിച്ചില്ല എന്ന സുനിലിന്റെ ചോദ്യത്തിന് ഐഎം വിജയൻറെ മറുപടി ഏറെ രസകരമായിരുന്നു.

"അന്ന് ഇന്നത്തെപ്പോലെയല്ല. ഒരു വഴി നിർദ്ദേശിക്കാൻ ആരുമുണ്ടായില്ല. ഇന്നത്തെ താരങ്ങൾക്ക് ഉപദേശങ്ങൾ തേടാൻ ആളുകളുണ്ട്. എന്റെ കാര്യത്തിൽ ഞാൻ തനിച്ചാണ് തീരുമാനിച്ചത്. എനിക്ക് ഇംഗ്ലീഷ് ഭാഷയും വശമില്ലായിരുന്നു. പുറത്തുപോയിരുന്നുവെങ്കിൽ എന്ത് സംഭവിച്ചേനെ എന്നറിയില്ല.  ജോപോള്‍, കാള്‍ട്ടണ്‍ ചാപ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ഇവിടെ തന്നെ കളിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യൻ ടീമിലും ഒരുപാട് പുരോഗമനങ്ങൾ ഉണ്ട്. എല്ലാത്തിനും സപ്പോർട്ടിങ് സ്റ്റാഫ് ഉണ്ട്. മുൻപ് അതെല്ലാം ഞങ്ങൾ തനിച്ചായിരുന്നു ചെയ്തിരുന്നത്. പക്ഷെ അതെല്ലാം ഞങ്ങൾ ആസ്വദിച്ചിരുന്നു."

വളരെ രസകരമായി ഒരുമണിക്കൂറിലധികം നീണ്ട സംസാരത്തിനിടയിൽ ഒരു സെവൻസ് ഫുട്ബോൾ ടീമിനെയും ഛേത്രിയുടെ ആവശ്യപ്രകാരം വിജയൻ തിരഞ്ഞെടുത്തു. ജോപോള്‍ അഞ്ചേരി, ബൈച്ചുങ് ബൂട്ടിയ, എം.സുരേഷ്, ഷറഫലി, ദിനേഷ് നായര്‍ മുതലായ താരങ്ങളെയാണ് അദ്ദേഹം താനും സുനിലുമടങ്ങുന്ന സെവൻസ് ടീമിന്റെ ഭാഗമായി തിരഞ്ഞെടുത്തത്.

ജോപോൾ അഞ്ചേരിയെക്കുറിച്ചും  അദ്ദേഹം വാചാലനായി.നാഷണൽ ക്യാമ്പിനിടയിലെ രസകരമായ അനുഭവവും അദ്ദേഹം പങ്കുവച്ചു.

"പരിശീലകർ പലതരത്തിലുള്ള പരിശീലന രീതികളായിരുന്നു സ്വീകരിച്ചിരുന്നത്. ഞങ്ങളെ മികച്ച ക്ഷമതയുള്ളവരാക്കാൻ റസ്റ്റം അക്രമോവ് ഞങ്ങളെ ബോക്സർമാർക്കൊപ്പം പരിശീലിപ്പിക്കുമായിരുന്നു. ഞാൻ ഒഴിഞ്ഞു മാറുകയും പതുക്കെ ഇടിക്കാൻ അവരോടു ആവശ്യപ്പെടുകയും ചെയ്യും. ജോപോൾ ഇന്ത്യയിലെ അന്നത്തെ മികച്ച ബോക്സറുമൊന്നിച്ചാണ്‌ പരിശീലിച്ചത്. മൈക്ക് ടൈസൺ വളരെ പ്രശസ്തനായിരുന്നു അന്ന്. അദ്ദേഹത്തിനെതിരെ ജോപോൾ അപ്പർ കട്ടിനായി ശ്രമിക്കുകയും അദ്ദേഹം ഒഴിഞ്ഞു മാറി നേരെ ഇടിക്കുകയും ചെയ്തു. ചതഞ്ഞ താടിയെല്ലുംകൊണ്ടാണ് ജോപോൾ പിന്നെ ഫൈറ്റ് ചെയ്തത്" 

പുതിയ താരങ്ങൾക്കായുള്ള ഉപദേശവും വിജയൻ പങ്കുവച്ചു. "ഞാന്‍ സഹലിനോട് പറഞ്ഞു: മറ്റെവിടെയും നോക്കരുത്. നിന്റെ മുതിര്‍ന്ന താരങ്ങളെയും മുന്നിലുള്ള കളിക്കാരെയും മാത്രം ശ്രദ്ധിക്കുക. സുനില്‍ ഛേത്രിയെ നോക്കി അദേഹം ചെയ്യുന്നത് എന്താണെന്ന് ശ്രദ്ധിക്കു. ഞാന്‍ ആഷിഖ് കുരുണിയനോടും മറ്റുള്ളവരോടുമെല്ലാം ഇതു തന്നെയാണ് പറയുന്നത്.സുനിൽ എന്നെ ഇന്റർവ്യൂ ചെയ്യുന്നതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്" അദ്ദേഹം പറഞ്ഞു നിർത്തി.