മുൻ ഹീറോ ISL താരം ആരാറ്റ ഇസുമിയെ പിന്തുടരൂ, 2018-19 സീസൺ ISL ലെ ഓരോ കാര്യങ്ങളെ കുറിച്ചും ഒരു കളിക്കാരന്റെ കാഴ്ചപ്പാടിൽ വിശദീകരിക്കും. ഓരോ ആഴ്ചയിലും പുതിയ പോസ്റ്റുകൾ കേവലം indiansuperleague.com ൽ മാത്രം. ഇൻസ്റ്റാഗ്രാമിൽ @arataizumi യിലും ട്വിറ്ററിൽ @neel0731ലും ആരാറ്റയെ ഫോളോ ചെയ്യൂ.

ഹീറോ ISL ന്റെ 2018-19 സീസണിൽ ഇക്കഴിഞ്ഞ രണ്ട് മാസങ്ങൾ സംഭവബഹുലം ആയിരുന്നു! എല്ലാ ടീമുകളും അവരുടെ ഫിക്സ്ച്ചറുകളുടെ ആദ്യ പകുതി പൂർത്തീർക്കരിക്കുമ്പോൾ, ഇതുവരെയുള്ള കളികളിൽ നിന്നായുള്ള യുവ കളിക്കാരുടെ പ്രകടനങ്ങൾ പ്രതിഫലിപ്പിക്കാൻ പറ്റിയ സമയം ആണിതെന്നു എനിക്ക് തോന്നുന്നു. ഹീറോ ISL എന്നും യുവ കളിക്കാർക്ക് ഒരു വലിയ തട്ടകം തന്നെയായിരുന്നു, എന്നിരുന്നാലും ഇത്തവണ അവരുടെ പ്രകടനങ്ങളുടെ നിലവാരത്തിൽ പ്രകടമായ ഉയർച്ച ഉണ്ടെന്നു തന്നെ പറയാം. ഈ കളിക്കാരെല്ലാം തന്നെ തങ്ങളുടെ പ്രകടനങ്ങൾ മെച്ചപ്പെടുത്തി മുൻനിരയിലേക്ക് വന്നിട്ടുണ്ട്, അതിനാൽ തന്നെ ഇത് വളരെ മികച്ച ഒന്നിന്റെ തുടക്കം ആണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. വളരെ മികച്ച ഏതാനും ചിലപ്പോൾ പ്രകടനങ്ങളിൽ 6 എണ്ണത്തെ കുറിച്ച് ഞാനിവിടെ കുറിക്കുന്നു.

ആഷിഖ് കുരുണിയൻ (FC പൂനെ സിറ്റി)

കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച ആഷിഖ് ഒരു മികച്ച കളിക്കാരൻ എന്ന നിലയിലേക്ക് പക്വത കൈവരിച്ചു എന്ന് തന്നെ നിങ്ങൾക്ക് പറയാനാകും. FC പൂനെ സിറ്റിക്ക് ഇത് നല്ല സീസൺ അല്ലെങ്കിലും ഈ താരം അവർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണെന്നതിൽ തർക്കമില്ല. മികച്ച വേഗതയും ശാരീരിക ക്ഷമതയും ഇരുകാലുകളും ഒരു പോലെ വഴങ്ങുന്നതും അദേഹത്തിന്റെ അനുഗ്രഹങ്ങളാണ്. എങ്കിലും അദ്ദേഹത്തെ തീർത്തും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് പന്തിനു മുകളിൽ ഉള്ള സംയമനവും ബുദ്ധിയും തന്നെയാണ്. ചിലർ പന്ത് ലഭിച്ചാൽ ഉടനെ തന്നെ പാസ് ചെയ്യാൻ നോക്കുന്നതും ചിലർ അത് കണക്ട് പോലും ചെയ്യാനാവാതെ ബുദ്ധിമുട്ടുന്നതും നമ്മൾ കാണാറുണ്ട്. എന്നാൽ ആഷിഖ് തന്റെ കാലിനടിയിൽ പന്ത് വന്നാൽ കാണിക്കുന്ന വ്യക്തിത്വവും ധൈര്യവും വ്യത്യസ്തമാണ്.

മിഖായേൽ സൂസൈരാജ് (ജാംഷെദ്പുർ FC)

ജാംഷെദ്പുർ ആരാധകർക്ക് ഈ പയ്യനെ കുറിച്ചു ഒരു ആമുഖത്തിന്റെ ആവശ്യമേയില്ല. പ്രയാസമുള്ളതും വേഗതയേറിയതും ആയ ഷോട്ടുകൾ കൊണ്ട് ബോക്സിനുള്ളിലേക്ക് കുതിക്കുന്ന അദ്ദേഹത്തിന്റെ കഴിവിൽ ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു മികച്ച വിങ്ങർ ആവാനുള്ള എല്ലാ സവിശേഷതയും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ഒതുക്കമുള്ളതും കൃത്യതയുള്ളതുമായ ചലനങ്ങൾ കൊണ്ട് മൂന്ന് തവണ ഗോൾ നേടാനായി എന്നതിൽ ഞാൻ ഒട്ടും അത്ഭുതപ്പെടുന്നില്ല. വരാനിരിക്കുന്ന വർഷങ്ങളിൽ എതിർ ടീമിന്റെ പ്രതിരോധനിരയ്ക്ക് ഒരു പേടിസ്വപ്നം തന്നെയായിരിക്കും ഇദ്ദേഹം.

കോമൾ തട്ടൽ (ATK)

വൈകി എത്തിയെങ്കിലും മികച്ച ഒരിടം തന്നെ ഈ പയ്യൻ നേടിയെടുത്തു. ബെംഗളൂരു FCയ്ക്കെതിരെ ആദ്യഗോൾ നേടിയതിനു പിന്നാലെ നാഷണൽ ടീം ക്യാമ്പിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ഏതായാലും ശരിക്കുമുള്ള മത്സരങ്ങൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ കാത്തിരിക്കുന്നേയുള്ളു. സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാനായാൽ തീർച്ചയായും ഇന്ത്യയുടെ അത്ഭുതബാലൻ ആയി അദ്ദേഹം മാറും എന്നത് തീർച്ച.

അനിരുദ്ധ് താപ (ചെന്നൈയിൻ FC)

ഇന്ത്യൻ ഫുട്ബാളിൽ ഒരു വാഗ്ദാനം തന്നെയാണ് ഈ ചെറുപ്പക്കാരൻ എന്ന് നിസ്സംശയം പറയാം. പത്താം നമ്പറിൽ ഇറങ്ങുന്നതിനു എന്തുകൊണ്ടും ഇദ്ദേഹം യോഗ്യൻ തന്നെയാണ്. ഷോട്ടുകൾ എടുക്കാനും പൊസിഷൻ നിലനിർത്താനും അദ്ദേഹം സ്ഥിരോൽസുകനാണ്. അറ്റാക്കിങ് തേർഡിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഏതാനും ചിലപ്പോൾ വര്ഷങ്ങളുടെ കൂടെ അനുഭവജ്ഞാനം ലഭിക്കുകയും ശാരീരിക ക്ഷമതയിൽ അൽപ്പം കൂടെ ശ്രദ്ധിക്കുകയും ചെയ്താൽ നിശ്ചയമായും രാജ്യത്തിന്റെ തന്നെ മികച്ച കളിക്കാരൻ ആവാൻ അദ്ദേഹത്തിനാവും.

മുഹമ്മദ് നവാസ് (FC ഗോവ)

ഞാൻ അദ്ദേഹത്തിന്റെ കളികൾ അധികം ഒന്നും കണ്ടിട്ടില്ലെങ്കിലും മികച്ച റിഫ്ലെക്സുകൾ ഉള്ള ഒരു താരം ആണെന്ന് കണ്ണടച്ച് പറയാൻ എനിക്കാവും. ഇന്ത്യൻ ഗോളികളിൽ കണ്ടുവരുന്ന ഒരു കുറവാണു കളിയെ വേണ്ട വിധത്തിൽ മനസിലാക്കാൻ ആവാതെ സഹകളിക്കാർക്ക് വേണ്ടുന്ന നിർദേശങ്ങൾ കൊടുക്കാൻ ആവാതെ വരുക എന്നത്. ഈ ഒരു കഴിവ് നേടാൻ അദ്ദേഹത്തിനായാൽ രാജ്യത്തിന്റെ മികച്ച ഗോളിയായി ഉയരങ്ങളിൽ എത്താൻ അദ്ദേഹത്തിനാവും.

സഹൽ അബ്ദുൽ സമദ് (കേരളാ ബ്ലാസ്റ്റേഴ്സ് FC)

ഈ സീസണിൽ എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച കളിക്കാരൻ സഹൽ ആണെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ആത്മവിശ്വാസം, പ്രചോദനം, കഠിനാധ്വാനം, ആക്രമണോൽസുകത, എന്നീ ഗുണങ്ങൾ അദ്ദേഹത്തിൽ പ്രകടമാണ്. ഹീറോ ISL ൽ മിഡ് ഫീൽഡിൽ സെൻട്രൽ ലൈനിൽ സ്ഥിരതയോടെ കളിക്കുന്ന ഏതാനും ചില ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് അദ്ദേഹം എന്നതുകൊണ്ട് തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് 11-ൽ ഇടം നേടാൻ അദ്ദേഹം എന്തുകൊണ്ടും അർഹനാണ്.