ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ ഒൻപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിട്ടു. 42ആം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്ക്വസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.  തുടർച്ചയായ ഒൻപതാം മത്സരമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിയാതെ മുന്നേറുന്നത്. മറുവശത്ത് തോൽവി വഴങ്ങാത്ത എട്ടു മത്സരങ്ങൾക്കപ്പുറമാണ് ഹൈദരാബാദ് തോൽവി വഴങ്ങിയത്. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിക് പങ്കെടുത്തു.പത്രസമ്മേളനത്തിൽ പ്രധാന ഭാഗങ്ങൾ വായിക്കാം.

ഇന്നത്തെ വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ഒന്നാമതെത്തി. മത്സരം എത്ര കഠിനമായിരുന്നു? താങ്കൾക്ക് എന്തുതോന്നുന്നു?

"ഇന്ന് ഞങ്ങൾ കളിച്ചത് ഈ സീസണിൽ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നുമായിട്ടാണ്. ഏറ്റവും ഓർഗനൈസ്ഡ് ആയി കളിക്കുന്ന ടീമുകളിലൊന്നാണവർ. കഴിഞ്ഞ വർഷം മുതൽ സ്ഥിരതയോടെ കളിക്കുന്ന ടീമുകളിലൊന്ന്. പരാജപ്പെടുത്താൻ ഏറ്റവും കഠിനമായ ടീമാണ് ഹൈദരാബാദ്. ഇന്ന് അവർക്കെതിരെ നന്നായി കളിയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഗോളുകൾ വഴങ്ങാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചു."

"റാങ്കിങ്ങിൽ ഒന്നാമത് എത്തിയതിനെക്കുറിച്ച് പറഞ്ഞാൽ, ഞങ്ങൾ ഈ കണക്കിലൊന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് പറയാനുള്ളത്. കാരണം ഇനിയും പത്തു മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത. അതിനർത്ഥം ഇനിയും മുപ്പതു പോയിന്റുകൾക്കായി ഞങ്ങൾ പോരാടേണ്ടതുണ്ട്. ഞങ്ങൾക്ക് ഓരോ മത്സരവും ഫൈനലാണ്. ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്. ഞങ്ങൾ അങ്ങനെ തുടരേണ്ടതുണ്ട്. അത്തരത്തിൽ പോയിന്റുകൾ നേടിയാൽ മാത്രമേ ഞങ്ങൾക്ക് ലീഗിൽ മുൻനിരയിൽ തുടരാനാകു."

"ലീഗിന്റെ രണ്ടാം പകുതിയിൽ ഞങ്ങൾ നന്നായി പരിശ്രമിക്കും. അത് ഞങ്ങൾക്ക് കൂടുതൽ കഠിനമായിരിക്കും. കാരണം മറ്റുള്ള ടീമുകൾ നന്നായി ഓർഗനൈസ്ഡ് ആയി കളിയ്ക്കാൻ ഇറങ്ങും. ഇന്ന് ഈ മൂന്നു പോയിന്റിൽ ഞാൻ സന്തുഷ്ട്ടനാണ്. എന്റെ കുട്ടികളുടെ പ്രകടനത്തിൽ സംതൃപ്തനാണ്. ആരാധരും ഇന്നത്തെ കളിയിൽ സന്തുഷ്ടരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ കളി ആസ്വദിച്ചു കാണുമെന്നു വിശ്വസിക്കുന്നു."

"ഇന്നത്തെ മത്സരത്തിൽ എതിർ ടീമിനെ പരമാവധി സമ്മർദ്ദത്തിലാഴ്ത്താൻ ഞങ്ങൾ ആഗ്രഹിച്ചു. കൂടുതൽ സമയം പന്ത് കൈവശം വയ്ക്കാൻ ആഗ്രഹിച്ചു. ഞങ്ങളുടെ ട്രാൻസിഷനുകളിൽ ക്ലിനിക്കൽ ആകാൻ ആഗ്രഹിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ അവസാനത്തെ പാസിൽ ഞങ്ങൾക്ക് കൃത്യത പുലർത്താനായില്ല. അങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു. എന്തിരുന്നാലും ഇന്നു നേടിയ മൂന്നു പോയിന്റുകളിൽ സന്തോഷിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരു ടീമെന്ന നിലയിൽ കഠിനാധ്വാനം ചെയ്യുന്നത് തുടരണം. ഭാവിയിലേക്ക് കൂടുതൽ ശ്രമങ്ങൾ ഞങ്ങൾ നടത്തണം. പുതിയ കാര്യങ്ങൾ പരീക്ഷിക്കണം. ഈ കോവിഡ് കാലത്ത് ആരോഗ്യപരമായി, ശാരീരീരികമായി പൂർണ കരുത്തോടെ ഇരിക്കണമെന്നതും പ്രധാനമാണ്. ഞങ്ങൾ എല്ലാ മത്സരങ്ങളിലും പോരാടേണ്ടതുണ്ട്, പോയിന്റുകൾക്കായി കഷ്ടപ്പെടേണ്ടതുണ്ട്, കാരണം ഞങ്ങൾക്ക് ഓരോ മത്സരവും ഫൈനലാണ്."

ഹർമൻജോത് ഖബ്രയുടെ സബ്സ്റ്റിറ്റ്യൂഷൻ തന്ത്രപരമായ ഒന്നായിരുന്നോ അതോ പരിക്ക് കാരണമാണോ?

"ഹർമൻജോത് ഖബ്രൾക്ക് ശരിക്കും അസുഖകരമായ ഒരു ക്ഷതവും കാലിന് ഒരു മുറിവും സംഭവിച്ചു. അയാൾക്ക് കുറച്ച് മിനിറ്റുകൾ കൂടി, പത്ത് മിനിറ്റ് കൂടി തുടരാമായിരുന്നു. പക്ഷേ മെഡിക്കൽ വിഭാഗത്തിൽ നിന്നും കോച്ചിംഗ് വിഭാഗത്തിൽ നിന്നും ചിന്തിക്കുമ്പോൾ ഇത്തരത്തിലുള്ള  ചെറിയ കാര്യങ്ങൾക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. കാരണം ഞങ്ങൾക്ക്, ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിന്, ഞങ്ങളുടെ ടീമിന്, ഖബ്ര വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. അദ്ദേഹത്തെ വീണ്ടും തുടരാനനുവദിച്ച് കൂടുതൽ പരിക്കേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതിനാൽ, ചിലപ്പോൾ കൂടുതൽ കഠിനമായി പരിക്കേൽപ്പിക്കുന്നതിനേക്കാൾ അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നതാകും നല്ലത്. "

കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബിൽ നിന്ന് ലോണിൽ ഹൈദരാബാദ് എഫ്‌സിയിൽ കളിക്കുന്ന സെയ്ത്യാസെൻ സിംങ്ങിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

"സെയ്ത്യാസെൻ എവിടെ കളിച്ചാലും വളരെ മികച്ച കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. മികച്ച മാനസികാവസ്ഥയും മികച്ച ശൈലിയും മികച്ച ടീം സ്വഭാവവുമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഹൈദരാബാദിലേക്ക് ലോണിൽ പോയതിൽ എനിക്ക് ഖേദമുണ്ട്. മറുവശത്ത്, തീർച്ചയായും, അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു. കാരണം കളിക്കാനായി കൂടുതൽ സമയം ലഭിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ചിലപ്പോൾ ഞങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ട്. എന്നാൽ അവസ്ഥക്കനുസരിച്ച് ഞങ്ങൾ തീരുമാനങ്ങളെടുക്കുന്നു. അതിനാൽ അതൊരു ശരിയായ തീരുമാനമായിരുന്നു, എനിക്ക് അദ്ദേഹത്തിന്റെ പ്രകടനങ്ങളിലും അദ്ദേഹത്തിന് കൂടുതൽ കളിക്കാനുള്ള സമയം ലഭിക്കുമെന്നതിലും സന്തോഷമുണ്ട്. തീർച്ചയായും, കാരണം അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഭാവിയിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു."