കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇന്ന് ഹീറാ ഇൻഡ്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ)-ന്റെ ഏഴാം മൽസരത്തിൽ, ലോകമെമ്പാടുമുളള മലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഫുട്ബാൾ താരനിര, ജാംഷെഡ്പൂർ എഫ്‌സിയോട് കൊമ്പുകോർക്കും. ലീഗിന്റെ ഉദ്ഘാടന മൽസരത്തിൽ, നിലവിലുളള ചാമ്പ്യൻമാരായ എടികെയുമായി ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന് എണ്ണയിട്ട ഒരു യന്ത്രം പോലെ ചുറ്റുന്നതിന് കഴിയാതിരുന്നതാണ് ടീമിന്റെ ഗോൾ ദാരിദ്ര്യത്തിന് കാരണമായത്. എന്നാൽ തുടരെത്തുടരെ എടികെ നടത്തിയ ആക്രമണങ്ങളെ അതിജീവിക്കുന്നതിന് കഴിഞ്ഞിലൂടെ, ടീമിന്റെ പ്രതിരോധത്തിന്റെ കരുത്ത് മറ്റ് ടീമുകൾക്കൊരു പാഠമാകും എന്നതിൽ സംശയമില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയ്ക്ക് എതിരേയുളള മൽസരത്തിൽ ജാംഷെഡ്പൂർ എഫ്‌സിയും സമാനമായൊരു സ്ഥിതിയാണ് അഭിമുഖീകരിച്ചത്. ജാംഷെഡ്പൂർ ഗോൾ മുഖത്ത് ലഭിച്ച അവസരങ്ങളെല്ലാം വടക്ക് കിഴക്കൻ ക്ലബ്ല് കളഞ്ഞു കുളിച്ചപ്പോൾ, ചുവന്ന കാർഡിലൂടെ ഒരു ടീമംഗം നഷ്ടപ്പെട്ട ജാംഷെഡ്പൂർ നിരയുടെ രക്ഷകനായത് ഇൻഡ്യൻ ടീമംഗം കൂടിയായ സുബ്രതാ പോളിന്റെ എണ്ണം പറഞ്ഞ, വിദഗ്ദ്ധമായ സേവുകളാണ്. മുൻ മൽസരത്തിൽ ചുവപ്പു കാർഡ് കണ്ട് കളത്തിന് പുറത്തേക്ക് പോകേണ്ടി വന്ന, കഴിവുറ്റ ആൻഡ്രേ ബിക്കിയുടെ സേവനങ്ങൾ കൂടാതെയായിരിക്കും ഐഎസ്എൽ-ലെ നവാഗതരായ ജാംഷെഡ്പൂർ കേരളത്തിനെതിരേ അണിനിരക്കുക.

മുഖ്യ കളിക്കാർ:

കറേജ് പെക്കൂസൺ (കേരളാ ബ്ലാസ്‌റ്റേഴ്‌സ്)

കേരളത്തിന്റെ മുൻ മൽസരത്തിൽ ആക്രമണമനോഭാവവും ഗോളുകളുകൾക്കായുളള തീവ്ര ദാഹവും ഈ 22-കാരൻ മിഡ്ഫീൽഡർ പ്രദർശിപ്പിക്കുകയുണ്ടായി. ഈ ഘാനാ താരത്തിന്റെ വേഗതയ്‌ക്കൊപ്പം കിട പിടിക്കുന്നതിന് എടികെ പ്രതിരോധത്തിന് ഏറെ വിയർക്കേണ്ടി വന്നു. എന്നാൽ ചില അവസരങ്ങളിൽ ടച്ച് വിട്ടു പോയത് ഗോളിലേക്കുളള വഴി തുറക്കുന്നതിന് അദ്ദേഹത്തിന് വിനയായി. മൽസര സാഹചര്യങ്ങളോട് ഒരിക്കൽ ഇണങ്ങിക്കഴിയുകയും കളിക്കളത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തു കഴിഞ്ഞാൽ, മറ്റേത് ടീമുകളുടേയും പ്രതിരോധ നിരയുടെ അടിസ്ഥാനമിളക്കുവാൻ ഈ യുവ താരത്തിനാകുമെന്നതിൽ സംശയമില്ല.

ഇസു അസൂക്ക (ജാംഷെഡ്പൂർ എഫ്‌സി)

നോർത്ത് ഈസ്റ്റിനെതിരേയുളള ജാംഷെഡ്പൂരിന്റെ മൽസരത്തിൽ കളിക്കളത്തിൽ നിറസാന്നിദ്ധ്യമായിരുന്നു ഈ 28-കാരൻ. കൊച്ചിയിൽ ആതിഥേയർക്ക് എതിരേ ഇദ്ദേഹം ഒരിക്കൽക്കൂടി ഭീഷണിയുയർത്താം. കേരളത്തിന്റെ ആരാധകരുടെ അത്ര സൗഹൃദപരമല്ലാത്ത മൽസരാവേശത്തിനിടയിൽ ഇത് അത്ര എളുപ്പമല്ലെങ്കിലും, ഹീറാ ഐഎസ്എൽ-ലെ ആദ്യ വിജയത്തിനായുളള അന്വേഷണത്തിൽ, വേഗതയേറിയ പാസ്സുകളും എതിർ ഗോൾ മുഖത്തെ ബുദ്ധിപൂർവ്വമായ നീക്കങ്ങളും കൊണ്ട് ഈ നൈജീരിയൻ പ്രതിഭയ്ക്ക് ജാംഷെഡ്പൂരിന്റെ കളിയുടെ ഗതിയും താളവും തന്നെ മാറ്റി മറിക്കുന്നതിന് കഴിയും.

സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ

കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

മിക്കവാറും 4-5-1 എന്ന ക്രമത്തിൽ അണിനിരക്കുന്നതിലൂടെ കേരളത്തിന്റെ ടീം, മിഡ്ഫീൽഡ് കളിക്കാരുടെ വൻ സാന്നിദ്ധ്യം കൊണ്ട് ശക്തിപ്പെടുത്തുകയായിരിക്കും ചെയ്യുക.

ഗോൾകീപ്പർ: പോൾ റചൂബ്ക

ഡിഫന്റർമാർ: ലാൽറുത്താറ, നെമാൻജ ലാക്കിക് പെസിച്ച്, സന്ദേശ് ജിങ്കൻ, റിനോ ആന്റോ

മിഡ്ഫീൽഡർമാർ: സി. കെ. വിനീത്, കറേജ് പെക്കൂസൺ, മിലൻ സിംഗ്, ദിമിത്ർ ബെർബാറ്റോവ്, ജാക്കിചന്ദ് സിംഗ്

ഫോർവാർഡുകൾ: ഇയാൻ ഹ്യൂം
കേരളത്തിന്റെ ഹെഡ് കോച്ച്, റെനെ മൊളസ്റ്റീൻ എതിർ ടീമിന്റെ പരിശീലകന്റെ തന്ത്രങ്ങളെപ്പറ്റി: ''ഇത് അൽപ്പം ദുഷ്‌കരമായ ഒരു മൽസരമായിരിക്കുമെന്നതിൽ സംശയമില്ല. സ്റ്റീവ് (കോപ്പൽ)-നെ എനിക്ക് അറിയാം; തന്റെ ടീം വളരെ ക്രമീകൃതമായി അദ്ദേഹം ഒരുക്കും; ടീമിനെ കഠിനമായി അദ്ധ്വാനിപ്പിക്കും. ഞാൻ പ്രതീക്ഷിക്കുന്ന ശൈലി, അവർ നേർക്കു നേർ മുട്ടുമെന്നാണ്. ഇക്കാര്യങ്ങളെല്ലാം കൊണ്ട് നമ്മൾ വളരെ കരുതലോടെയിരിക്കണം. അല്ലെങ്കിൽ പ്രതീക്ഷിക്കാതെ അവരുടെ ആക്രമണത്തിനിരയാകാം.''

ജാംഷെഡ്പൂർ എഫ്‌സി:

പരിശീലകൻ സ്റ്റീവ് കോപ്പൽ തനിക്ക് പ്രിയപ്പെട്ട 4-4-2 എന്ന വിന്യാസം പിന്തുടരുന്നതിനാണ് സാദ്ധ്യത. ഇത് ആക്രമണത്തിലും പ്രതിരോധത്തിലും സന്തുലനം നൽകും.

ഗോൾകീപ്പർ: സുബ്രതാ പോൾ

ഡിഫന്റർമാർ: ഷൗവിക് ഘോഷ്, അനസ് എടത്തൊടിക, തിരി, സൗവിക് ചക്രബർത്തി

മിഡ്ഫീൽഡർമാർ: ജെറി മാവ്മിംഗ്താംഗ, മെഹ്താബ് ഹുസൈൻ, ട്രിൻഡാഡ് ഗോൺകാൽവ്‌സ്, സമീഗ് ഡൗട്ടി

ഫോർവാർഡുകൾ: ഇസു അസൂക്ക, കെർവെൻസ് ബെൽഫോർട്ട്

ജാംഷെഡ്പൂർ എഫ്‌സി-യുടെ ഹെഡ് കോച്ച് സ്റ്റീവ് കോപ്പൽ കളിക്ക് മുൻപുളള തന്റെ കളിക്കാരുടെ മാനസിക നിലയെക്കുറിച്ച് പറയുന്നു: ''ഞങ്ങൾക്ക് ഫിറ്റ്‌നസ് സംബന്ധിച്ച പ്രശ്‌നങ്ങളൊന്നും തന്നെയില്ല.

സമ്മർദ്ദത്തെക്കുറിച്ചണെങ്കിൽ, ഒരു ടീമും ഈ സീസണിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന ഘട്ടത്തിലെത്തിയിട്ടില്ല എന്ന് തന്നെ ഞാൻ പറയും. ഒരു നല്ല തുടക്കമാണ് നമുക്ക് വേണ്ടത്. നല്ലൊരു തുടക്കം ലഭിച്ചാൽ, ലീഗിനോട് ചേർന്നുവെന്നും അതിന്റെ ഒരു ഭാഗമാണെന്നുമുളള ഒരു തോന്നൽ നമുക്കുണ്ടാകും.''


മുഖ്യ സ്റ്റാറ്റസ്റ്റിക്കുകൾ:

. മുൻപ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായിരുന്ന മൂന്ന് താരങ്ങൾ ഇന്ന് ജാംഷെഡ്പൂർ എഫ്‌സി-യുടെ ജേഴ്‌സിയണിഞ്ഞായിരിക്കും കൊച്ചിയിലെ മൈതാനത്തിലിറങ്ങുക: കീവൻസ് ബെൽഫോർട്ട്, മെഹ്താബ് ഹുസൈൻ, ഫറൂക്ക് ചൗധരി.


. കോച്ച് സ്റ്റീവ് കോപ്പലും ഇഷ്താക് അഹമ്മദും എതിർ ടീമിന്റെ മുഖ്യ പരിശീലകനും സഹ പരിശീലകനുമായി കേരളത്തിലേക്ക് എത്തുന്നത് ഇതാദ്യമായാണ്.