നാളെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം അരങ്ങേറുകയാണ്. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ-സമ്മേളനത്തിൽ കേരളാബ്ലാസ്റ്റേഴ്സിനെ പ്രധിനിതീകരിച്ചു മുഖ്യപരിശീലകൻ നെലോ വിൻഗാഡ സംസാരിച്ചു.

“ഓരോ പുതിയ മാച്ചും പുതിയ വെല്ലുവിളിയാണ്. കളി നന്നായി കളിക്കുകയെന്നതും അവസാന കളി വിജയിക്കുകയെന്നതും ഇപ്പോഴും പ്രധാനമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം അവരാണ് 2016 യിൽ ആദ്യമായി ഇന്ത്യയിലേക്ക് വരാനുള്ള സാഹചര്യം എനിക്കുണ്ടാക്കി തന്നത്. അവർക്കു പ്ലേയ് ഓഫിലേക്ക് കടക്കാനായതിൽ എനിക്ക് സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.

"സൂപ്പർ കപ്പിൽ വരുന്ന ഒരു പിഴവ് പോലും അംഗീകരിക്കാനാവില്ല. ഒരു പിഴവ് സംഭവിച്ചാൽ പിന്നെയെല്ലാം നഷ്ടമാകും. ഈ നിമിഷം നാളത്തെ കളിയിൽ മാത്രമാണ് ഞങ്ങൾ കേന്ദ്രീകരിക്കുന്നത്. എന്റെ ടീമിനോടൊപ്പമുള്ള ഭാവി എന്താകുമെന്ന് എനിക്കറിയില്ല. എന്നാൽ ഈ സീസൺ അവസാനം വരെ ടീമിനൊപ്പം ഞാനുണ്ടാകും. സീസൺ അവസാനിച്ചതിന് ശേഷം ഞാൻ ബോർഡിനോട് സംസാരിക്കും". അദ്ദേഹം കൂട്ടിച്ചേർത്തു.

നെലോ വിൻഗാഡ മുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ പരിശീലകനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായതിനു ശേഷമുള്ള നോർത്ത് ഈസ്റ്റിനെതിരായ ആദ്യ മത്സരം എന്ന നിലയിൽ പഴയ സഹപ്രവർത്തകരെ കാണാനും പരിചയം പുതുക്കാനുമുള്ള വേദികൂടിയാകും നാളത്തെ മത്സരം.