ഇന്ത്യൻ സൂപ്പർ ലീഗിൽ ജൈത്രയാത്ര തുടർന്ന് കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ അമ്പത്തിയെട്ടാം മത്സരത്തിൽ ഒഡിഷ എഫ്‌സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തകർത്തത്. പ്രധിരോധ താരങ്ങളായ നിഷു കുമാറും ഹര്‍മന്‍ജോത് ഖബ്രയുമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തോൽവി വഴങ്ങാത്ത തുടർച്ചയായ പത്താം മത്സരമാണിത്. ഇന്നത്തെ മൂന്നു പോയിന്റോടു കൂടി, 11 മത്സരങ്ങളില്‍ നിന്നായി അഞ്ച് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമടക്കം 20 പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ഈ തോല്‍വിയോടെ ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്ത് തുടരുന്നു. ടീമിന് 10 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാണുള്ളത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരംഭ നിര

പ്രഭ്സുഖൻ ഗിൽ (ജികെ), എനെസ് സിപോവിച്ച്, റൂയിവ ഹോർമിപാം, നിഷു കുമാർ, ലാൽതതംഗ ഖൗൾഹിംഗ്, ഹർമൻജോത് ഖബ്ര, സഹൽ സമദ്, അഡ്രിയാൻ ലൂണ (സി), ജീക്സൺ സിംഗ്, ജോർജ് ഡയസ്, അൽവാരോ വാസ്ക്വസ്.

ഒഡിഷ എഫ്‌സി ആരംഭ നിര

അർഷ്ദീപ് സിംഗ് (ജി.കെ), വിക്ടർ മോംഗിൽ (സി), ഹെക്ടർ റാമിറസ്, ഹാവിയർ ഹെർണാണ്ടസ്, നന്ദകുമാർ സെക്കർ, ജെറി മാവിഹ്മിംഗ്താംഗ, ഹെൻഡ്രി ആന്റണയ്, സാഹിൽ പൻവാർ, ലാൽറുഅത്തറ, ഐസക് ചക്ചുവാക്ക്, ലിറിഡൻ ക്രാസ്നിക്കി.

പ്രധാന നിമിഷങ്ങൾ

ക്യാപ്റ്റൻ ജെസ്സലിന്റെ അസാന്നിധ്യത്തിൽ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങിയത്. കേരളാ ബ്ലാസ്റ്റേഴ്‌സ് 4-4-2 ഫോർമേഷനിലും ഒഡിഷ 4-3-3 ഫോർമേഷനിലുമാണ് ഇറങ്ങിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഒഡിഷക്കെതിരെ കോർണർ നേടാൻ ബ്ലാസ്റ്റേഴ്സിനായി. ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലി പിന്തുടർന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കുമേൽ സമ്മർദ്ദം ചെലുത്തി. പത്തൊൻപതാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഖബ്രയ്ക്ക് ലഭിച്ച അവസരം ഗോൾ ആക്കി മാറ്റാനായില്ല. അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ വല തൊടാതെ പുറത്തേക്കുപോയി. ഇരുപത്തിയാറാം മിനിറ്റിൽ ഒഡിഷ എഫ്‌സി താരം ഹാവിയർ ഹെർണാണ്ടസിനു ലഭിച്ച അവസരം ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ തട്ടിയകറ്റി. ഇരുപത്തിയെട്ടാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത്. ജെസ്സലിന്റെ അഭാവത്തിൽ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയ നിഷു കുമാറാണ് ആദ്യ ഗോൾ നേടിയത്. അഡ്രിയാൻ ലൂണ നൽകിയ പാസ് അവസരോചിതമായി വലയിലേക്ക് തൊടുത്ത് നിഷു അതിമനോഹരമായ ഗോൾ നേടുകയായിരുന്നു.

നാൽപ്പതാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്ക് മികച്ച ഒരു ഹെഡ്ഡെറിലൂടെ ഹര്‍മന്‍ജോത് ഖബ്ര ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

3-5-2 ഫോര്‍മേഷനിലാണ് രണ്ടാം പകുതിയിൽ ഒഡിഷ കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിലും ആക്രമണം ബ്ലാസ്റ്റേഴ്‌സ് തൊടുത്തുവിട്ടു. എന്നാൽ പ്രതിരോധത്തിലും അതീവ ശ്രദ്ധ പുലർത്തിയായാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറിയത്.

അൻപത്തിയേഴാം മിനിറ്റില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ആല്‍വാരോ വാസ്‌ക്വസ് പോസ്റ്റിലേക്ക് ഗോൾ തൊടുത്തെങ്കിലും ഒഡിഷ ഗോൾ കീപ്പർ അർഷ്ദീപ് സിംഗ് അത് കയ്യിലൊതുക്കി. അറുപത്തിരണ്ടാം മിനിട്ടിലും അറുപത്തിയഞ്ചാം മിനിട്ടിലും ജൊനാതാസിന്റെ ഗോളിനായുള്ള ശ്രമങ്ങൾ സമയോചിതമായി പ്രഭ്സുഖൻ ഗിൽ തടഞ്ഞു. എണ്‍പത്തിയൊന്നാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് പ്യുട്ടീയയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ഇത് ചോദ്യം ചെയ്ത കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും റഫറി മഞ്ഞക്കാർഡ് നൽകി.  എൺപത്തിയാറാം മിനിറ്റിൽ വാസ്‌ക്വസിന്റെ ഫ്രീകിക്ക് വൈഡിൽ കലാശിച്ചു. ഇഞ്ചുറി ടൈമിലും മറ്റൊരു ഗോളവസരം വാസ്‌ക്വസിന് ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.

മത്സരം രണ്ടു ഗോളിന്റെ ലീഡിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഹീറോ ഓഫ് ദി മാച്ച് അവാർഡ് ഹർമൻജോത് ഖബ്രയ്ക്ക് ലഭിച്ചു.

പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന പന്ത്രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ നേരിടും.