കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുൻ പരിശീലകനായിരുന്ന എൽക്കോ ഷറ്റോറി താൻ ആരംഭിച്ച ജോലി ആഗ്രഹിച്ച രീതിയിൽ പൂർത്തിയാക്കും മുൻപ് അവസാനിപ്പിക്കേണ്ടി വന്നതിലെ ആശങ്കകൾ വെളിപ്പെടുത്തി. എന്നാൽ ടീമിന്റെ ആരാധകവൃന്ദവുമായി ബന്ധപ്പെടാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

കേരളബ്ലാസ്റ്റേഴ്‌സ് ബുധനാഴ്ച എൽക്കോ ഷറ്റോരിയുമായി പിരിഞ്ഞ് കിബു വികുനയെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.

2019-20 സീസണിലെ കേരളബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായിരുന്നു എൽക്കോ ഷറ്റോരി. ഏഴാം സ്ഥാനത്താണ് കഴിഞ്ഞ സീസണിൽ ടീം അവസാനിച്ചതെങ്കിലും ആരാധകരുടെ മികച്ച പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നടപ്പിലാക്കിയ ആക്രമണാത്മകവും സ്വതന്ത്രവുമായ ശൈലിയിൽ ആരാധകർ പ്രതീക്ഷ കണ്ടെത്തിയതായിരുന്നു അതിനു കാരണം. ഈ സീസണിലെ ഏറ്റവും ഉയർന്ന നാലാമത്തെ ഗോൾ നേട്ടവും ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും ഉയർന്ന ഗോൾ നേട്ടവും കേരളബ്ലാസ്റ്റേഴ്‌സ് ടീം എൽകോയ്ക്ക് കീഴിൽ സ്വന്തമാക്കിയിരുന്നു.

ഒരു ഫുട്ബോൾ കേന്ദ്രീകൃത സോഷ്യൽ മീഡിയ ചാനലിന് ഈയിടെ നൽകിയ അഭിമുഖത്തിൽ എൽക്കോ ഷറ്റോരി പറഞ്ഞു.

"ഞാൻ നിരാശനാണ്. ഞങ്ങൾ കേരളത്തിൽ ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു. ദുഃഖകരമെന്നു പറയട്ടെ, അത് സംഭവിച്ചില്ലെങ്കിലും ജോലി പൂർത്തിയാക്കാൻ ഞാൻ ശരിയായ വ്യക്തിയാണെന്ന് എനിക്കിപ്പോഴും 100% ഉറപ്പുണ്ട്. ഞങ്ങൾ ഏഴാം സ്ഥാനത്തെത്തിയെന്ന് ആളുകൾ പറഞ്ഞേക്കാം. ഞാൻ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. എന്നിരുന്നാലും, നിരവധി ചെറിയ ഘടകങ്ങൾ സെമി ഫൈനലിന് യോഗ്യത നേടുന്നത് അസാധ്യമാക്കി, ”

"എന്താണ് സംഭവിക്കുന്നതെന്ന് ഭാവിക്ക് മാത്രമേ പറയാൻ കഴിയൂ. പക്ഷേ കേരളത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ഒരു വേർപിരിയലായിരുന്നു അത്. ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നു. നിരാശനായിരുന്നു ഞാൻ. പക്ഷെ ജീവിതം തുടർന്നേ മതിയാകൂ. യൂറോപ്പിലെ കുറച്ച് ക്ലബുകളിലേക്ക് ഞാൻ ഉറ്റുനോക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കാണും.” തന്റെ ഭാവി എവിടെയാണെന്ന് സൂചിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളവുമായുള്ള അതിമനോഹരമായ ഓർമ്മകൾ ഷട്ടോറി പങ്കുവച്ചു.

“കേരളത്തിന്റെ ആരാധകവൃന്ദം മനോഹരമായിരുന്നു. ഉദ്ഘാടന മത്സരം, സ്റ്റേഡിയം പൂർണ്ണമായും ഞങ്ങളുടെ അധീനതയിലായിരുന്നു. അതാണ് ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യം. കേരളാബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്. അവർക്ക് ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു ഫുട്ബോൾ എനിക്ക് നൽകാനായിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

“എനിക്ക് ആരാധകരിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിച്ചു (ഞാൻ പോയ വാർത്ത അറിയിച്ചതിന് ശേഷം). ഞങ്ങൾക്ക് സെമിക്ക് യോഗ്യത നേടാനാകാത്തതിനുശേഷവും ഞാൻ തുടരണമെന്ന് അവരിൽ പലരും ആഗ്രഹിച്ചത് ഹൃദയസ്പർശിയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ കേരളത്തിൽ അദ്ദേഹം നടപ്പിലാക്കിയ കളിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷട്ടോരി അഭിപ്രായപ്പെട്ടു, “എനിക്ക് എല്ലായ്പ്പോഴും ഒരേ തത്ത്വചിന്തയുണ്ട് - ആധിപത്യം. എന്നാൽ ഏത് സിസ്റ്റത്തിലാണ് അത് ചെയ്യുന്നത് എന്നത് ടീമിന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും മുൻ-സീസണുകളെ അപേക്ഷിച്ച് ഈ സീസണിൽ കേരളം കൂടുതൽ ഗോളുകൾ നേടി. അതിനാൽത്തന്നെ ഞാൻ ആഗ്രഹിച്ചത് പ്രവർത്തികമാക്കുന്നതിൽ എന്റെ ടീം ഒരു പരിധിവരെ വിജയിച്ചു. പക്ഷെ ഞങ്ങൾ വളരെയധികം ഗോളുകൾ വഴങ്ങി. ഇതിന് പിന്നിൽ വിവിധ കാരണങ്ങളുണ്ടായിരുന്നു. തീർച്ചയായും പരിക്കുകൾ ഒരു കാരണമായി. ”

ടീമിലെ കളിക്കാരോടുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഡ്രസ്സിംഗ് റൂം മികച്ചതായിരുന്നു. പോരാട്ട മനോഭാവം എല്ലായ്പ്പോഴും ഉണ്ടായിരുന്നു, ഡ്രസ്സിംഗ് റൂം നല്ലതല്ലെങ്കിൽ നിങ്ങൾക്ക് അത് ലഭിക്കില്ല. മനോഭാവവും അന്തരീക്ഷവും എല്ലായ്പ്പോഴും മികച്ചതായിരുന്നു. ഭാവിയിൽ ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ട് കളിക്കാരാണ് രാഹുൽ കെപിയും സാമുവൽ ലാൽമുവാൻപുയയും. ജീക്സൺ സിങ്ങിന്റെ പുരോഗതിയെ ഞാൻ ശ്രദ്ധിക്കും. ”

എൽക്കോയുടെ പിരിയലിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും പുതിയ പരിശീലകന്റെ കീഴിൽ മികച്ച പ്രകടനം ടീം കാഴ്ചവക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം ആരാധകരായ 12ത് പ്ലയെർ ഓഫ് ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും 12ത് പ്ലയെർ ഓഫ് ബ്ലാസ്റ്റേഴ്സും.